ആര്ക്കോ വേണ്ടി അണിഞ്ഞ കാഷായ വസ്ത്രം ആര്ത്തിയോടെ വലിച്ചെറിഞ്ഞു , ഭാഷപോലും വശമില്ലാത്ത ആ സ്ത്രീയെ ആലിംഗനം ചെയ്യുമ്പോള്‍ , ആത്മീയതയെ പറ്റി അയാള്‍ ഓര്‍ത്തില്ല. ആകെ സ്വന്തമായ , ഒരു തോല് സഞ്ചിയില്‍ അച്ഛന്റെ ചിതാഭസ്മം പട്ടില്‍ പൊതിഞ്ഞു നാടും വീടും ഉപേക്ഷിച്ചു, ദേശാടനത്തിനു ഇറങ്ങുമ്പോള്‍ , ഇതുപോലെ ഒരു സംഭവം വന്നു ചേരുമെന്നും അയാള് ഒരിക്കലും കരുതി കാണില്ല...
അച്ഛന്റെ ചടങ്ങുകള്‍ക്ക് കൊടുത്ത് മിച്ചം വന്ന മുന്നൂറു രൂപയും, ചില്ലറയും കൊണ്ട് ഇരിക്കുമ്പോള്‍ യാദ്രിശ്ചികമായി പണ്ടെങ്ങോ, അച്ഛന്‍ അമ്മയ്ക്ക് സമ്മാനിച്ച ഒരു മാലയുടെ ഒരു കഷ്ണം കിട്ടിയത്. ആത്മീയതയ്ക്ക് സ്വര്‍ണ്ണം അനിവാര്യം അല്ലാത്തത് കൊണ്ട്, വില്‍ ക്കാന്‍ തീരുമാനിച്ചു... അത് വിറ്റു കിട്ടിയ കുറച്ചു തുകയും, അടുത്ത വീട്ടിലെ, അച്ഛന്റെ സുഹൃത്ത്, ഉണ്ണികൃഷ്ണന്‍ സര്‍ നിര്‍ ബന്ധിച്ചു തന്ന കാശും കൂടി വയ്ച്ചു. "അച്ഛന് നിത്യ ശാന്തി കിട്ടണം.. " "....ഗംഗയില്‍ , ചിതാഭസ്മം ഒഴുക്കാം... അവിടെ അലഞ്ഞു നടന്നു ജീവിതം അവിടെ തന്നെ അവസാനിപ്പിക്കേണം... ' തിരികെ വരില്ല എന്ന് മനസ്സിനെ പറഞ്ഞു ഉറപ്പിച്ചു.
ആ രാത്രി ഒരു തുകല്‍ സഞ്ചിയില്‍ , ചിതാഭസ്മവും, കാശും കരുതി റെയില്‍ വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു... രണ്ടോ, മൂന്നോ ട്രെയിന്‍ കയറേണ്ടി വരും.. ഒന്നിനും വ്യക്തത കിട്ടുന്നില്ല... ഏതായാലും, മനസ്സിനെ തടയാന്‍ കഴിഞ്ഞില്ല. സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ട്രെയിനില്‍ കയറിപറ്റി... ഒരു സൈഡില്‍ ഇരുന്നു.. എന്തൊക്കെയോ ആലോചിച്ചു കൂട്ടി.. ' ഓല കുടിലിലെ ഇഴകള്‍ ക്ക് ഇടയില്‍ കൂടി കടന്നു വരുന്ന വെയിലില്‍ കളിയ്ക്കുന്ന ധൂളി പടലം പോലെ ആയിരുന്നു ആ മനസ്സ്..... ' എങ്ങും ഉറയ്ക്കുന്നില.. ഒന്നും നേടാനും ഇല്ല.. അത് ആ പ്രകാശത്തിനു ചുറ്റും എന്നത് പോലെ, നാട്ടു വഴികളിലൂടെ മനസ്സും കറങ്ങുകയാണ്... ട്രെയിന്‍ അനങ്ങി തുടങ്ങി.. മെല്ല വേഗത കൂടി... നല്ല കാറ്റ്.. തോളില്‍ കിടന്ന തുകല്‍ സഞ്ചി സൈഡിലേക്ക് നീക്കി വയ്ച് തല അതില്‍ ചെറുതായി ചാരി കിടന്നു... ഉറങ്ങുകയായിരുന്നു അയാല്‍ .. ലെക്ഷ്യം നഷ്ടപ്പെട്ടവനെ പോലെ...അയാള്‍ തന്റെ കുഞ്ഞ് വീടിനെ പറ്റി ഓര്‍ത്തു,... അച്ഛനെ ഓര്‍ത്തു.. ഓര്‍മ്മകളിലെ അവ്യക്തതയില്‍ നിന്നും അമ്മയെ ഓര്‍ത്തെടുത്തു. തന്നെ തിരിച്ചറിയാതെ പോയ പ്രണയിനിയെ ഓര്‍ത്തു... ഉണ്ണികൃഷ്ണന്‍ സാറിനെ ഓര്‍ത്തു. ആ കാഷായ വസ്ത്രധാരി, ലൌകിക ജീവിതം ഉപേക്ഷിക്കും മുന്‍പ്, എല്ലാം മറക്കുന്നതിനു മുന്‍പ് എല്ലാം ഒന്നുകൂടി ഓര്‍മിച്ചു മറക്കാന്‍ ആഗ്രഹിച്ചു.. അയാള്‍ നന്നായി ഉറങ്ങി.
ട്രെയിന്‍ കേരളം കടന്നുവേറെ എങ്ങോ എത്തിയിരിക്കുന്നു.. പരിചയം ഇല്ലാത്ത ഭാഷ.. എന്തായാല്‍ എന്ത്.. പിന്നെയും ഉറങ്ങാനയിരുന്നു അയാളുടെ തീരുമാനം.. തലക്കല്‍ ഉണ്ടായിരുന്ന സഞ്ചി തപ്പിയ അയാള്‍ ഞെട്ടി..., ചിതാഭസ്മം അടങ്ങിയ ബാഗ് നഷ്ടപെട്ടിരിക്കുന്നു.. കൈയ്യില്‍ ആകെ ഉണ്ടായിരുന്ന പതിനായിരം രൂപയും.. പുറത്തേക്ക ഇറങ്ങി ചുറ്റും നോക്കി.. എവിടേയ്ക്ക് പോകണം എന്ന് അറിയില്ല.. ആകെ ഒരു ശൂന്യത... അധികം അകലെ അല്ലാതെ, ഒരു കസേരയില്‍ നല്ലവനായ കള്ളന്‍ തന്റെ സഞ്ചി വയ്ചിരിക്കുന്നു... നല്ലവന്‍ .. അയാള്‍ സഞ്ചിയ്ക്ക് അടുത്തേയ്ക്ക് ഓടി. ചിതാഭസ്മം മാത്രം അതില്‍ കണ്ടെത്തി.. കാശ് നഷ്ടപ്പെട്ടിരിക്കുന്നു.
"അല്ലെങ്കില്‍ തന്നെ, ഇനി എന്തിനാണ് കാശ്.. ദൈവത്തില്‍ വിലയം പ്രാപിക്കുന്നവാന്‍ .. ലോക സത്യം തിരിച്ചറിയാന്‍ പോകുന്നവന് കാശോ..... ആത്മീയതയ്ക്ക് കാശോ " മനസ്സില്‍ മന്ദഹസ്സിച്ചു കൊണ്ട് അയാള്‍ പിറുപിറുത്തു...
ട്രെയിന്‍ നീങ്ങി തുടങ്ങിയിരിക്കുന്നു. വേഗം ആദ്യം കണ്ട കമ്പാര്‍ട്ട്മെന്റില്‍ കയറി കൂടി.. നേരം ഇരുട്ടി തുടങ്ങുന്നു.. ഒരിക്കല്‍ പോലും നഷ്ടപെട്ട കാശിനെ പറ്റി അയാള്‍ ചിന്തിച്ചില്ല.. വളരെ വിചിത്രം എന്ന് അയാള്‍ക്ക് തന്നെ തോന്നി.. പറഞ്ഞു പഠിപ്പിച്ചത്, ഹൃദയം ഏറ്റു പറഞ്ഞു തുടങ്ങിയിരിക്കുന്നു... മുഖത്ത് ചെറു പുഞ്ചിരി വന്നിരിക്കുന്നു. ആരും കാണാതെ പതുക്കെ അത് ഉള്ളില്‍ ഒതുക്കി വീണ്ടും മയങ്ങാന്‍ കിടന്നു...
ആരോ തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്... ടി ടി ആര്‍ .. ടിക്കറ്റ് എടുത്തിട്ടില്ല... എന്ത് പറഞ്ഞാലും കാര്യമില്ല... പെറ്റി ഫൈന്‍ കൊടുക്കാന്‍ കാശും ഇല്ല.. ടി ടി ആര്‍ ഉച്ചത്തില്‍ ചീത്ത പറയാന്‍ തുടങ്ങി.. ഭാഷ മനസ്സിലായില്ലെങ്കിലും, പറയുന്നത് തെറി ആണ് എന്ന് മറ്റുള്ളവരുടെ മുഖ ഭാവത്തില്‍ വ്യക്തം... തിരികെ പറയാന്‍ ഒന്നും അറിയില്ല.. ചിതാഭസ്മം എന്നതിന് ഇവരുടെ ഭാഷയില്‍ എന്ത് പറയും..? മുറി ഇംഗ്ലീഷില്‍ . അതും ഓര്‍മ്മ വരുന്നില്ല.. ഇംഗ്ലീഷ് സാര്‍ ഇങ്ങനെ ഒന്ന് പഠിപ്പിച്ചതായും ഓര്‍മ്മയില്ല... നാട്ടിലെ ബംഗാളികള്‍ പറഞ്ഞും അറിയില്ല... എങ്കില്‍ ഹിന്ദി പറഞ്ഞെങ്കിലും കാലു പിടിക്കാമായിരുന്നു...
ട്രെയിന്‍ സ്പീഡ് കുറഞ്ഞു വന്നു... സ്റ്റേഷന്‍ അല്ല.. എവിടെയോ ഔട്ടെറില്‍ ട്രെയിന്‍ സിഗ്നല്‍ കാത്തു കിടക്കുന്നത് ആയിരിക്കാം. വിജനമായ പ്രദേശം.സ്ഥലം എവിടെയാണെന്ന് അറിയില്ല. നല്ല ഇരുട്ടും... ടി ടി ആര്‍ കമ്പാർട്ട്മെന്റില്‍ നിന്നും വലിച്ചെടുത് പുറത്തേയ്ക്ക് അയാളെ കൊണ്ട് പോയി.. അപ്പോള്‍ മാത്രമാണ്, ആ ട്രെയിനില്‍ തിരക്ക് രൂക്ഷമാണെന്ന് അയാള്‍ അറിഞ്ഞത്.. തന്റെ സീറ്റ് ആരോ കൈയ്യടക്കിയിരിക്കുന്നു... അവര്ക്ക് അതില്‍ യാതൊരു പങ്കും ഇല്ല.. അയാള്‍ അന്ന് വരെ കരുതിയത്, മലയാളികള്‍ മാത്രമാണ് സ്വന്തം കാര്യം നോക്കുന്നത് എന്നാണ്.. ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു... ഭാഷ വ്യത്യാസം ഇല്ലാതെ, എല്ലാ നാട്ടിലും സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് കൂടുതല്‍ . അവിടെ നിലവിളിച്ചിട്ടോ കാര്യമില്ല.. ഇറങ്ങി നടക്കുകയെ രക്ഷയുള്ളൂ . പക്ഷെ...അയാള്‍ അന്ന് ആ കള്ള വണ്ടി കയറി എത്തിയത് എവിടെയാണ് എന്ന് അറിയാന്‍ പോലും അയാള്‍ക്ക് കഴിഞ്ഞില്ല... എങ്ങോട്ട് പോകും എന്നും അറിയില്ല.. ആ കൂരിരുട്ടില്‍ , ലക്‌ഷ്യം ഇല്ലാതെ, പകുതി മയങ്ങിയ ശരീരവും പേറി, ആ കാഷായ വസ്ത്രധാരി ഇരുളിനെ ഭേദിച്ചു നടന്നു....
വിശപ്പിന്റെ വിളി തുടങ്ങിയിരിക്കുന്നു... ട്രെയിനിനുള്ളില്‍ ഇരുന്ന് മയങ്ങിയപ്പോള്‍ വിശപ്പ് തീരെ അറിഞ്ഞില്ല... റെയില്‍വേ പാലം സമാന്തരമായി നീണ്ടു പോകുന്നു... എങ്ങും അവസാനിക്കും എന്ന് തോന്നുന്നില്ല... സമയത്തെ ശപിച്ചു ആ കാഷായ വസ്ത്രധാരി കൂരിരുട്ടില്‍ അലഞ്ഞു നടന്നു.. അടുത്തെങ്ങു വീട് ഉള്ളതായി തോന്നുന്നില്ല..." ഈ റെയില്‍വേ പാലത്തില്‍ , ആരോരും അറിയാതെ വിശന്നു വീണു മരിക്കാന്‍ ആയിരിക്കും വിധി.. " അയാള്‍ ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു.. ഒന്നിനെ പറ്റിയും ആഗ്രഹിക്കരുത്.. വരാന്‍ ഉള്ളത് വന്നു ഭവിക്കും.. ചിലപ്പോള്‍ ഇതായിരിക്കും ജീവിത സത്യം..
കുറച്ചകലെ ഒരു ചെറിയ പ്രകാശം വരുന്നു.. അയാള്‍ അതിനെ ലെക്ഷ്യമാക്കി നടന്നു.. ഒരു വീടിന്റെ പൂമുഖത്ത് റാന്തല്‍ കെട്ടി തൂക്കിയിരിക്കുന്നു.. ആശയുടെ ചെറു കിരണം അയാളില്‍ ഉദയം ചെയ്തു.. അവിടെ അങ്ങനെ ഒരു വീട് എവിടെ നിന്നും വന്നു എന്ന് അത്ഭുതമായി തോന്നി. ഏതോ നാടകത്തിനു വേണ്ടി സെറ്റ് ഇട്ടതു പോലെ ഒരു വീട് .. വിശപ്പ മദിച്ചു തുടങ്ങി.. ആ വാതിലില്‍ മുട്ടി വിളിച്ചു.. മറ്റൊന്നും ആലോചിച്ചില്ല.. അധികം താമസിക്കാതെ, സുന്ദരിയായ ഒരു തടിച്ച സ്ത്രീ വാതില്‍ തുറന്നു.. വല്ലാതെ വശ്യമായി അവര്‍ പുഞ്ചിരിക്കുന്നതായി അയാള്‍ക്ക് തോന്നി.. പരീക്ഷണം ആയിരിക്കും... അയാള്‍ കൈകള്‍ കൊണ്ട് ആംഗ്യ രൂപത്തില്‍ ഭക്ഷണം വേണം എന്ന് കാണിച്ചു.. അപ്പോഴും സുന്ദരിയുടെ കണ്ണുകള്‍ തുകല്‍ സഞ്ചിയെ ചുറ്റിപറ്റി നിന്നത് അയാള്‍ ശ്രദ്ധിച്ചു.
അയാളെ വീടിനു ഉള്ളിലേക്ക്ആ സുന്ദരി കൂട്ടിക്കൊണ്ടു വന്നു, ...കതക് അവള്‍ പൂട്ടി.. ഭക്ഷണം നല്‍കി, അടുത്ത ഇരുത്തി ഭാര്യയെ പോലെ അയാളെ അവള്‍ പരിചരിച്ചു.. ഒരിക്കലും ഒരു സ്ത്രീയില്‍ നിന്നും ലഭിക്കാത്ത സ്നേഹം.. ഓര്‍മ്മ വെച്ച കാലത്ത് അമ്മ ഇല്ലായിരുന്നു.. സ്നേഹിച്ച പെണ്‍കുട്ടിയ്ക്ക് പരിചരിക്കാന്‍ അവസരം ലഭിച്ചതും ഇല്ല.. അല്ലെങ്കില്‍ തന്നെ അവള്‍ക്ക് വേണ്ടിയിരുന്നത് ഒരു കാശ് കാരനെ ആയിരുന്നു..
സമയം പെട്ടെന്ന് നീങ്ങിയതായി തോന്നി... ഭാഷ സ്നേഹത്തിനു അതിര്‍ത്തി ഇടില്ല എന്നത് സത്യമാണ്.. അല്ലെങ്കില്‍ ഈ രാത്രി ഇങ്ങനെ..
വിശപ്പ് അടങ്ങി... ക്ഷീണവും.. അപ്പോള്‍ മാത്രമാണ് അവളുടെ ആ സുന്ദര ശരീരം അയാള്‍ ശ്രദ്ധിച്ചത്... ഇത്രേം സൌന്ദര്യമോ... അയാള്‍ക്ക് അത്ഭുതം തോന്നി.. അയാള്‍ വീട് ചുറ്റും കണ്ണോടിച്ചു നോക്കി.. എപ്പോഴും ആരെയോ പ്രതീക്ഷിക്കുന്ന ഒരു കട്ടില്‍ .. ചുവരില്‍ ചിത്രങ്ങള്‍ . നിലം നിറയെ കരി പുരണ്ട പാടുകള്‍ .. ഒരു കുഞ്ഞ് അടുത്ത മുറിയില്‍ കിടന്നു ഉറങ്ങുന്നു.. " ഭര്ത്താവ് എവിടെ പോയി " എന്ന് ചോദിച്ചു കൊണ്ട് ആംഗ്യ രൂപത്തില്‍ അയാള്‍ തിരക്കി... ഇല്ല എന്നാണോ, അതോ പോയി എന്നാണോ ഉദേശിച്ചത് എന്ന് അയാള്ക്ക് മനസ്സിലായില്ല...
അവളുടെ കണ്ണുകള്‍ തീഷ്ണമായി തോന്നി തുടങ്ങി... എന്തോ ഒരു വികാരം അയാളെ പൊതിഞ്ഞു.. പുരുഷ സഹജം .. പെട്ടെന്ന് അവള്‍ അയാളെ ചുറ്റി പിടിച്ചു . .. ആ ചൂട് അയാളെ കീഴ്പെടുത്തി.. എല്ലാം മറന്നു അയാളും.. ആര്‍ക്കോ വേണ്ടി അണിഞ്ഞ കാഷായ വസ്ത്രം ആര്ത്തിയോടെ വലിച്ചെറിഞ്ഞു , ഭാഷപോലും വശമില്ലാത്ത ആ സ്ത്രീയെ ആലിംഗനം ചെയ്യുമ്പോള്‍ , ആത്മീയതയെ പറ്റി അയാള്‍ ഓര്‍ത്തില്ല... നാടും വീടും ഉപേക്ഷിച്ചു, ദേശാടനത്തിനു ഇറങ്ങുമ്പോള്‍ , ലൗകിക ജീവിതം അവസാനിപ്പിച്ചു പോകുമ്പോള്‍ ഇതുപോലെ ഒരു സംഭവം വന്നു ചേരുമെന്നും അയാള് ഒരിക്കലും കരുതി കാണില്ല... മുറിക്കുള്ളിലെ റാന്തല്‍ തിരി കെട്ടു.. ആകെ ഇരുട്ട്.. ആ ചൂട് ഇരുവരെയും സ്ഥലകാല ബോധം കെടുത്തി..
പെട്ടെന്ന് കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങി..എന്തോ ബോധം വന്നത് പോലെ അയാള്‍ അവളെ തട്ടി മാറ്റി , കൈയ്യില്‍ തടഞ്ഞ തുകല്‍ സഞ്ചിയുമായി പുറത്തേക്ക് വേഗത്തില്‍ നടക്കാന്‍ തുടങ്ങി... കാറ്റില്‍ അലയുന്ന പട്ടം പോലെ.. ഇരുട്ട് മാറിയില്ല... പുറത്തെ റാന്തല്‍ ആരോ കെടുത്തിയിരിക്കുന്നു. ഇരുട്ടില്‍ അയാളുടെ നഗ്നത ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല... അയാള്‍ പോലും അത് മറന്നു... സമാന്തരമായ റെയില്‍വേ പാളങ്ങള്‍ അയാള്‍ക്ക് വഴികാട്ടി ആയെന്നു തോന്നി. അകലെ, കുഞ്ഞിന്റെ കരച്ചില്‍ ആ സ്ത്രീയുടെ ശകാരത്തിനു വഴിമാറി.. ആ ശബ്ദത്തില്‍ പാളത്തിലേക്ക് പാഞ്ഞു വന്ന ട്രെയിനിന്റെ ഹോണ്‍ അയാള്‍ കേട്ടില്ല !