Dr Maya Madhavan

പെണ്ണുങ്ങളേ വരൂ…. ശാസ്ത്രം നമുക്കും കൂടിയുള്ളതാണ്

ശാസ്ത്രത്തിലെ സ്ത്രീ സാന്നിധ്യം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്ന പദമാണ് മേരി ക്യൂറി. രണ്ട് പ്രാവശ്യം നൊബേല്‍ സമ്മാനിതയാവാനുള്ള അവസരം മേരി ക്യൂറിയ്ക്ക് ലഭിച്ചുവെങ്കിലും നാളിതേവരെ എത്ര സ്ത്രീകള്‍ നൊബേല്‍ സമ്മാനം നേടിയിട്ടുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? വെറും 53 സ്ത്രീകളാണ് ഈ പുരസ്‌കാരം ഇത് വരെ നേടിയിരിക്കുന്നത് . അതില്‍ തന്നെ ശാസ്ത്രവിഷയങ്ങളില്‍ ഇരുപത് പേര്‍ക്ക് മാത്രമാണ് നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ ഒരു സ്ഥിതിവിവരക്കണക്ക് മാത്രം മതി ശാസ്ത്രത്തിലെ ജന്‍ഡര്‍ എന്ന വിഷയത്തെ കുറിച്ച് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കാന്‍.


download


2015 ഡിസംബര്‍ 22 ന് പാസാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് ഫെബ്രുവരി 11 എന്നത് ശാസ്ത്രത്തില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പങ്ക് ഓര്‍മിപ്പിക്കുന്ന ദിനമായി യുണൈറ്റഡ് നേഷന്‍സ് ആചരിക്കാന്‍ തുടങ്ങിയത്. പരിസ്ഥിതി ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചയ്ക്ക് ശാസ്ത്രം സ്ത്രീകളില്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യമാണ് ഈ വര്ഷത്തെ വിഷയം . സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുക, അവര്‍ക്ക് തുല്യപ്രാപ്തി നല്‍കുക, ശാസ്ത്രം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുക എന്നിവയിലൂടെയാണ് ഈ ലക്ഷ്യത്തിലെത്താന്‍ UN ആഹ്വാനം ചെയ്യുന്നത് .


feb 11 - Copy


യുനെസ്‌കോയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള ഗവേഷകരില്‍ മുപ്പത് ശതമാനത്തില്‍ താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തം. ഇന്ത്യയിലെത്തുമ്പോള്‍ ഇത് പതിനഞ്ച് ശതമാനമായി കുറയുന്നുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തെത്തുന്ന പെണ്‍കുട്ടികളില്‍ ശാസ്ത്രമേഖലയില്‍ എത്തുന്നവരുടെ അനുപാതം മൂന്നിലൊന്ന് മാത്രമാണ്. അതില്‍ തന്നെ ചില വിഷയങ്ങളിലെ നിരക്ക് ശോചനീയമാണ് ; ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (3 %), ബയോളജി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ് (5 %), എഞ്ചിനീറിങ് , കണ്‍സ്ട്രക്ഷന്‍ (8 %).
ഈ കണക്കുകളില്‍ മുഴച്ചു നില്‍ക്കുന്ന അസമാനതകള്‍ക്ക് കാരണം തേടി ഇറങ്ങുമ്പോള്‍ ചെന്ന് നില്‍ക്കുന്നത് ജന്‍ഡര്‍ മുന്‍വിധികളില്‍ തന്നെയാണ്. വിദേശസര്‍വകലാശാലകളില്‍ ഉള്‍പ്പെടെ സ്ത്രീകളുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ പല തരത്തിലുള്ള വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാവുന്നു എന്നതാണ്. ശാസ്ത്രം, അതില്‍ തന്നെ ചില പ്രത്യേക വിഷയങ്ങള്‍, ബുദ്ധിശക്തി കൂടുതല്‍ വേണ്ടതാണെന്നും അവയൊന്നും പെണ്ണിന് വഴങ്ങില്ലെന്നും ഉള്ള അബദ്ധ ധാരണകള്‍ എല്ലാ നാട്ടിലും സംസ്കാരത്തിലും പ്രചുരപ്രചാരത്തില്‍ ഉണ്ട്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കായി മാത്രമായുള്ള പ്രശസ്ത കോളേജുകളില്‍ ഭൂരിഭാഗവും ശാസ്ത്രത്തെക്കാളും ആര്‍ട്സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്
പ്രാതിനിധ്യം, ശമ്പളം, അംഗീകാരം എന്നീ ഘടകങ്ങളില്‍ പുരുഷനെക്കാള്‍ വളരെ അധികം താഴെയാണ് ശാസ്ത്രവിഷയങ്ങളിലെത്തി ചേരുന്ന സ്ത്രീയുടെ അവസ്ഥ . 2009ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട് പ്രകാരം, നാഷണല്‍ സയന്‍സ് അക്കാഡമി ഫെലോഷിപ്പുകളില്‍ 3.4 ശതമാനം മാത്രമാണ് സ്ത്രീകള്‍ നേടിയിട്ടുള്ളത് . പുരുഷകേന്ദ്രീകൃതമായ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ പൊതുമേഖലയിലെ ശാസ്ത്രഗവേഷണമേഖലയില്‍ എത്രത്തോളം സ്ത്രീവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആ റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.


download (1)


ജോലി -കുടുംബം എന്ന ഇരട്ടഭാരത്തില്‍ കുടുങ്ങിക്കിടക്കാന്‍ സ്വതവേ സമൂഹം ക്രമീകരിച്ചു വച്ചിരിക്കുന്നതാണ് പെണ്ണും അവളുടെ തീരുമാനങ്ങളും. വിവാഹം, പ്രസവം, ശിശുസംരക്ഷണം, രോഗികളായ മാതാപിതാക്കളുടെ സംരക്ഷണം തുടങ്ങി കുടുംബത്തിലെ എന്തെങ്കിലും കാരണങ്ങള്‍ മൂലം മുടങ്ങിപ്പോയ ശാസ്ത്രവഴിയില്‍ തിരികെയെത്താനും അവള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. പുരുഷാധിപത്യമുള്ള തൊഴില്‍ പരിസരങ്ങളും ചുറ്റിലും നടമാടുന്ന ജന്‍ഡര്‍ ഇന്‍സെന്സിറ്റിവിറ്റിയും അവളെ വീണ്ടും ഈ മേഖലയുടെ ചവിട്ടുപടികള്‍ കയറുന്നതില്‍ നിന്ന് തടയുന്നു.


download (2)


ചില തൊഴിലുകള്‍ക്ക്, അല്ലെങ്കില്‍ മേഖലകള്‍ക്ക്, സ്ത്രീകള്‍ യോജിച്ചവരല്ല എന്നും അതിന്റെ കാരണങ്ങള്‍ ആണിന്റെയും പെണ്ണിന്റെയും തലച്ചോറില്‍ സ്ഥിതി ചെയ്യുന്നു എന്നുമുള്ള ന്യൂറോസെക്സിസ്റ്റ് തിയറികള്‍ തള്ളിക്കളഞ്ഞു ജീന റിപ്പണ്‍ തന്റെ “ജെന്‍ഡേര്‍ഡ്‌ ബ്രെയിന്‍ ” എന്ന പുസ്തകത്തില്‍ പറഞ്ഞത് പോലെ “ജന്‍ഡര്‍വത്കരിക്കപ്പെട്ട ലോകമാണ് ജന്‍ഡര്‍ ബ്രെയിനുകള്‍ക്ക് കാരണം” എന്ന സിദ്ധാന്തത്തോട് നമുക്ക് ഐക്യപ്പെടാം . ലോകമെമ്പാടും സ്ത്രീകള്‍ കൂടുതല്‍ നടക്കുന്ന ശാസ്ത്രവഴികള്‍ ഉണ്ടാകുമെന്നും ആണും പെണ്ണും കൈകോര്‍ത്ത് പിടിച്ച് സുസ്ഥിരവളര്‍ച്ചയ്ക്ക് വഴി തെളിക്കുമെന്നും പ്രതീക്ഷിക്കാം