Dileep Malayalapuzha

അതിരുകളില്ലാത്ത പ്രപഞ്ചത്തിൻെറ അതിരുകളോളം

Dileep Malayalappuzha

അതിരുകളില്ലാത്ത പ്രപഞ്ചത്തിന്റെ ‘അതിരുക’ളിലേക്കുള്ള ഗവേഷണയാത്രയായിരുന്നു പ്രഫ താണു പത്‌മനാഭന്റെ ജീവിതം. ‘കണികകളാൽ രൂപപ്പെട്ടതാണ്‌ സ്‌പേയ്‌സ്‌. എന്നാൽ ഇത്‌ എങ്ങനെ സ്ഥിരീകരിക്കും എന്നതാണ്‌ ഞാൻ സ്വയം ചോദിക്കുന്ന ചോദ്യം.....’ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌. പ്രപഞ്ചത്തെ പറ്റിയുള്ള മനുഷ്യന്റെ അറിവിന്റെ പരിമിതിക്കൊപ്പം, ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്താനായി ഊളിയിട്ടും അദ്ദേഹം മുന്നേറി. ലോക പ്രശസ്‌തനായ ഭൗതിക ശാസ്‌ത്രജ്‌ഞൻ, ശാസ്‌ത്ര പ്രചാരകൻ, അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, പുരോഗമന വാദി, മനുഷ്യ സ്‌നേഹി.

തിരുവനന്തപുരം നഗരത്തിനടുത്തെ കരമനയിൽ നിന്ന്‌ പ്രപഞ്ച ശാസ്‌ത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ വഴികൾ കഠിനാധ്വാനത്തിന്റേതായിരുന്നു. പ്രപഞ്ച ഉത്‌പത്തി, ഗ്രാവിറ്റി, ബ്ലാക്ക്‌ഹോളുകൾ, ഗ്യാലക്‌സികൾ, കാലം, സമയം തുടങ്ങി എണ്ണ മറ്റ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവും ഗവേഷണങ്ങളും സിദ്ധാന്തങ്ങളും ശാസ്‌ത്രലോകത്ത്‌ വഴിത്തിരിവായി. തീയററ്റിക്കൽ ഫിസിക്‌സിൽ ലോകത്തെ ഇരുപത്തഞ്ചു ശാസ്‌ത്രജ്‌ഞരിൽ പ്രമുഖനായിരുന്നു അദ്ദേഹം. പ്രപഞ്ചത്തിന്റെ നിലനിൽപ്പും ഗ്രാവിറ്റിയും തമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായ വിലയിരുത്തിയ അദ്ദേഹം തന്റേതായ ഒരു പാത കൂടി വെട്ടിത്തുറന്നു. ഗ്രാവിറ്റിയെ പറ്റി പുരോഗമി്ക്കുന്ന ഗവേഷണങ്ങൾക്ക്‌ ഇവ വഴികാട്ടിയാകുന്നു എന്നതും പ്രത്യേകത. ഈ വിഷയത്തിൽ ഐസക്ക്‌ ന്യൂട്ടന്റേയും ഐൻസ്‌റ്റിന്റേയും കണ്ടെത്തലുകൾക്ക്‌ തുടർച്ചയും പുതുമയും സൃഷ്ടിച്ചു അദ്ദേഹം. ഇരുവരുടേയും സിദ്ധാന്തങ്ങളോട്‌ തർക്കിച്ചും കലഹിച്ചും സഹകരിച്ചുമാണ്‌ താണുപത്‌മനാഭൻ തന്റെ ഗവേഷണങ്ങൾ മുന്നോട്ടു കൊണ്ടു പോയത്‌. പ്രപഞ്ച വിശദീകരണ ശാസ്‌ത്ര ഗവേഷണ രംഗത്തെ അതികായനായ അദ്ദേഹം . തീയററ്റിക്കൽ ഫിസിക്‌സ്‌ എന്ന പുസ്‌തകമാണ്‌ അദ്ദേഹത്തെ ലോ ശ്രദ്ധയിലേക്ക്‌ എത്തിച്ചത്‌. എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രുമഖ സംഭാവന. ദീർഘകാലമായി പൂനെയിലെ പ്രസിദ്ധമായ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൻറെ (അയൂക്കാ)ഭാഗമായിരുന്നു. അഞ്ഞൂറോളം പ്രബന്ധങ്ങൾ, ഇരുപതിലധികം പുസ്‌തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്‌. 

ydwsrwtqwfCre2v6KPpJcn

യൂണിവേഴ്‌സിറ്റി കോളജിന്റെ സ്വന്തം

ഒരു ശാസ്ത്രജ്‌ഞനും പുരോഗമന വാദിയുമായി തന്നെ വളർത്തിയത്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജായിരുന്നുവെന്ന്‌ പ്രഫ താണു പത്‌മനാഭൻ പറഞ്ഞിട്ടുണ്ട്‌. ബിഎസ്‌സിക്കും എംഎസ്‌സിക്കും ഇവിടെയായിരുന്നു പഠനം. യൂണിവേഴ്‌സിറ്റി കോളജിനോടു വല്ലാത്തൊരു അഭിനിവേശമായിരുന്നു അദ്ദേഹത്തിന്‌. ഭൗതികശാസ്‌ത്ര ഗവേഷണങ്ങളിലേക്ക്‌ വഴി തിരിയാൻ കോളജിന്റെ അന്തരീക്ഷമാണ്‌ പ്രേരിപ്പിച്ചത്‌. അധ്യാപകരും സഹപാഠികളുമെല്ലാം പങ്ക്‌ വഹിച്ചു. ഭൗതിക ശാസ്‌ത്രത്തിൽ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ്‌ അധ്യാപകർ അന്നേ ശ്രദ്ധിച്ചിരുന്നു. ക്ലാസിലിരുന്നു സമയം കളയാതെ ലൈബ്രറിയിൽ പോയി വായിച്ചു വളരാൻ ഉപദേശിച്ചു അധ്യാപകർ. ‘കടുകട്ടൻ’ ക്വാണ്ടം തിയറിയിലുള്ള അപാരമായ അദ്ദേഹത്തെിന്റെ അറിവ്‌ ‘ക്വാണ്ടം സ്വാമി’ എന്ന വിളിപ്പേര്‌ ഇവിടെ വച്ച്‌ ലഭിക്കാനും കാരണമായി !

UNIVERSITYCOLLEGE
ബിഎസ്‌സിക്ക്‌ പഠിക്കുമ്പോൾ തന്നെ സുഹൃത്തുക്കാളായ എംഎസ്‌സിക്കാർക്ക്‌ ക്ലാസെടുക്കുമായിരുന്നു. ലളിതമായി ഭൗതിക ശാസ്‌ത്ര തീയറികൾ വിശദീകരിക്കാൻ അദ്ദേഹത്തിന്‌ കഴിയുമായിരുന്നു. ബിഎസ്‌സി ക്ക്‌ ആദ്യ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. ഗ്രാവിററി വേവ്‌സും ഇലക്‌ടോണിക്ക്‌ മാഗ്‌നറ്റിക്‌ വേവ്‌സും തമ്മിലുള്ള പരസ്‌പര ബന്ധം ഗണിതശാസ്‌ത്ര പിൻബലത്തിൽ വിശദീകരിക്കുന്നതായിരുന്നു ഇത്‌. ഇന്ത്യൻ അക്കാദമി ഓഫ്‌ സയൻസ്‌ ജേണലിൽ പിന്നീടിത്‌ പ്രസിദ്ധീകരിച്ചു. ബിഎസ്‌സിക്കും എംഎസ്‌സിക്കും ഉയർന്ന മാർക്കോടെയാണ്‌ അദ്ദേഹം വിജയിച്ചത്‌. 2017 ഫെബ്രുവരിൽ യൂണിവേഴ്‌സിററി കോളജിന്റെ ജുബിലിയാഘോഷത്തിന്‌ എത്തിയ അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കു വച്ചിരുന്നു. ശാസ്‌ത്രാവബോധവും പുരോഗമന ആശയങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. യുവ തലമുറശാസ്‌ത്രഗവേഷണ രംഗത്തേക്ക്‌ കൂടുതൽ കടന്നു വരണമെന്നുംേ അദ്ദേഹം പറഞ്ഞിരുന്നു.


ചെറുപ്പത്തിൽ ഗണിത ശാസ്‌ത്രം

download (2)

ഗണിത ശാസ്‌ത്രത്തോടും പ്രപഞ്ച ശാസ്‌ത്രത്തോടും ചെറുപ്പം മുതൽക്കേ അദ്ദേഹത്തിന്‌ അടുപ്പം തോന്നിയിരുന്നു. ഗണിതശാസ്‌ത്രത്തിൽ അഛൻ താണു അയ്യരുടെ സ്വാധീനം വളരെ വലുതായിരുന്നു. പ്രചീന ഗണിത ശാസ്‌ത്ര ഗ്രന്ഥമായ ‘യുക്തിഭാഷ’ അഛൻ വായിക്കാൻ നൽകിയതും വഴിത്തിരിവായി. ബന്ധു നീലകണ്‌ഠ ശർമ ശാസ്‌ത്രത്തിന്റെ പ്രധാന്യം നിരന്തരം ബോധ്യപ്പെടുത്തി. ചെറുപ്പത്തിൽ ശാസ്‌ത്രീയ സംഗീതം പഠിക്കാൻ ശ്രമിച്ച്‌ പരാജയപ്പെട്ട കാര്യം ചിരിയോടെയാണ്‌ താണുപത്‌മനാഭൻ പറഞ്ഞിട്ടുള്ളത്‌. ശാസ്‌ത്രീയ സംഗീതം നന്നായി അറിയാമായിരുന്ന അമ്മ ലക്ഷ്‌മിയായിരുന്നു ഗുരു. രണ്ടു മാസം കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു ‘കുട്ടീ നിനക്കിത്‌ വഴങ്ങില്ല..’ അതോടെ സംഗീത പഠനം അവിടെ അവസാനിച്ചു. തിരുവനന്തപുരം ആർട്ട്‌സ്‌ കോളജിൽ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോൾ തന്നെ ശാസ്‌ത്ര സംഘടനകളുമായി ബന്ധപ്പെട്ടു തുടങ്ങിയിരുന്നു താണു പത്‌മനാഭൻ. ട്രിവാൻൻട്രം സയൻസ്‌ സൊസൈറ്റിയുമായുള്ള ബന്ധം ഭൗതികശാസ്ത്രത്തിലേക്കുള്ള ഊട്ടി ഉറപ്പിച്ചു.