Sumithra K V

നിനക്കാരല്ല ഞാന്‍ ...?

ഞാന്‍ നിനക്കാരെന്ന്

തിരയുമ്പോഴാണ് ,

നിനക്കാരല്ലന്ന്

ഞാനറിയുന്നത് ..

 

നിനക്കാരെല്ലാമാണെന്നഹന്തയുടെ

കൊടി , പഴയൊരു പായ്കപ്പലിന്‍

മേല്‍കൂരയില്‍

പാറിച്ചാഘോഷിച്ചതെയുള്ളൂ ഞാന്‍ .

 

കൊടി മരത്തണലില്‍

പിച്ചകം നട്ടതും

പൂപ്പരത്തിയിലയില്‍

കഞ്ഞിയൂറ്റിയതും

ഉറുമ്പരിച്ചു കുറുകുറെ

തരിപ്പുണ്ടായതു -

മവിടെയെല്ലാം

ഉമ്മവെച്ചുമ്മവെച്ച്

മലര്‍ക്കേ പടര്‍ന്നു

കയറിയതും

എപ്പോഴെന്നെ

നിനക്കാരല്ലാതാക്കിയില്ലാ ..

 

അടുപ്പങ്ങള്‍ക്കകലം

കൂട്ടുമെന്ന് ഭയന്നിട്ടോ ,

അകലങ്ങള്‍ , വേദനയിറ്റുമ്പോള്‍

തീ കടയുന്നപോലൊരാളല്‍

അടുപ്പാകുമടുപ്പമെന്നോ ..

 

ഇല്ല, ഒരിക്കല്‍ പോലുമാ-

ഭിത്തിയിലിളക്കം

വരുത്തരുതെന്ന മറുപടിയില്‍ ,

കാലം വരച്ച മണ്‍ഭിത്തി

പോലെയായി ഞാന്‍ ..

 

വരരുതൊരിക്കലുമാ

പൂപ്പരത്തിച്ചില്ലയില്‍

പിച്ചകമണത്തില്‍

ഉറുമ്പായും തരിയായും

കുളിരായൊന്നുമൊരിക്കലും...

 

കല്ലറയില്‍ പെട്ടുപോയ സൂര്യോദയം ..

കാണേക്കാണേ മറഞ്ഞകന്ന യുഗാന്തരം..

ഇരുള്‍കീറിയൊരിക്കലും

കിരണമേല്‍ക്കരുതെന്നില്‍ ,

ഞാന്‍ നിനക്കാരുമല്ലേ ...