M Jeevesh

മരത്തേക്കാള്‍...
മനുഷ്യരെ
കേള്‍ക്കുന്നതിനേക്കാള്‍
ഭംഗിയാണ്
മരത്തെ കേള്‍ക്കുന്നത്;
ഇലകള്‍കൊണ്ട്
പൂവുകള്‍ കൊണ്ട്
വേരുകള്‍ കൊണ്ട്
അതിങ്ങനെ സംസാരിക്കും
മൗനത്താല്‍മൂടും
ചിലപ്പോള്‍
എന്നിട്ടും
നാമതിനെ
കൊന്നുകൊണ്ടേയിരിക്കുന്നു...

മനുഷ്യരെ കാണുന്നതിനേക്കാള്‍
ഭംഗിയുണ്ട്
മരത്തെ കാണുമ്പോള്‍
ശിഖരങ്ങളില്‍
ചിത്രങ്ങള്‍ വരഞ്ഞ്
കായ്കളില്‍
പച്ച നിറച്ച്
അങ്ങനെയങ്ങനെ
എന്നിട്ടും
നാമതിനെ കൊന്നുകൊണ്ടേയിരിക്കുന്നു...

മനുഷ്യരെ
സ്പര്‍ശിക്കുന്നതിനേക്കാള്‍
രസമുണ്ട്
മരത്തെ തൊടുമ്പോള്‍
മുറിഞ്ഞ ഉടലെല്ലാം
മൂടിവെച്ചു
വേദനയുടെ
രഹസ്യങ്ങളെ ഒളിപ്പിച്ചു
എന്നിട്ടും
നാമതിനെ
കൊന്നുകൊണ്ടേയിരിക്കുന്നു...

മനുഷ്യരുടെ
ഗന്ധത്തേക്കാള്‍
മത്തുപിടിപ്പിക്കും
മരങ്ങളുടേത്
ഒരു അത്തറും
പൂശില്ല
വിയര്‍ക്കില്ല
ഒരു വെയിലിലും
ഉള്ളിലെ ഗന്ധത്തെ
നാസാദ്വാരത്തിലേക്ക്
കടത്തിവിടും
എന്നിട്ടും
നാമതിനെ
കൊന്നുകൊണ്ടേയിരിക്കുന്നു...

മനുഷ്യരേക്കാള്‍
രുചിയുണ്ട്
ഇലകള്‍ക്ക്
പൂവുകള്‍ക്ക്
കായ്കള്‍ക്ക്
വേരുകള്‍ക്ക്
ശിഖരങ്ങള്‍ക്ക്
അങ്ങനെയങ്ങനെ
എന്നിട്ടും
നാമതിനെ
കൊന്നുകൊണ്ടേയിരിക്കുന്നു...

മരത്തേക്കാള്‍
ഭംഗിയുള്ള
മനുഷ്യരുണ്ടോ
എങ്കില്‍
ഞാനതിനെ
നട്ടുപിടിപ്പിക്കുമായിരുന്നു
കാലങ്ങളോളം....