Gopakumar Pookkottur

ഉഷ്ണം ഉഷ്ണേന ശാന്തി

പകലും രാത്രിയും

ഒരുപോലെ ചുട്ടുപഴുക്കുന്ന കാലമാണ്.

 

വെയിലേറ്റുവാടാന്‍

തീയില്‍ കുരുത്തതുമാത്രമാണ്

ഇനി ശേഷിക്കുന്നത്.

 

'ഉഷ്ണം ഉഷ്ണേ ന ശാന്തി :'

ആശ്വസിക്കാം നമുക്ക്

കുടിനീര് വറ്റും നാള്‍വരെ...

 

ഓര്‍ക്കുക...

നമ്മുടെ ശ്വാസകോശത്തില്‍

വിഷപ്പുക തിന്നതിന്‍

അര്‍ബുദപ്പാടെങ്കില്‍...

ഭൂമിയുടേതില്‍

നാം മഴുകൊണ്ട് കോറിയിട്ട

മുറിപ്പാടാണ്.

 

വേലിക്കരികില്‍

മുറിച്ചിട്ട

മുത്തശ്ശിമരത്തിന്‍

വാര്‍ഷികവലയമെണ്ണി

ചിതയൊരുക്കാം ധരിത്രിക്ക്.

 

കാലം തെറ്റി;

കോലവും മാറി .

ഇനിവരും പെരുമഴ;

പ്രളയം, പേമാരി, കൊടുങ്കാറ്റ്...

ഉരുള്‍പൊട്ടും,

കുലംകുത്തിയൊഴുകും സര്‍വ്വതും.