Indulekha R

താഴിട്ട കാഴ്ചകൾ

Indulekha R
അവർ -
നാല്കാലികൾ
ഇരുകാലികളില്ലാത്ത ,
തെരുവിന്നോരം ചേരാതെ
പ്രഭാതസവാരിക്കിറങ്ങി.

തെളിനീല വാനിൽ
സല്ലപിച്ച പറവകൾ,
കാവൽ കണ്ണില്ലാത്ത
ചാവു വെള്ളം മുങ്ങാ
കനി നുണഞ്ഞു .

ചീറിപായാത്ത ,
അലറാത്ത വീഥിയിൽ
അവർ ആദ്യമായ്
നടന്നു ,അതിശയത്തോടെ.
.
മണ്ണിനെ പുൽകിയ പുതുമഴയിൽ
കുളിരാർന്ന മുകുളങ്ങൾ
പുഞ്ചിരിയോടെ
നറുമണം പരത്തി.

നക്ഷത്ര തീൻമേശയിൽ
സല്ലാപ കാഴ്ചകളില്ലാഞ്ഞ്
കുഞ്ഞു വെളിച്ചം മയങ്ങി ,
ഉറക്കമാണ്ട അടുക്കള
ഞെട്ടിയുണർന്നു .

ആകുലതയകറ്റാൻ
ആഴികൾ താണ്ടിയോർ
അമ്മയാണുന്മയെന്ന്
ആകുലപ്പെട്ടു.

ഐക്യദീപമേന്തും കൈകൾ വഴിയടയ്ക്കാൻ മണ്ണുമാന്തി ,
പശിക്ക് വഴിതേടി തളർന്നവർ
വഴി കാണാതിടറി വീണു .

അധിപന്റെ ആശങ്കയിൽ,
ലോകം തകർക്കേണ്ട
അണ്വായുധങ്ങളും,
ലോഭമില്ലാതെ കൂട്ടിയിട്ട
വെള്ളിനാണയങ്ങളും പല്ലിളിച്ചു .

അപ്പോഴും നായ്ക്കൾ കുരച്ചു ,
ആരുമവരെ കല്ലെറിഞ്ഞില്ല,
തല്ലിയോടിച്ചില്ല ....
തല്ലിയോടിച്ചതും,
താഴിട്ടടച്ചതും,
അവനെയായിരുന്നു....
ഏകാധിപനായ അവനെ മാത്രം ....