Suja Bharathy

സദാചാരക്കമ്മിറ്റിക്കാര്‍ ഹാജരുണ്ടോ !

ഇന്ത്യയുടെ വിശേഷിച്ച് കേരളത്തിന്റെ സദാചാരവുമായി ബന്ധപ്പെട്ട ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.അത് സംവാദങ്ങള്‍ക്കോ ഇളക്കിപ്രതിഷ്ഠകള്‍ക്കോ വിധേയമാകാന്‍ തയ്യാറുള്ള ഒന്നല്താനും.സദാചാര ബോധം നിയമത്തെയും ഭരണ സംവിധാനത്തെയപ്പാടെയും ഭരിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ബദല്‍ ഊര്‍ജ്ജ സാധ്യതകളെന്നത് കട്ടുമുടിക്കാന്‍ വേണ്ടിയുള്ളവയാണെന്ന തരമൊരു തെറ്റായ പ്രചരണം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇടപെട്ട് നടത്തിയ സോളാര്‍ കുംഭകോണം നടന്നപ്പോള്‍ അതിനെ രാഷ്ട്രീയപമായി നേരിടാതെ കേരളം മുഴുവന്‍ ഉറ്റുനോക്കിയതും മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചതും അതിലുള്‍പ്പെട്ട സ്ത്രീകള്‍ക്ക് വന്ന ഫോണ്‍ കോള്‍സിനെക്കുറിച്ചായിരുന്നു.ആരെല്ലാം , എപ്പോഴെല്ലാം , എവിടെ വച്ച് ....എന്നിങ്ങനെ പോയ ഇത്തരം വേവലാതികളൊന്നും തന്നെ പുരുഷ പ്രതികളെക്കുറിച്ച് ഉണ്ടായിരുന്നില്ല എന്നത് മലയാളിയുടെ സദാചാര ബോധത്തെയാണ് വെളിവാക്കുന്നത്.

മലയാളികളുടെ ലൈംഗിക അരാജകത്വം എത്രമാത്രം ഭീകരമാണെന്ന് ക്രത്യമായി മനസിലാക്കണമെങ്കില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വരുന്ന പോസ്റ്റുകളും കമന്റുകളും മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.സ്ത്രീപുരുഷന്മാര്‍ വിവാഹാടയാഭരണങ്ങളോടല്ലാതെ ഒരുമിച്ചിരിക്കുന്നതോ സഞ്ചരിക്കുന്നതോ ചുംബിക്കുന്നതോ എല്ലാമായ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്‌താല്‍ , അവര്‍ തമ്മിലുള്ള സെക്സിനെക്കുറിച്ചാകും അഭിപ്പ്രായങ്ങളേറെയും. അവിടെയും പെണ്ണിനെ ക്കുറിച്ചാണ് എല്ലാവര്‍ക്കും വേവലാതി.ഇതിവനെവിടെന്നോ ഒപ്പിച്ചുകൊണ്ടു വന്ന ഒരു സെറ്റപ്പല്ലേ എന്നൊരു ഭാവവും ചര്‍ച്ചയില്‍ പെണ്ണും സജീവമായി പങ്കെടുത്താലോ ആര്‍ക്കും കയറി നിരങ്ങാവുന്ന തരത്തിലൊരു ‘ചരക്കാക്കി’ മാറ്റാന്‍ വലിയ ശ്രമവും.ഈ നിലയിലാണ് പിന്നീട് പെണ്ണിന് നേരെയുള്ള നോട്ടങ്ങള്‍ വരുന്നത്.

ക്രമസമാധാന പരിപാലകരായ ? പോലീസുകാരുടെ ഇപോഴത്തെ ഡ്യൂട്ടി നഗരത്തിലെ പാര്‍ക്കുകളും ബീച്ചുകളും കയറിയിറങ്ങി പ്രണയിനികളെ പിടികൂടി പരസ്യ വിചാരണയ്ക്ക് വിധേയമാക്കുകയും അവരെ മര്യാദ പഠിപ്പിക്കുന്നതിന്റെ ഭാഗമായി മര്‍ദ്ദിച്ചവശരാക്കി വീട്ടുകാരെ വിളിച്ചു വരുത്തി നല്ല കുട്ടിയാക്കി മടക്കി നല്കുകയും ചെയ്യുക എന്നതാണ്.ഞങ്ങള്‍ സ്ത്രീകള്‍ രാത്രികളില്‍ ഒറ്റയ്ക്ക് ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ രക്ഷകരായി റോന്തു ചുറ്റുന്ന പോലീസുകാര്‍ വരും.'ഈ നേരത്ത് എവിടെ പോയിരുന്നു? എന്തിനു പോയി? കൂടെ ആരെങ്കിലുമുണ്ടായിരുന്നോ? അവരെന്നിട്ടെങ്ങോട്ടു പോയി? വീട്ടില്‍ പറഞ്ഞിട്ടാണോ പോന്നത്? 'എന്ന് തുടങ്ങി ഉപദേശഭണ്ടാരം തുറക്കും.രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ ഏതൊരാളാലും ബലാല്‍ഭോഗം ചെയ്യപ്പെടാന്‍ ബാദ്ധ്യസ്ഥയാണ് എന്ന് വിശ്വസിക്കുന്ന ഡല്‍ഹി പോലീസിനേക്കാള്‍ ഒട്ടും പിന്നിലല്ല കേരള പോലീസ് എന്ന് അപ്പോള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ നേരിട്ട് മനസിലാക്കും.

ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ റിപപബ്ലിക്കില്‍ ? ഞങ്ങള്‍ എന്നും ഒരു രണ്ടാംകിടക്കാരാണെന്ന സന്ദേശം ചുറ്റും കൂടുന്നവര്‍ക്ക് ഈ നിയമ പാലകര്‍ ഒരു ലൈസന്‍സ് ആയി കൊടുക്കും.പിന്നെ പോലീസില്ലാത്തപ്പോള്‍ തങ്ങള്‍ക്കു തോന്നിയപാട് ഇടപെടെണ്ടതും ഞങ്ങളെ നേരെ നടത്തേണ്ടതും ഈ സദാചാര പോലീസുകാരുടെ കടമയാണല്ലോ. ഈയവസരത്തില്‍ ലൈംഗിക തൊഴിലാളിയായ നളിനി ജമീലയുടെ വാക്കുകള ഓര്‍ത്തുപോവുന്നു- 'കൊട്ടാരത്തിലാവാം കുടിലില്‍ പാടില്ല ' .സദാചാര പോലീസിംഗ് വിരുദ്ധ സമിതി ഏറണാകുളത്ത് സംഘടിപ്പിച്ച സദാചാര പോലീസിംഗ് വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .രാഹുല്‍ ഗാന്ധിയ്ക്കും കാമുകിയ്ക്കും കേരളത്തില്‍ ഉല്ലാസയാത്രയ്ക്ക് എസ്കോര്‍ട്ട് പോയ അതേ കേരളാ പോലീസ് തന്റെ സുഹൃത്തിനോടൊപ്പം സുഭാഷ് പാര്‍ക്കില്‍ സംസാരിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു കാല്‍ വെള്ളയില്‍ ചൂരല്‍ കൊണ്ടടിക്കുന്നതടക്കമുള്ള മര്‍ദ്ദന മുറകള്‍ നടത്തിയതിനെ ഉദ്ധരിച്ചു പറയുകയായിരുന്നു അവര്‍ .

വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ പൌരന്മാര്‍ക്ക് അതിന്നും കാണാക്കനിയാണ്.ആണ്‍ പെണ്ണടക്കം തങ്ങളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റത്തിനു വിധേയരാവുന്നുണ്ടെങ്കിലും പുരുഷാധിപത്യ ഇന്ത്യയില്‍ അത് കൂടുതല്‍ വന്നു പതിക്കുന്നത് പെണ്ണിനു മേല്‍ തന്നെയാണെന്നതില്‍ സംശയമില്ല.ഓരോ ബലാല്‍ഭോഗങ്ങളും* വാര്‍ത്തകളാകുമ്പോള്‍ ദേശീയ-സംസ്ഥാന വനിതാക്കമ്മീഷന്‍ അധ്യക്ഷ അടക്കമുള്ളവര്‍ പെണ്ണിന്റെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളിറക്കുന്നത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പെണ്ണിന്റെ ശരീര വളര്‍ച്ചയുടെ വെറുമൊരു ഘട്ടമായ ആദ്യാര്‍ത്തവം പോലും കൊട്ടും കുരവയുമായി ആഘോഷിക്കുന്നവരാണ് ഷാളില്ലാത്ത തരമൊരു മേലുടുപ്പോ മിഡി സ്കര്‍ട്ടോ ലെഗ്ഗിന്‍സോ കാണുമ്പോള്‍ കലി തുള്ളുന്നത്.പുരുഷനെ ഒറ്റയ്ക്കോ കൂടെ മറ്റൊരു പുരുഷനുള്ളപ്പോഴോ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്തവര്‍ അതേ പുരുഷന്‍ മറ്റൊരു പെണ്ണിനോടൊപ്പമിരിക്കുമ്പൊഴൊ അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ ചേര്‍ന്നിരിക്കുമ്പോഴോ സദാചാര വിചാരണകളുമായി വരുന്നു.അപ്പോള്‍ എപ്പോഴും പെണ്ണ് വരുമ്പോഴാണ് അശ്ലീലമുണ്ടാകുന്നത് ( ശ്ലീലവും അശ്ലീലവും ഉണ്ടാകുന്നതും സദാചാര ബോധത്തില്‍ നിന്ന് തന്നെ.) എന്നതാകുന്നു അവസ്ഥ. ഓരോ കുഞ്ഞും പിറന്നു വീഴുമ്പോള്‍ മുതല്‍ സദാചാരത്തില്‍ പൊതിഞ്ഞാണ് അവരെ വളര്‍ത്തുന്നത്.ആണിന്റെ സൗകര്യത്തിന് അവനെ സുഖിപ്പിക്കാനുള്ള ഒരു ലൈംഗിക വസ്തുവായി മാത്രം പെണ്ണിനെ കാണുകയും വളര്‍ത്തുകയുമാണ്‌ ചെയ്യുന്നത് .അതുകൊണ്ട് തന്നെ പല പെണ്‍കുട്ടികള്‍ക്കും സ്വന്തം വ്യക്തിസ്വാതന്ത്ര്യമെന്നാല്‍ എന്തെന്ന് പോലും അറിയാതായിരിക്കുന്നു.

"പെണ്ണുങ്ങളെ നോക്കി നില്‍ക്കാനുള്ളതല്ല, കേറിപ്പിടിക്കാനുള്ളതാണ് ;തരം കിട്ടിയാല്‍ താനും കയറിപ്പിടിക്കും" എന്ന് വലിയൊരു സദസ്സിനു മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന് പറയാന്‍ ധൈര്യം കാണിച്ച കേരളത്തിന്റെ സാംസ്കാരിക പ്രമുഖന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ചു പ്രബുദ്ധകേരളത്തെ നോക്കി ഊറ്റം കൊള്ളുന്നവര്‍ എന്ത് പറയും ? ഇത്ര മാത്രം സ്ത്രീ വിരുദ്ധനായ ഒരു പുരുഷനെ മാതൃഭൂമി ദിനപ്പത്രം 'ഏഴുത്തില്‍ വലിയബ്ദുള്ള' എന്ന തലക്കെട്ടോടു കൂടി കൊട്ടിഘോഷിക്കുന്നതും നമ്മള്‍ കണ്ടു.അറുപത്തെട്ടു വയസ്സായ വൃദ്ധയെയും രണ്ടര വയസ്സുള്ള പിഞ്ചു കുഞ്ഞിനെയുമടക്കം അതിക്രൂരമായി ബലാല്‍ഭോഗം ചെയ്ത് കൊന്നു തള്ളുകയും ലൈംഗികക്കുറ്റവാളികള്‍ പ്രൌഡിയോടുകൂടി അധികാരക്കസേരകളില്‍ വിലസുകയും ചെയ്യുന്ന ഈ കാലത്താണ് കേരളത്തിലെ പ്രമുഖ എഴുത്തുകാരനായ ടിയാന്‍ ഈ രീതിയില്‍ പ്രതികരിച്ചത് എന്നോര്‍ക്കണം.

ഓരോ ബലാല്‍ഭോഗത്തിന് ശേഷവും പെണ്‍പക്ഷമെന്ന വ്യാജേന അവളുടെ വേദനയും നിസ്സഹായാവസ്ഥയും നേരിടുന്ന അനീതിയും പിന്നെ എത്രപേര്‍ എപോഴൊക്കെ എങ്ങിനെയെല്ലാം ഭോഗിച്ചു എന്നതിന്റെ കണക്കെടുപ്പും നടത്തി സര്‍ക്കുലേഷന്‍ കൂട്ടി പണമുണ്ടാക്കിയവര്‍ക്കു ഇത്തരം സ്ത്രീ വിരുദ്ധരെ പ്രോല്സാഹിപ്പിക്കാനല്ലേ കഴിയൂ.മാധ്യമങ്ങളെല്ലാം തന്നെ ഇത്തരം മഞ്ഞ വാര്‍ത്തകള്‍ കൊണ്ടാണ് ഇപ്പോള്‍ ജീവിച്ചുപോകുന്നത് തന്നെ.പുനത്തില്‍ കുഞ്ഞബ്ദുള്ള മാത്രമല്ല സാംസ്കാരിക രംഗത്ത്‌ പല പ്രമുഖരും പിന്നാലെ വരുന്നുണ്ട് സ്ത്രീകളെ ചട്ടം പഠിപ്പിച്ചുകൊണ്ട് .കുറെ പുരുഷകേന്ദ്രീകൃത സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ക്യാപ്ടന്‍ രാജു സ്ത്രീകളേയും സ്ത്രീപീഡനങ്ങളെയും സ്ത്രീകളുടെ വസ്ത്രധാരണത്തേയും കുറിച്ച് ഒരു ചാനല്‍ ചര്‍ച്ചയില്‍ അടുത്തിടെ നടത്തിയ സംഭാഷണം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വലിയ തോതില്‍ പ്രചരിച്ചു കണ്ടിരുന്നു.മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് സ്ത്രീകള്‍ തന്നെയാണ് ഇത്തരം അതിക്രമങ്ങളെ തടയേണ്ടത് എന്ന് അദ്ദേഹം പറയുന്നു.സ്ത്രീകളുടെ സ്വാഭിമാനത്തെ പരിഹസിച്ചുകൊണ്ട്‌ അദ്ദേഹം പറയുന്നു തമ്പുരാന്‍ സ്ത്രീകളെ സൃഷ്ടിച്ചത് സ്വന്തം ശരീരം സ്വയം സൂക്ഷിക്കാനല്ല പുരുഷന്മാരുടെ കണ്ണ് പതിയുന്നിടത്ത് നിന്നും തങ്ങളുടെ ശരീരത്തെ ഒളിപ്പിക്കുവാന്‍ വേണ്ടിയാണെന്ന് .

ഉദാഹരണമായി അദ്ദേഹം പല പുരുഷന്മാരുടെ കാഴ്ച്ചയുടെ സൌന്ദര്യബോധം വര്‍ണ്ണിക്കുന്നു. ഒരാള്‍ക്ക്‌ പെണ്ണിന്റെ ചെവിയാകാം ഇഷ്ടപ്പെടുക , മറ്റൊരു പുരുഷന് പെണ്ണിന്റെ പുറകാകാം ഇഷ്ടപ്പെടുക , അങ്ങിനെ ഓരോ പുരുഷകാഴ്ചയുടേയും വൈവിധ്യം തിരിച്ചറിഞ്ഞ് തങ്ങളുടെ ശരീരം മറച്ചു നടക്കുന്നവരാകണം സ്ത്രീകള്‍ .ഇദ്ദേഹം പറയുന്നതിനനുസരിച്ച് നോക്കുകയാണെങ്കില്‍ കണ്ണുകള്‍ പോലും കാണാന്‍ പാടില്ലാത്ത വിധമുള്ള പര്‍ദ്ദ മാത്രമേ സ്ത്രീകള്‍ക്ക് ധരിക്കാനോക്കൂ.അതിലും വിഷയമുണ്ട്‌ . ചന്തി അല്പം പിന്നിലേയ്ക്ക് തള്ളി നില്‍ക്കുന്ന സ്ത്രീയാണെങ്കില്‍ പര്‍ദ്ദയിലും അത് തെളിഞ്ഞു കാണാന്‍ പറ്റും .അപ്പോള്‍ ചന്തിയോട്‌ താല്പര്യമുള്ള പുരുഷന്റെ മുന്നില്‍ തീര്‍ച്ചയായും അവള്‍ സുരക്ഷിതയല്ല.ഇത്തരം കോപ്രായങ്ങള്‍ക്കുള്ള കളമൊരുക്കിക്കൊടുക്കുന്ന ചാനലുകാരെയാണ് ആദ്യം പെടയ്ക്കേണ്ടത്. പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഈ ലോകത്ത് തങ്ങളുടെ ഔദാര്യം കൊണ്ട് വേണമെങ്കില്‍ ജീവിച്ചുപോയ്കൊള്ളൂ എന്ന മട്ടിലാണ് പ്രസ്താവനകള്‍ പുറത്തു കൊണ്ടു വരുന്നത് .

ഇതേ മേഘലയില്‍ തന്നെയുള്ള സിദ്ദിഖ് തന്റെ 'സാമൂഹിക ഇടപെടല്‍ ' നടത്തുന്നത് " ഫേസ് ബുക്ക് " എന്ന പേരിലുള്ള ഒരു പ്രസിദ്ധീകരണത്തിലൂടെയാണ്. മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മാസിക സ്ത്രീകളോടുള്ള കരുതലും സംരക്ഷണവും വാതോരാതെ വിളിച്ചോതുന്നതായിരുന്നു. സ്ത്രീകള്‍ക്കാവശ്യം സ്വാതന്ത്ര്യമല്ല സംരക്ഷണമാണെന്നു പറയുന്ന സിദ്ദിഖ് അച്ഛനാലും സഹോദരനാലും ഭര്‍ത്താവിനാലും സംരക്ഷിക്കപ്പെടെണ്ടാവരാണ് സ്ത്രീകള് എന്നുള്ള മനുസ്മൃതി അതേപടി തന്റെ പ്രസിദ്ധീകരണത്തില്‍ കൊണ്ടുവരികയായിരുന്നു. അല്പവസ്ത്രധാരിണികളായി അപകടം ക്ഷണിച്ചു വരുത്തിയതിനു ശേഷം കരഞ്ഞിട്ടു കാര്യമില്ലെന്ന് താക്കീത് നല്കുന്നു " ഫേസ് ബുക്ക് ".അച്ഛനും സഹോദരനും ഭര്‍ത്താവും മകനും ഇല്ലാത്ത സ്ത്രീകളെല്ലാം ഏതു പുരുഷനാലും ഏതു സമയത്തും കയറിപ്പിടിക്കാന്‍ ബാധ്യസ്തയാണ് എന്നാണു സിദ്ദിഖ് പറയുന്നത് .ഇത്ര വര്‍ഷവും കൂടെ അഭിനയിച്ച സ്ത്രീകളെക്കുറിച്ച്‌ സിദ്ദിഖ് എന്ത് പറയുന്നു എന്നത് അദ്ദേഹത്തോടൊപ്പം അഭിനയിച്ച സ്ത്രീകള്‍ ചോദിക്കേണ്ടുന്ന ചോദ്യമാണ്.ആര് പറയുന്നു എന്നതല്ല ;പരസ്യമായി സ്ത്രീകള്‍ക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിലെ വലതുപക്ഷ രാഷ്ട്രീയം തിരിച്ചറിയേണ്ടിയിരിക്കുന്നു. പൊളിച്ചെഴുത്ത് ചുവട്ടില്‍ നിന്ന് തന്നെ വേണ്ടി വരും.

* (ലേഖനത്തില്‍ ബലാല്‍സംഗം എന്ന വാക്കിനു പകരം ബലാല്‍ഭോഗം എന്ന വാക്കുപയോഗിച്ചിരിക്കുന്നത് ബോധപൂര്‍വ്വമാണ്.ബലാല്‍സംഗം എന്ന വാക്കിനര്‍ത്ഥം ബലം പ്രയോഗിച്ചുള്ള സംഗമം എന്നാണു. ഇവിടെ നടക്കുന്നത് കൂടിച്ചേരല്‍ അല്ലാത്തത് കൊണ്ടും ബലം പ്രയോഗിച്ചു ഒരാള്‍ മറ്റൊരാളെ ഭോഗിക്കുകയായതിനാല്‍ ഒരാള്‍ മാത്രം ആനന്ദിക്കുന്നു എന്നതുകൊണ്ടും കൂടുതല്‍ ശരിയായ വാക്ക് ബലാല്‍ഭോഗം തന്നെയാണ്. ലൈംഗികതയടക്കം നമ്മുടെ ഭാഷയില്‍ പ്രചാരത്തിലുള്ള മറ്റു പല വാക്കുകളും ഈ രീതിയില്‍ സമൂഹം എന്നതില്‍ സ്ത്രീകള്‍ കൂടി ഉള്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് തിരുത്തിയെഴുതേണ്ടതുണ്ട്.)