Sruthi Paruthikad

മനുഷ്യത്വം അവശേഷിക്കുന്നവര്‍ ഗാസയുടെ കണ്ണീരൊപ്പുകതന്നെ വേണം

" പലെസ്തീന്‍ അറബികളുടെതാണ്, എങ്ങനെ ഇംഗ്ളണ്ട്  ഇംഗ്ളീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രെഞ്ച്കാര്‍ക്കും  അവകാശപ്പെട്ടതാണോ അങ്ങനെ. ഇന്ന് പലെസ്തീനില്‍  നടക്കുന്ന  കാര്യങ്ങള്‍  നീതിക്ക് നിരക്കുന്നതല്ല.  തങ്ങളോട് ഒരു തെറ്റും ചെയ്യാത്ത ഒരു ജനതയെ  നിരാലംബരാക്കുന്നതില്‍  ബ്രിട്ടീഷ്‌കാര്‍ക്ക് ഒപ്പം തന്നെയാണ് ജൂതരുടെ സ്ഥാനവും.  ഇത്  അറബികള്‍ക്കുള്ള   ന്യായീകരണമല്ല. മറിച്ച് അറബികള്‍ തങ്ങള്‍ക്ക് അസ്വീകാര്യമായ കടന്നുകയറ്റത്തെ അഹിംസയുടെ മാര്‍ഗത്തില്‍  ചെറുത്തിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്. പക്ഷെ ഇന്ന് സ്വീകാര്യമായ ശരി-തെറ്റുകളുടെ അളവുകോല്‍  പ്രകാരം അറബ് ചെറുത്തുനില്പിനെ ഒരു വിധേനയും  അപലപിക്കനാകില്ല."

മഹാത്മാ ഗാന്ധി ; ഹരിജന്‍ വാരിക


പലസ്തിന്‍ വംശജരാല്‍ നിബിഡമായ ഗാസ  അശാന്തിയുടെ പിടിയിലമര്‍ന്നിട്ട് കാലം കുറെ പിന്നിട്ടിരിക്കുന്നു.  ഇസ്രയേലിന്റെ ഏറ്റവും ഒടുവിലത്തെ (ജൂലൈ 14ന് ആരംഭിച്ച) ആക്രമണത്തില്‍ (operation protective edge) ഗാസയിലെ ഒരു നഗരം (ശുജി’ഈഅ) തന്നെ നാമാവശേഷമായിരിക്കുന്നു. മരണനിരക്ക് അറുന്നൂറും  കടന്നിരിക്കുന്നു. അതില്‍ മൂന്നില്‍  ഒന്നും സ്ത്രീകളും കുട്ടികളുമത്രെ. ഏറെ  കൊട്ടിഘോഷിക്കപ്പെട്ട  2005ലെ ഇസ്രയേല്‍ ‘പിന്മാറ്റ’ത്തിനു ശേഷം ഗാസ ഒരു തുറന്ന ജയില്‍  ആയി  മാറി എന്നതാണ് വസ്തുത. പലെസ്തിനെതിരെയുള്ള ആക്രമണം തുടങ്ങിയ കാലം  മുതല്‍  ഇസ്രേല്‍  പ്രചരിപ്പിക്കുന്നത് തങ്ങളുടേത് നിലനില്പിനായുള്ള സമരമാണെന്നതാണ്. അറബ് ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമേ അവര്‍  ചെയ്യുന്നുള്ളൂ എന്നതാണ്. എന്നാല്‍ സത്യം മറ്റൊന്നാണ് എന്നു ചരിത്രം രേഖപ്പെടുത്തുന്നു.

പലെസ്തിനികളെ, വിശേഷിച്ചു ഹമാസിനെ ‘ഭീകരര്‍ ‘ ആയി ചിത്രീകരിക്കുന്നതില്‍  ഇസ്രേല്‍ എല്ലാ കാലത്തും വിജയിച്ചിടുണ്ട്. ഒടുവിലത്തെ ആക്രമണവും ന്യായീകരിക്കപ്പെടുന്നത് മൂന്നു ഇസ്രേലി യുവാക്കളുടെ കൊലക്കുള്ള മറുപടി ആയിട്ടാണല്ലോ ! ഹമാസിന്റെ താരതമ്യേന ശക്തി കുറഞ്ഞ പ്രതിഷേധങ്ങളും പ്രത്യാക്രമണങ്ങളും എങ്ങനെയാണു ഇസ്രേലിന്റെ കൂട്ടക്കുരുതികള്‍ക്ക് തുല്യമാവുന്നത്?  ഇസ്രേല്‍  അധിനിവേശത്തിനു കൂടുതല്‍ സാധ്യതകള്‍  നല്കുന്നവയാണ് ഈ കാലത്തോളം നിലവില്‍ വന്ന  ഉടമ്പടികളും. 1993 ഓസ്ലോ കരാറിന് ശേഷം സംഭവിച്ചത് ഇസ്രേലിയന്‍ -വഞ്ചനയുടെ ചരിത്രമാണ്.

ഇസ്രേല്‍  രൂപവത്ക്കരിക്കപ്പെട്ടതു മുതല്‍  തദ്ദേശിയരായ അറബികളെ അവര്‍ ജന്മസ്ഥലങ്ങളില്‍  നിന്നും ആട്ടി ഓടിക്കുകയാണ്. ഗത്യന്തരമില്ലാതെ പലെസ്തീനികള്‍  ഇസ്രേല്‍  മുന്നേറ്റത്തെ അവരുടെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കാന്‍  തുടങ്ങി. ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം പലെസ്തിന്‍  യാതനകളുടെ ആക്കം കൂട്ടി. ഉപരോധങ്ങളാല്‍  വലഞ്ഞ്; അവശ്യസാധനങ്ങള്‍   വൈദ്യുതി, സഞ്ചാര സ്വാതന്ത്രം, ആശുപത്രി സൌകര്യങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ  എത്ര കാലം ഒരു ജനതയ്ക്ക് മുന്നോട്ട് പോകാനാവും? വിരോധാഭാസമാകുന്നത്   ഒരിക്കല്‍  നാസി ഭീകരത  അനുഭവിച്ചറിഞ്ഞ ഒരു ജനത ക്രൂരതയുടെ പര്യായമാവുന്നത് എങ്ങനെ എന്നാണ്. മുറിവേറ്റു വീഴുന്ന കുരുന്നുകളുടെ നിലവിളികള്‍  ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോഴും ഇസ്രയേല്‍ അത് കേള്‍ക്കാതെ പോവുന്നതെങ്ങനെയെന്നതാണ്. ഇസ്രയേല്‍ സൈനികര്‍  കൊല്ലപ്പെട്ടപ്പോള്‍  മാത്രമാണ്  വെടിനിര്‍ത്തല്‍ സാധ്യതകള്‍  ആരാഞ്ഞു ബാന്‍ -കി-മൂണ്‍  ഈജിപ്തിലേക്ക് പറന്നത്. അതിലും അപലപനീയമാണ് ഇന്ത്യന്‍  നിലപാട്.  അക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കാനോ അതിക്രമത്തിനെതിരെ  പ്രമേയം പാസ്സാക്കാനോ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.