Jyothi Tagore

ഓര്‍മ്മയില്‍ വീണ്ടും പൂക്കള്‍ വിടരട്ടെ....

സിനിമയ്ക്ക് മദ്യം ഒരിക്കലും ഗുണം ചെയ്തിട്ടില്ല.നല്ല സിനിമ വേണമെന്നാഗ്രഹിക്കുന്നവരല്ല എന്നോടൊപ്പം മദ്യവിരുന്നിന് ഘോഷയാത്ര നടത്തിയവരില്‍ ഭൂരിപക്ഷവും.മദ്യത്തിന്റെ പേരില്‍ കലാകാരന്മാരെ ആഘോഷിക്കുന്നതിലെ മൂഢത ഇപ്പോഴെനിക്ക് ബോധ്യമാകുന്നുണ്ട്.

- പ്രിയനന്ദനന്‍ (സംവിധായകന്‍)

മെമ്മറീസ് കണ്ടിരുന്നപ്പോള്‍ ഈ വാക്കുകള്‍ ഓര്‍ത്തു പോയി. നമുക്ക് ചുറ്റുമുള്ള ചില ജീവിതസന്ദര്‍ഭങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സിനിമ അതിനോട് ബന്ധമില്ലാത്ത വാക്കുകളോ, പ്രവര്‍ത്തികളോ, സിനിമകള്‍ തന്നെയോ ഓര്‍മ്മയിലേയ്ക്ക് കൊണ്ട് വരുന്നതില്‍ അതിശയിക്കാനൊന്നുമില്ല.

ജീവിതത്തില്‍ സംഭവിക്കുന്ന ആകസ്മികദുരന്തങ്ങള്‍ വ്യക്തിയെ തകര്‍ത്തു കളയുക എന്ന കഥാതന്തു മലയാള സിനിമയില്‍ പുതിയതല്ല. അത്തരമൊരു കഥാഗതിയില്‍ മദ്യം സ്വാഭാവികമായൊരു അഭയവുമാണ്. പക്ഷെ മദ്യാസക്തി മനുഷ്യന്റെ പ്രവര്‍ത്തിയെടുക്കാനുള്ള കഴിവിനെ ബാധിക്കുന്നു എന്ന് കൃത്യമായി പറയുന്നിടത്താണ് സിനിമയുടെ വഴി പുതുവഴിയാകുന്നത്. മദ്യം പ്രമേയമോ സാന്നിദ്ധ്യമോ ആയി വരുന്ന മറ്റ് മലയാള സിനിമകളില്‍ നിന്ന് മെമ്മറീസ് വ്യത്യസ്തമാകുന്നതും ,പ്രായോഗികമായ വിമര്‍ശനപദ്ധതിയിലൂടെയാണ്. വിജയിച്ചതും പരാജയപ്പെട്ടതുമായ അസംഖ്യം ചിത്രങ്ങളിലൂടെ മദ്യത്തെ പുതിയൊരാഘോഷരൂപമായി മലയാളികളുടെ മനസ്സില്‍ പ്രതിഷ്ഠിച്ചതില്‍ സിനിമയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. 80കളില്‍ തുടങ്ങി ഇപ്പോഴും തുടരുന്ന ചില അവതരണരീതികളുണ്ട്. അതിലൂടെയാണ് മദ്യത്തിന് സിനിമയില്‍ മാന്യമായ ദൃശ്യപരിചരണം ലഭ്യമായത്. നായകന്റെ അനുപമമായ ഗുണങ്ങള്‍ നിര്‍മ്മിച്ചെടുക്കുമ്പോള്‍ മദ്യവും ഒരു ചേരുവയാകുന്നതില്‍ തെറ്റില്ല എന്ന് വന്നു. അതിന് മുമ്പ് സത്യനും നസീറും മധുവുമൊക്കെ വാണിരുന്ന കാലത്തും മദ്യപാനരംഗങ്ങളിലഭിനയിച്ചിരുന്നു. സിനിമയുടെ കഥാഗതിയില്‍ പ്രാധാന്യമുള്ള അത്തരം രംഗങ്ങളില്‍ മാന്യത ആരോപിക്കാനല്ല, തകര്‍ച്ചയോ ദുഷിപ്പോ കാണിക്കാനായിരുന്നു ശ്രമമെന്ന് മാത്രം. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ( ശേഷം വന്നവരും ) മദ്യപിച്ചപ്പോള്‍ അത് പൊങ്ങച്ചപ്രധാനമായി, സ്വാഭാവികമായി കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യവുമുണ്ടായി.

എന്ത് ആവിഷ്ക്കാരവും ഹൃദ്യമായി പ്രേക്ഷകനിലേയ്ക്ക് പകരാനുള്ള ഈ രണ്ട് നടന്മാരുടെ കഴിവിനെ കച്ചവടശക്തികള്‍ ചൂഷണം ചെയ്തു എന്ന് പറയുന്നതിലും തെറ്റില്ല. കലാകാരന്മാര്‍ എന്ന പ്രതിബദ്ധതയെ വിഴുങ്ങി, താരമായി രൂപപ്പെടാനുള്ള സമ്മര്‍ദ്ദം വലുതായിരുന്നു എന്ന് അംഗീകരീച്ചാല്‍ത്തന്നെ അയല്‍പക്കത്തെ ചില വലിയ താരങ്ങള്‍ പുലര്‍ത്തിയ വിവേചനബുദ്ധി പ്രകടിപ്പിച്ചില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. കനപ്പെട്ട വരുമാനം സിനിമയില്‍ നിന്ന് നേടുമ്പോള്‍ പോലും മദ്യത്തിന്റെ പരസ്യപ്പലകയായി തന്റെ താരശരീരത്തെ ഉപയോഗിക്കാന്‍ ഇക്കൂട്ടര്‍ ​മടിച്ചതുമില്ല. ബുദ്ധിശുന്യമായി പിന്‍പറ്റുന്ന ഒരു കൂട്ടം ആരാധകര്‍ക്ക് താന്‍ മാതൃകാപുരുഷനാണ് എന്ന വസ്തുതയ്ക്ക് നേരെ അന്ധത നടിയ്ക്കുക വഴി മലയാള താരങ്ങള്‍ സാമൂഹ്യമാതൃകയ്ക്ക് പുതിയഭാഷ്യം ചമച്ചു. കേരളത്തിന്റെ പുതിയ ജീവിത വീക്ഷണങ്ങളില്‍ നിന്ന് അതിന് വൈരുദ്ധ്യമൊന്നുമില്ല, പൊതു അപചയത്തില്‍ ഒരു പങ്ക് -അത്ര മാത്രം. സമൂഹത്തിന്റെ പിന്നോട്ടടിയില്‍ ഇടപെട്ട് തിരുത്തലുകള്‍ക്ക് പ്രേരിപ്പിക്കുക എന്നത് ജനകീയകലകളുടെ സഹജവാസനയാണ്. വിനോദോപാധിയാണ്, കച്ചവടമാണ് തുടങ്ങിയ ഒഴിവുകളൊന്നും സാമൂഹ്യകടമ നിര്‍വഹിക്കലിന് ബദലല്ല.

ഇവിടെയാണ് മെമ്മറീസ് വ്യത്യസ്തമാകുന്നത്. മദ്യത്തിന്റെ ആഘോഷരൂപങ്ങള്‍ക്ക് നേരെ അത് കാമറ തുറന്ന് പിടിക്കുന്നില്ല. ക്ലീഷേ ദുരന്ത ചിത്രങ്ങള്‍ ആവര്‍ത്തിച്ച് കാണിച്ച് വെറുപ്പിക്കുന്നില്ല. സഹപാനമോ മദ്യപാനസദസുകളോ കാണിച്ച് ഉല്ലാസ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നുമില്ല. പ്രധാന പ്രമേയപരിസരത്ത് , സിനിമയുടെ പ്രയാണത്തെ അലോസരപ്പെടുത്തുന്ന ഘടകം മാത്രമാണ് അലക്സ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മദ്യാസക്തി. വ്യക്തിപരമായ ഒന്നെന്ന് പറയുന്നുണ്ടെങ്കിലും മദ്യത്തെ തകര്‍ച്ചയുടെ മാര്‍ഗ്ഗമായി നായകന്‍ വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ഒരു ഞെട്ടലായി പിടഞ്ഞുണരുന്ന ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് ഒളിച്ചോടാനുള്ള മാര്‍ഗ്ഗം. പക്ഷെ മദ്യത്തിന്റെ ലഹരിയിലും ആ ഓര്‍മ്മകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അയാളെ വേട്ടയാടാറുണ്ടെന്ന് മാത്രം. എങ്കിലും അതൊരു താല്‍ക്കാലിക ആശ്വാസമാണ്. മതം പോലെ താല്‍ക്കാലികാശ്വാസങ്ങള്‍ വേറെയുമുണ്ടെങ്കിലും ലളിതവും താരതമ്യേന യുക്തിസഹവുമായ ഒന്ന് തെരഞ്ഞടുത്തു എന്ന് അയാള്‍ സന്ദര്‍ഭേന പറയുന്നുമുണ്ട്. പക്ഷെ അതിലെ യുക്തിഹീനതയെ അയാളുടെ ജീവിതം കൊണ്ട് തന്നെ ചോദ്യം ചെയ്യുന്നിടത്ത് സിനിമ കൃത്യമായ നിലപാട് സ്വരൂപിക്കുന്നു. തികച്ചും വ്യക്തിപരമായ തന്റെ മദ്യപാനശീലത്തില്‍ തലയിടുന്നവരോടൊക്കെ നായകന്‍ പല പ്രകാരേണ കലഹിക്കുന്നുണ്ട്. തുടര്‍ന്ന് വരുന്ന ചില രംഗങ്ങളിലൂടെ മദ്യം അതുപയോഗിക്കുന്നയാള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും പൊതുശല്യമായി തീരുന്നതെങ്ങനെയെന്ന് സിനിമ കാണിച്ച് തരുന്നു. നായകന്റെ അനിവാര്യത( ഓരോ വ്യക്തിയുടെയും സാമൂഹിക പങ്ക് ) എന്ന ഘടകമാണ് ബദലായി ഉയരുന്നത്. കള്ളുകുടിയന്‍ എന്ന് വിശേഷിപ്പിച്ച് അലക്സിനെ അപഹസിക്കുന്ന അന്വേഷണോദ്യോഗസ്ഥനേക്കാള്‍ മികവ് അയാള്‍ തന്റെ ജോലിയില്‍ പ്രകടിപ്പിക്കുന്നുണ്ടല്ലോ- പിന്നയെന്താണ് പ്രശ്നം എന്നതാണതിലെ സാംഗത്യം. എന്നാല്‍ ഏറ്റവും ആവശ്യമായി വരുന്ന ഘട്ടത്തില്‍ അയാളില്‍ പ്രകടമാകുന്ന ശാരീരികക്ഷമതയില്ലായ്മ ജോലിയില്‍ പുലര്‍ത്തി വരുന്ന മുന്‍തൂക്കത്തെ ബാധിക്കുന്നു. കയ്യകലത്ത് നിന്ന് ലക്ഷ്യം വഴുതിപ്പോകുന്ന വേദനയിലാണ് താല്‍ക്കാലിക പോംവഴികളുടെ യുക്തിഹീനത അനാവരണം ചെയ്യപ്പെടുന്നത്. കര്‍മ്മോന്മുഖമായിത്തീരുക വഴി അയാളുടെ ജീവിതം നവീകരിക്കപ്പെടുന്നു.

മറ്റൊരു ദുരന്തത്തില്‍ അനാഥയാക്കപ്പെട്ട കുട്ടിയോടൊപ്പം അലക്സ് ജീവിതത്തിലേയ്ക്ക് തിരിച്ച് നടക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. social being എന്ന നിര്‍വചനത്തിന് മനുഷ്യജീവിതത്തില്‍ സമഗ്രമായ അര്‍ത്ഥമാണുള്ളത്. സമൂഹജീവിതം നയിച്ച് കൊണ്ട് മാത്രമെ പ്രതിസന്ധികളെ മറികടക്കാനാകൂ. മറ്റ് പോംവഴികള്‍ -മദ്യം മുതല്‍ മതം വരെയുള്ളവ താല്‍ക്കാലികവും യുക്തിഹീനതയാല്‍ മാത്രം പഴുതുകളടച്ചവയുമാണ്. കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുകയും സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയാഹ്വാനം കൂടിയാണ്. വ്യക്തിഗതമായ പോംവഴികളിലേയ്ക്കും യുക്തിരാഹിത്യത്തിലേയ്ക്കും നിപതിക്കുന്ന കേരളസമൂഹത്തില്‍ ഇത് ഏറെ പ്രസക്തവുമാണ്. കേരളത്തിന്റെ പുതുമുന്‍ഗണനകളായ മദ്യത്തെയും മതത്തെയും യാതാര്‍ഥ്യബോധത്തോടെ വിലയിരുത്തുമ്പോഴും ,അത് കഥാഘടനയില്‍ വേറിട്ട് നില്‍ക്കാതെ ചിട്ടപ്പെടുത്തിയിരിക്കുന്നത് കാണാം.

ഇതൊരു മഹത്തായ സിനിമയാണെന്ന അവകാശവാദമൊന്നും അണിയറശില്പികള്‍ക്കുണ്ടാകാന്‍ ഇടയില്ല. ബുദ്ധിയുണ്ടെന്ന് സ്വയം കരുതുന്നവരൊന്നും തന്റെ സിനിമ കാണരുതെന്ന് ജിത്തു ജോസഫ് പറയുന്നുമില്ല. ഇതൊരു നല്ല സിനിമയാണ്. മമ്മി&മീ, മൈബോസ് ...മെമ്മറീസ് എന്ന ക്രമത്തിലുള്ള സംവിധായകന്റെ മുന്നേറ്റം വിലയിരുത്തപ്പെടുക തന്നെ വേണം. ഒരു ദിവസം കൊണ്ട് കുറസോവയ്ക്കും ഫെല്ലിനിയ്ക്കും കുബ്രിക്കിനും ഒപ്പം നിലവാരം മലയാളസിനിമയ്ക്ക് ഉണ്ടാകണം എന്ന് വാശി പിടിക്കുന്നവര്‍ക്ക് എന്റെ നല്ല നമസ്ക്കാരം. തല്‍ക്കാലം ലിജോ ജോസിനും ജിത്തു ജോസഫിനും റോഷന്‍ ആന്‍ഡ്രൂസിനും പിന്നെ നല്ല ശ്രമങ്ങളുമായി കടന്നു വരുന്ന പുതിയ തലമുറയ്ക്കും പിന്തുണ ലഭിക്കുകയാണ് വേണ്ടത്. കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെക്കൊണ്ട് കൈയ്യടിപ്പിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞത് പോലെ എല്ലാവര്‍ക്കും അവസരവും സാഹചര്യവും പ്രതിഭയും ഉണ്ടാകണമെന്നില്ലല്ലോ?പുതിയതായി തീയേറ്ററില്‍ എത്തുന്ന ഓരോ ചിത്രത്തിനും വിദേശചിത്രങ്ങളോട് ബന്ധമോ സാമ്യമോ കണ്ടെത്തി സായൂജ്യമടയുന്ന പലരും, ആ ചിത്രങ്ങള്‍ നമ്മുടെ സാഹചര്യങ്ങളോട് എത്രത്തോളം അടുത്തു നില്‍ക്കുന്നുവെന്ന് വിലയിരുത്തിക്കണ്ടിട്ടില്ല.

കൂവിത്തോല്‍പ്പിക്കല്‍ തൊഴിലാളികളെ കാലത്തിന് വിട്ടുകൊടുക്കാം-നമുക്ക് സിനിമയെക്കുറിച്ച് സംസാരിക്കാം. യുവാക്കളുടെ ഇടപെടലും അത് വഴി സിനിമയ്ക്ക് കൈവന്നിരിക്കുന്ന പുത്തനുണര്‍വ്വും പ്രതീക്ഷാഭരിതമാണ്.ഓരോ പ്രവര്‍ത്തിമേഖലയിലും,ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുതുതലമുറയെന്നത് കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളിലും നിര്‍ണ്ണായകമാണ്. ഒരു നവകേരളം സ്വപ്നം കാണണമെങ്കില്‍ കൂട്ടായും വ്യക്തിഗതമായുമുള്ള സര്‍ഗ്ഗശേഷികളെ ഫലപ്രദമായി ഉപയോഗിക്കുക തന്നെയാണ് മാര്‍ഗ്ഗം.

നല്ല സ്വപ്നങ്ങള്‍ കാണാന്‍ ആരാണിഷ്ടപ്പെടാത്തത് ? സ്വപ്നം കാണുന്പോള്‍ എന്തിന് കുറയ്ക്കണം-ലാവിഷായിട്ട് തന്നെ കാണാം . പുതിയ കേരളത്തെ സൃഷ്ടിക്കാന്‍ നമുക്കോരോരുത്തര്‍ക്കും താന്താങ്ങളുടെ പണിയായുധം കയ്യിലെടുക്കാം. അത് കലപ്പ മുതല്‍ കാമറ വരെ എന്തുമാകാം. വിയര്‍പ്പൊഴുക്കി വിശ്രമിക്കുന്നേരം "വൈകിട്ടെന്താ പരിപാടി " എന്ന് അന്യോന്യം ചോദിക്കാം. മറുപടി, സിനിമ കാണാം എന്നാകാം. വായനശാലയില്‍ പോകാം എന്നുമാകാം. സംഘടനാപ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ മുഴുകുകയുമാകാം. പിന്നെ സൗഹൃദസദസ്സുകളിലും ഓണ്‍ലൈന്‍ മീഡിയയിലും ചര്‍ച്ചകള്‍ നടത്താം...സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാം.

പ്രിയനന്ദനന്‍ സൂചിപ്പിച്ച ​മദ്യഘോഷയാത്രയില്‍ അലിഞ്ഞ് ചേര്‍ന്ന് കൊണ്ടേയിരിക്കുന്ന കേരളത്തിന്റെ പൊതുബോധത്തെ നമ്മുടെ തന്നെ നല്ല ഓര്‍മ്മകളിലേയ്ക്ക് മടക്കി വിളിക്കുകയെ മാര്‍ഗ്ഗമുള്ളൂ. അത് പക്ഷെ പിന്‍വാങ്ങലോ ഉള്‍വലിയല്ലോ ആയിക്കൂട, പുതിയൊരു പോരാട്ടമുഖം തുറക്കുകയാവണം. അത് പുതുക്കല്‍ മാത്രമല്ല,പുതുമ തേടലുമാണ്. അത്തരമൊരു ഉണര്‍വിലേയ്ക്ക് കാഴ്ചയും കാഴ്ചപ്പാടും പകരുന്ന വിനോദോപാധിയായി സിനിമ കൂടുതല്‍ മികവ് തേടുമെങ്കില്‍ ; കേരളജീവിതത്തിന്റെ ഓര്‍മ്മപ്പുസ്തകം അതിന്റെ പ്രയാണത്തിലുടനീളം ഈ കലാരൂപത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കും.

വാല്‍ക്കഷ്ണം: സ്ത്രീകഥാപാത്രങ്ങളെ പതിവ് നിഴല്‍ രൂപങ്ങളില്‍ തന്നെ തളച്ചിട്ടത് മാത്രമാണ് കല്ലുകടിയായിത്തോന്നിയത്. പ്രതിനായകന്‍, നായകന്റെ അനിയന്‍ എന്നീ റോളുകളില്‍ അഭിനയിച്ചവര്‍ക്ക് സിനിമയുടെ പൊതുനിലവാരത്തോട് നീതി പുലര്‍ത്താനായതുമില്ല.