Dr Kavitha Ravi

കോവിഡ്-19 ; സാമൂഹ്യവ്യാപനം തടയാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ വുഹാനില്‍ നിന്നു ഉത്ഭവിച്ചു എന്നു ശാസ്ത്ര ലോകം കരുതുന്ന കൊറോണ എന്ന വൈറസ് ഇന്ന് ലോകത്തെമ്പാടും പരന്ന് 17000 മരണങ്ങള്‍ക്ക് ഇടയാക്കി കഴിഞ്ഞു. 1918-ലെ സ്പാനിഷ് ഫ്ളൂവിനുശേഷം ലോകം നേരിടുന്ന വന്‍ വിപത്ത്. ലോകാരോഗ്യ സംഘടന കോവിഡ് രോഗബാധയെ അതിന്റെ ആഗോള വ്യാപനം കണക്കിലെടുത്ത് പാന്റമിക്ക് Pandemic (മഹാമാരി എന്നു മലയാളത്തില്‍ വിശേഷിപ്പിക്കാം) എന്നാണ് വര്‍ഗ്ഗീകകരിച്ചിട്ടുള്ളത്.


സമൂഹത്തില്‍ നൈസര്‍ഗ്ഗികമായ പ്രതിരോധത്തിന്റെ അഭാവം ഈ വൈറസിനെ ഏറെ അപകടകാരിയാക്കുന്നു. കാരണം ജനിതകവ്യതിയാനം (gene mutation) വന്ന കൊറോണ കുടുംബത്തിലെ പുതിയ അംഗമായ covid -19, മനുഷ്യരില്‍ ഇതിനു മുന്‍പ് ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിരോധ മാര്‍ഗ്ഗങ്ങളും ഇല്ലായിരുന്നു. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം ഇന്ന് ഈ രോഗ ബാധ തടയാനുള്ള തീവ്രമായ പരിശ്രമത്തിലാണ്. ഈ രോഗ ബാധക്ക് കൃത്യമായ പ്രതിരോധ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. രോഗ മൂര്‍ച്ഛയും തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളും കുറയ്ക്കുവാനുള്ള ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ ഔദ്യോഗികമായി വന്നുതുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.


Novel-Coronavirus-780x515-1


അതിവ്യാപന ശേഷിയുള്ള ഈ വൈറസ് അതിന്റെ വ്യാപന കാലട്ടത്തിന്റെ രണ്ടു മുതല്‍ നാലു വരെയുള്ള ഘട്ടങ്ങളില്‍ അത്യപകടകാരിയാകുന്നു. ആയിരക്കണക്കിന് ആളുകളിലേക്ക് അത് ചുരുങ്ങിയ സമയം കൊണ്ടു പടര്‍ന്നു പിടിക്കുകയും ചെയ്യും. ഒന്നോ രണ്ടോ രോഗികളില്‍ നിന്ന് സമൂഹത്തിലെ മിക്കവരിലേക്കും വൈറസ് ബാധ വ്യാപിക്കുന്നതാണ് ചൈന ഇറാന്‍ ഇറ്റലി, സ്പെയിന്‍ ഇവിടങ്ങളില്‍ കാണാന്‍ കഴിഞ്ഞത് .


പ്രതീക്ഷിച്ചതുപോലെ കോവിഡ്19 ഇന്ത്യയിലും കേരളത്തിലും എത്തി കഴിഞ്ഞു. രാജ്യത്തെ രോഗബാധിതര്‍ 500 ആയിക്കഴിഞ്ഞു കേരളത്തില്‍ ഇതുവരെ 105 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത് 72,460 ആളുകള്‍ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാണ്.വളരെ ഗൗരവമേറിയ സ്ഥിതിവിശേഷം രാജ്യം ഇന്നുവരെ നേരിടാത്ത ഒരു അടിയന്തര സാഹചര്യമാണ് ,സംശയമില്ല.


images


കേരളത്തിലെ 105 പേരില്‍ 81% പേര് കോവിഡ് ബാധിത രാജ്യങ്ങളില്‍നിന്ന് ഇവിടെ എത്തിയവരാണ് 19% പേര്‍ ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരും ആണ് . ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളം സമൂഹ് വ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല എന്നാണ്. രോഗലക്ഷണങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു വ്യക്തിക്ക് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആവുകയും,എന്നാല്‍ അയാള്‍ക്ക് വൈറസ് ബാധ ആരില്‍ നിന്നാണ് എന്നോ എവിടെ വെച്ചാണ് എന്നോ കണ്ടെത്താന്‍ പറ്റാത്ത. സാഹചര്യം ഉണ്ടാകുമ്പോഴാണ് നാം സാമൂഹ്യ വ്യാപനം ഉണ്ടായതായി എന്ന് സംശയിക്കേണ്ടത്.


ആ നിലയിലേക്ക് കേരളം എത്തിയിട്ടില്ല എന്നുള്ളതുകൊണ്ട് തന്നെ ഈ മഹാമാരി ക്കെതിരെയുള്ള യുദ്ധം നമുക്ക് ജയിക്കാന്‍ കഴിയും. നമുക്ക് ജയിക്കുക തന്നെ വേണം.


സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഒന്നോ രണ്ടോ വ്യക്തികളുടെ മണ്ടത്തരം നാടിന് ഭീഷണിയായേക്കാം. ഈ ഘട്ടത്തില്‍ വേണ്ടത് ശാസ്ത്രീയമായ അറിവും സാമാന്യബുദ്ധിയും ആണ് .


kerala-map


ആവശ്യം വേണ്ട വിവരങ്ങള്‍ ,രോഗാണുവിനെ പറ്റിയും ,പകരുന്നത് എങ്ങനെയൊക്കെ ആണെന്നും പകര്‍ച്ച പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നും ഇതിനകം എല്ലാ ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഏവരും അറിഞ്ഞിട്ടുണ്ടാകും.


മാസ്ക് ധരിക്കുക


ശുചിത്വം ശ്രദ്ധിക്കുക


ശ്രദ്ധയോടെ 20 സെക്കന്‍ഡ് നേരം കൈ കഴുകുക


Sanitiser ഉപയോഗിക്കുക


ആള്‍ക്കൂട്ടം ഒഴിവാക്കുക


യാത്രകള്‍ ഒഴിവാക്കുക


പുറംരാജ്യങ്ങളില്‍ നിന്നും വന്നവരുമായി നേരിട്ടുള്ള ഇടപെടലുകള്‍ 28 ദിവസത്തേക്ക് ഒഴിവാക്കുക.


പനി ചുമ ശ്വാസംമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ ആരോഗ്യവകുപ്പിന് വിവരമറിയിക്കുക


അവരുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക.


ഇതൊക്കെ നാം ചെയ്തേ മതിയാകൂ.


aksharam (1)


കേരളത്തിന് പുറത്ത് നിന്ന് വന്നവര്‍ വൈറസ്ബാധ ഉള്ളവരാണെങ്കില്‍ സാധാരണഗതിയില്‍ യാത്ര ചെയ്തു 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും എങ്കിലും 28 ദിവസം വരെ ജാഗ്രത വേണ്ടതാണ് . മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ വന്നാല്‍ സ്വകാര്യ ക്ളിനിക്കുകളിലല്ല ,ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം സജ്ജീകരിച്ചിട്ടുള്ള ആശുപത്രികളിലാണ് പോകേണ്ടത്.


Break The Chain കാമ്പയിന്‍ എല്ലായിടങ്ങളിലും വളരെ ഫലപ്രദമായി നടന്നുവരുന്നു .എന്നിരുന്നാലും ദിനംപ്രതി രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ ഒരാഴ്ച വളരെ നിര്‍ണായകമാണ് .ഇപ്പോള്‍ നാം എന്തു ചെയ്യുന്നു എന്നുള്ളത് ഇനിയുള്ള വൈറസ് വ്യാപനത്തെ സ്വാധീനിക്കും .അതിനാലാണ് രാജ്യം അടച്ചിടുക എന്ന കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.


ഇപ്പോള്‍ രോഗബാധിതരായി ഉള്ളവരും ഇന്‍കുബേഷന്‍ ഘട്ടത്തില്‍ ഉള്ളവരും മാത്രമേ നമ്മിലേക്ക് രോഗം പകര്‍ത്താന്‍ സാധ്യതയുള്ളൂ. 60 ശതമാനം ബാധിതര്‍ക്ക് ഒരു രോഗലക്ഷണവും ഉണ്ടാകണമെന്നില്ല . അതിനാലാണ് പുറത്തു നിന്ന് വന്ന എല്ലാവരെയും അവരുമായി അടുത്ത് ഇടപഴകിയ എല്ലാവരെയും തിരഞ്ഞുപിടിച്ച് വീടുകളില്‍ ഏകാന്ത വാസത്തിലേക്ക് മാറ്റുന്നത്.


image


അതിര്‍ത്തികള്‍ അടയ്ക്കുകയും രോഗവാഹകര്‍ ആയിട്ടുള്ളവര്‍ പുറത്തിറങ്ങാതെ ഇരിക്കുകയും നമ്മള്‍ മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുകയും ചെയ്താല്‍ ഇനിയെങ്കിലും ഈ വൈറസ് ബാധ തടയാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ. ഒരാള്‍ ശരാശരി രണ്ടുപേരിലേക്ക് രോഗം പകര്‍ന്നു നല്‍കിയാല്‍, രണ്ടില്‍ നിന്നും നാലിലേക്കും നാലില്‍ നിന്നും എട്ടിലേക്കും പിന്നീട് 16,32,64 അങ്ങനെ ഗുണിതങ്ങളായി പതിനായിരമാകാന്‍ രണ്ടാഴ്ച പോലും വേണ്ടിവരില്ല.


അതേസമയം രോഗമുള്ള ഒരാളില്‍ നിന്നും പകരുന്ന കേസുകളുടെ എണ്ണം ഒന്നില്‍ താഴെ നിറുത്തിയാല്‍ നമുക്ക് ഈ രോഗത്തെ പിടിച്ചു നിര്‍ത്താം.


അത് മാത്രമാണ് സാമൂഹ്യ വ്യാപനം നേരിടാനുള്ള ഏക വഴി.


ഇവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി.


അതു വഴി ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുന്നതിലൂടെ വൈറസ് ബാധ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരങ്ങള്‍ പരമാവധി പരിമിതപ്പെടുത്തുന്നു


ഈ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ ഇന്നത്തെ നൂറില്‍ നിന്നും കേസുകള്‍ പതിനായിരത്തിനു മുകളില്‍ പോകാന്‍ രണ്ടാഴ്ച പോലും വേണ്ട.


download


വൈറസ് ബാധിച്ചവരില്‍ 40 ശതമാനം പേര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇനിയൊരു 40 ശതമാനം പേര്‍ക്ക് രോഗം ഉണ്ടാകുന്നു എങ്കിലും ആശുപത്രിയില്‍ പോയി മരുന്നു വാങ്ങി വീട്ടില്‍ തന്നെ ചികിത്സിക്കുന്ന നേരിയ രോഗം മാത്രമേ ഉണ്ടാവുകയുള്ളൂ. മറ്റൊരു 15 ശതമാനം രോഗികള്‍ക്ക് ആശുപത്രിയില്‍ തന്നെ കിടത്തി ചികിത്സിക്കേണ്ട രീതിയില്‍ രോഗം ഉണ്ടാക്കുകയും ,5 ശതമാനം രോഗികള്‍ക്ക് വളരെ ഗുരുതരമായ അവസ്ഥ ഉണ്ടാവുകയും വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സൗകര്യങ്ങള്‍ ആവശ്യമായി വരികയും ചെയ്യും..


നമ്മുടെ ആരോഗ്യ രംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് രോഗികളുടെ എണ്ണം വര്‍ധിക്കും. രോഗം ബാധിക്കുന്നവര്‍ പോയിട്ട് ഗുരുതരമായവരെ പോലും ചികില്‍സിക്കാന്‍ സാധിക്കാതെ വരും. ലഭ്യമായ ഐ സി യു വും വെന്റിലേറ്ററും ആര്‍ക്ക് കൊടുക്കണം എന്നു പോലുമുള്ള ആശയക്കുഴപ്പം ഉണ്ടാകും.


കോവിഡ് 19 മരണനിരക്ക് 3.5% ആണെന്നുള്ളത് നിസ്സാരമായി കരുതരുത് .


പ്രായം ചെന്നവരില്‍ മരണസാധ്യത 15 ശതമാനം വരെ ഏറുന്നു പ്രമേഹരോഗികളിലും ശ്വാസകോശരോഗം ഉള്ളവരിലും ഹൃദ്രോഗം ഉള്ളവരിലും മരണ സാധ്യതയേറുന്നു.


ഇറ്റലി പോലുള്ള ഒരു രാജ്യത്ത് ഉണ്ടായ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ന് നമ്മള്‍ സൂക്ഷിച്ചാല്‍ അവിടുത്തെ പോലെയുള്ള ദുരവസ്ഥ നമുക്ക് ഒരു പക്ഷേ ഒഴിവാക്കാന്‍ സാധിക്കും. സാമൂഹ്യവ്യാപനം അകലെയല്ല. കരുതിയിരിക്കുക , കഴിയുന്നതും സ്വന്തം വീടുകളില്‍. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.