K G Suraj

അമൃതമാര്‍ ഉണ്ടാകുന്നതെങ്ങനെ

സംഭാഷണം : അമൃത / കെ ജി സൂരജ്

എഞ്ചിന്‍ ബോഗികളോടെന്നപോലെ പകല്‍ രാത്രിയോട് മെല്ലെ അടുക്കുകയാണ്.ഇത് രക്തസാക്ഷി മണ്ഡപം. രാജ്യത്തിന്റെ സ്വാഭിമാനവും പരമാധികാരവും സംരക്ഷിക്കാന്‍ സ്വജീവന്‍ ബലികഴിച്ച പരശതം ദേശാഭിമാനികളുടെ ജീവിക്കുന്ന സ്മരണകളാല്‍ സ്ഫുടം ചെയ്ത അഭിമാനസ്ഥംഭം. ഉയര്‍ന്നു നില്‍ക്കുന്ന ഈ ജനാധിപത്യത്തിന്റെ അഭിലാഷഗോപുരത്തിനു ചുറ്റും അവര്‍ ഒത്തുചേരുകയാണ്. പലയിടങ്ങളില്‍ വിവിധ വേഗങ്ങളില്‍ പൊതുഇടം തേടിയവര്‍... ഇരുചക്രവാഹനങ്ങളിലാണ് എല്ലാവരും. ഏതോ ലക്ഷ്യം സഗൌരവം സ്വപ്നം കാണുന്നവര്‍.

വാക്കില്‍ ചിന്തയില്‍ മുഖങ്ങളില്‍ ആത്മവിശ്വാസം മുറുക്കെപ്പിടിച്ചവര്‍ .

ഉണരുക പ്രതിഷേധിക്കുക നൃത്തം ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകള്‍ നേരിടുന്ന അതിക്ക്രമങ്ങള്‍ക്കെതിരായി ലോകമെമ്പാടും നടക്കുന്ന വണ്‍ ബില്ല്യണ്‍ റൈസിങ്ങ് പങ്കാളികളാകുകയാണിവര്‍. സ്ത്രീകള്‍ക്കൊപ്പം സമത്വത്തിലധിഷ്ടിതമായ ലോകക്രത്തില്‍ വിശ്വസിക്കുന്ന പുരുഷന്മാരും അവിടെ ഒത്തുചേര്‍ന്നിരിക്കുന്നു. വിവിധ വനിതാ സംഘടനകളുടെ നേത്രുത്വത്തിലാണ് കേരളത്തില്‍ സമുജ്വലമായ സ്ത്രീശാക്തീകരണ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ലോക പ്രശസ്ത നാടക പ്രവര്‍ത്തക ഈവ് എന്‍സ്ലെറുടെ മുന്‍കൈയ്യില്‍ നൂറ്റി എണ്‍പത്തിരണ്ട് രാഷ്ട്രങ്ങള്‍ പ്രസ്തുത പരിപാടിയില്‍ അണിനിരക്കുന്നു. നൂറു കോടി ഉണരുന്നു എന്ന തികച്ചും വൈവിധ്യപൂര്‍ണ്ണവും കാലികപ്രസക്തവുമായ ജനകീയ മുന്നേറ്റം ജാതിമത വര്‍ഗ്ഗീതക്കും രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകളുടെ സുരക്ഷിത ജീവിതത്തിനും പൌരാവകാശ സംരക്ഷണത്തിനുമായി സ്ത്രീകളും അവരെ സ്നേഹിക്കുന്നവരും ഐക്യദാര്‍ഡ്യപ്പെടുന്ന പോരാട്ടങ്ങളാണ് ലക്ഷ്യം വെക്കുന്നത്. ബലാല്‍സംഗ സംസ്ക്കാരത്തിനും ആണ്‍കോയ്മാ മനോഭാവങ്ങള്‍ക്കും സ്ത്രീകളുടെ പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന നീതിന്യായ വ്യവസ്ഥിതിക്കും എതിരായ ഈ സര്‍ഗ്ഗാത്മക സഹന സമരം ഒരു കുഞ്ഞു പോലും ആക്ക്രമിക്കപ്പെടാത്തതും / സ്ത്രീകള്‍ അപമാനിക്കപ്പെടാത്തതും ഭരണഘടന അനുശാസിക്കുന്ന സ്ത്രീ- പുരുഷ തുല്യത ഉറപ്പു നല്‍കുന്നതുമായ വ്യവസ്ഥിതിക്കായി നൃത്തം ചെയ്തും സംഗീതം മുഴക്കിയും കലഹം ചെയ്യുന്നു. ആഹ്വാനമുള്‍ക്കോണ്ട് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒറ്റച്ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെ നിരനിരയായി അണിനിരന്നു കൊണ്ടിരിന്നു.

നഗരത്തിന്റെ എല്ലാ വഴികളും ഇപ്പോള്‍ അവസാനിക്കുന്നത് ശംഖുമുഖം കടല്‍ത്തീരത്താണ്.രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും വാഹനറാലി ആരംഭിച്ചു കഴിഞ്ഞു, തിരുവനന്തപുരം ആള്‍സയ ന്റസ് കോളേജ് മുന്‍ ചെയര്‍ പേഴ്സണും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ അമൃതാ മോഹനാണ് റാലി നയിക്കുന്നത്. നൂറുകണക്കിന് സ്ത്രീകള്‍ റാലിയെ അനുധാവനം ചെയ്യുന്നു. കടല്‍ത്തീരത്തെ നനുത്ത മണലില്‍ വ്യവസ്ഥാപിത ലോകത്തിന്റെ കെട്ടുപാടുകളുടെ കുത്തഴിച്ച് അവര്‍ ആടുകയും പാടുകയും ചെയ്യുന്നു. സര്‍ഗ്ഗസമരത്തിന്റെ ആഹ്ലാദാരവങ്ങള്‍ മെല്ലെ അവസാനിക്കുകയാണ്. സംഘബോധത്തിലൂടെ സ്വാംശീകരിച്ച നവ്യാനുഭവങ്ങളുടെ കരുത്തുള്‍ക്കൊണ്ട് പോരാട്ടം തുടരുമെന്ന്‍ പ്രഖ്യാപിച്ച് കൂട്ടായ്മ താല്‍ക്കാലികമായി പിരിയുകയാണ്.

15 ഫെബ്രുവരി 201 3

കമന്റടിച്ചവരെ യുവതി അടിച്ചോടിച്ചു; സര്‍ക്കാര്‍ വാഹനവും ഡ്രൈവറും കസ്റ്റഡിയില്‍ . (ദേശാഭിമാനി / മനോരമ / കേരള കൌമുദി/ തുടങ്ങി വിവിധ ദൃശ്യമാധ്യമങ്ങള്‍ )

ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ ഒരുപോലെ പ്രാധാന്യം നല്‍കിയ വാര്‍ത്തയുടെ സംക്ഷിപ്തമാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്ക്രമണങ്ങളും കടന്നാക്ക്രമണങ്ങളും അനസ്യൂതം വര്‍ദ്ധിക്കുന്ന സങ്കീര്‍ണ്ണമായ സാമൂഹ്യസാഹചര്യത്തിലാണ് സ്ത്രീശാക്തീകരണ രംഗത്ത് കൃയാത്മകമായ നിലയില്‍ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥിനി അമൃതാ മോഹനെ നടുനിരത്തില്‍ പൊതുസാമാന്യത്തിനു മുന്നില്‍ അപഹസിക്കാന്‍ ശ്രമം നടന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വാഹനത്തിലെത്തിയ സംഘമാണ് അവഹേളനങ്ങള്‍ക്കു നേത്രുത്വം നല്‍കിയതെന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

തല്ലു കിട്ടിയ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റടിയില്‍ എടുക്കുകയും അമൃത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസു ചാര്‍ജ്ജു ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വാദി തന്നെ പ്രതിയാകുന്ന തരത്തില്‍ തികച്ചും അപ്രതീക്ഷിതമായി, സംഭവത്തില്‍ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ പ്രാവച്ചമ്പലം സ്വദേശിയുടെ സ്വകാര്യാന്യായത്തില്‍ ജാമ്യരഹിത വകുപ്പുകള്‍ ഉപയോഗിച്ച് അമ്രുതക്കും കണ്ടാലറിയാവുന്നവര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. തുടര്‍ച്ചയെന്നോണം അറസ്റ്റിലായ ഒന്നാമന്റെ സ്വകാര്യ ഹര്‍ജ്ജി പരിഗണിച്ച കോടതി വീണ്ടും കേസെടുക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഉത്തരവില്‍ അമൃത, അച്ഛന്‍, സുഹൃത്ത് , കുടുംബ സുഹൃത്ത് , കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞു വെക്കല്‍, പൊതുനിരത്തില്‍ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമ്രുതക്കും ഒപ്പമുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അപമാനിച്ചവരെ സധൈര്യം നേരിട്ട് പൊതുസമൂഹത്തിന്റെ പിന്‍തുണ നേടിയ അമൃതക്കെതിരെ ആദ്യഘട്ടത്തില്‍ കേസു ചുമത്തിയപ്പോള്‍ തന്നെ ദേശീയ തലത്തിലടക്കം വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രസ്തുത സാഹചര്യത്തിലാണ് വീണ്ടും കേസെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്കു നേരെയുള്ള ഗാര്‍ഹികവും സാമൂഹ്യവുമായ അതിക്ക്രമങ്ങള്‍ തടയുന്നതിനും അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള 2013 ലെ കേരള വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണ ബില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത ദിവസം തന്നെയാണ് നഗരത്തിലെ പൊതുഇടത്തില്‍ അപമാനത്തിനെതിരെ പ്രതികരിച്ച അമൃതയും ഒപ്പം കുടുംബവും കയ്യേറ്റം ചെയ്യപ്പെട്ടത് എന്നത് യാദൃശ്ചികമാകുന്നില്ല. പ്രതികളെയാകെ പിടികൂടി മാതൃകാപരമായി നടപടിയെടുക്കേണ്ട വിവിധ ഭരണകൂട സ്ഥാപനങ്ങള്‍ പരാതിക്കാര്‍ക്കെതിരെത്തന്നെ കേസെടുക്കുന്ന വിചിത്രമായ നീതിബോധം എങ്ങിനെയാണ് സ്ത്രീശാക്തീകരണത്തിനും സ്വാഭിമാന സംരക്ഷണത്തിനും ഗുണകരമാകുക? 'പ്രതികരണ ശേഷി വര്‍ദ്ധിപ്പാക്കാനുദ്ദേശിച്ച് സര്‍ക്കാര്‍ തന്നെ കൊണ്ടാടുന്ന 'രജത കുമാര്‍ മോഡല്‍' 'മൂല്യ ബോധന യാത്രകളെ എങ്ങിനെയാണ് സഫലമാക്കുക ?

അപമാനത്തിനെതിരെ ആര്‍ജ്ജവത്തോടെ പ്രതികരിച്ചത്തിന്റെ പേരില്‍ ഒന്നിലധികം കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുകയും ചിലയിടങ്ങളിലെങ്കിലും ആണിനെ കൈ വെച്ചവള്‍ എന്ന പേരില്‍ അഹങ്കാരിയെന്നു മുദ്ര കുത്തപ്പെടുകയും ചെയ്യുന്നുവെങ്കിലും അതൊന്നും കൂസാതെ തികഞ്ഞ ശാന്തതയോടെയാണ് നടന്ന സംഭവങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അമൃതയും കൂടുകാരി റെമോണയും പങ്കു വെച്ചത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്ക്രമങ്ങള്‍ക്കെതിരായ വണ്‍ ബില്ല്യണ്‍ റൈസിങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു, ഞാനും സുഹൃത്ത് റെമോണയും. എന്റെ ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. റെമോണയുടെ അച്ഛന്‍, അമ്മ, ചേച്ചി എന്നിവര്‍ ഒരു ജീപ്പിലും എന്റെ അച്ഛനും അമ്മയും അമ്മൂമ്മയും മറ്റൊരു കാറിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സമ്മേളനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ഭക്ഷണം കഴിക്കുന്നതിനായി ബേക്കറി ജംഗ്ഷനില്‍ രാത്രിയിലും തുറന്നു പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ എത്തി. ഞങ്ങള്‍ അവിടെ എത്തുന്നതിനു മുന്‍പു തന്നെ റെമോണയുടേയും എന്റെയും കുടുംബം അവിടെ എത്തിയിരുന്നു. എന്റെ അച്ഛനും റെമോണയുടെ അച്ഛനും ഭക്ഷണം വാങ്ങാന്‍ തട്ടുകടയിലേക്ക് പോയിരുന്നു. ഞങ്ങള്‍ അവിടെ എത്തുബോള്‍ ജീപ്പിലിരിക്കുന്ന റെമോണയുടെ ചേച്ചിയോട് വളരെ വൃത്തികെട്ട ആംഗ്യങ്ങള്‍ കാട്ടുന്ന ഒരാളെയാണ് കണ്ടത്. നിനക്കൊക്കെ എന്താണ് വേണ്ടത് എന്നു ചോദിച്ചപ്പോള്‍ ആവശ്യമുള്ളതാണ് കാണിച്ചത് എന്നായിരുന്നു മറുപടി. ഞങ്ങള്‍ക്കൊപ്പം ആണുങ്ങള്‍ ആരും ഇല്ലെന്ന് അവര്‍ക്കു തോന്നിയിരിക്കണം. സര്‍ക്കാര്‍ ബോര്‍ഡു വെച്ച വാഹനത്തിലായിരുന്നു അവര്‍.. സര്‍ക്കാര്‍ വണ്ടിയിലെത്തി തോന്ന്യവാസം കാട്ടുന്നോ എന്നു ചോദിച്ചു. എന്നാല്‍ വണ്ടി റൈസ് ചെയ്ത് കേട്ടാലറക്കുന്ന അസഭ്യങ്ങലുമായി വണ്‍വേ ക്രോസ് ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു. ചുണയുണ്ടെങ്കില്‍ തിരിച്ചു വരാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോള്‍ അവര്‍ തിരികെ വന്നു. അവര്‍ നാലുപേര്‍ ഉണ്ടായിരുന്നു എന്നാണ് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത്. തട്ടുകടയുടെ തൊട്ടരികിലുള്ള പാന്‍പരാഗ് കടയിലേക്ക് അവര്‍ കയറി നിന്നു. പിന്നെ കണ്ടമാനം തെറി പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ എല്ലാവരോടും സഹായമാഭ്യര്‍ഥിച്ചു . അശ്ലീല ആംഗ്യം കാട്ടുകയും ഇപ്പോള്‍ തിരിച്ചു വന്ന് തെറി പറയുകയും ചെയ്യുന്നുവെന്ന് എല്ലാവരോടും പറഞ്ഞു. ഇതു മനസ്സിലാക്കി അച്ഛന്‍ മുന്നോട്ടു വന്നു; എന്നാല്‍ അച്ഛനെ നിലത്തു തള്ളിയിടുകകയാണ് ചെയ്തത്. അതോടെ എനിക്കെന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമായി. അയാളെ ഷര്‍ട്ടോടെ കുത്തിപ്പിടിച്ച് നിലത്തിട്ടു. ഒരെണ്ണം കൊടുക്കുകയും ചെയ്തു. അവര്‍ എല്ലാം,നന്നായി മദ്യപിച്ചിരുന്നു. അപ്പോള്‍ തന്നെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി എഴുതി നല്‍കുകയും ചെയ്തു. ഇപ്പോള്‍ അറിയുന്നു, എന്റെ പേരില്‍ കേസെടുക്കാന്‍ നീക്കം നടക്കുന്നുവെന്ന് .

കേസെടുത്തതില്‍ എതസ്വാഭാവികതയാണുള്ളത് . നിയമാനുസൃതമായ നിലയില്‍ മുന്നോട്ടു പോകുകയായിരുന്നില്ലെ വേണ്ടത് ?തല്ലിയതിന് ന്യായീകരണമുണ്ടോ ?

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്ക്രമങ്ങള്‍ ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചു വരികയാണ്. പൊതു സ്വകാര്യ ഇടങ്ങള്‍ ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും പ്രാപ്യമാകണം. സ്ത്രീകള്‍ മാത്രമാകുമെന്നു കരുതിയാണ് അവര്‍ അശ്ലീല ആംഗ്യം കാട്ടാന്‍ തുടങ്ങിയത്. പുരുഷന്മാര്‍ ഒപ്പമുണ്ടെന്നു മനസ്സിലായതോടെ പതിയെ പിന്‍വാങ്ങുകയായിരുന്നു. ഒപ്പം പുരുഷന്മാര്‍ സംരക്ഷിക്കാനില്ലെങ്കില്‍ ആര്‍ക്കും കടന്നാക്ക്രമിക്കപ്പെടാനുള്ള വസ്തുക്കള്‍ മാത്രമാണോ സ്ത്രീകള്‍ ? മദ്യപിച്ചിട്ടുണ്ട് എന്നത് സ്ത്രീകളെ അപമാനിക്കാനും അപഹസിക്കാനുമുള്ള ലൈസന്‍സ് ആകുന്നതെങ്ങനെ. എന്നെ കേട്ടാലറക്കുന്ന തെറി പറയുന്നതു കേട്ടാണ് അച്ഛന്‍ ഓടി വന്നത് . വന്ന പാടെ അച്ഛനെ അവര്‍ നിലത്തു തള്ളിയിടുകയായിരുന്നു. അപ്പോള്‍ ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കുകയായിരുന്നു. ആത്മരക്ഷാര്‍ത്ഥമുള്ള പ്രതിരോധം എങ്ങിനെയാണ് തല്ലലാകുക ? സ്വയം രക്ഷിക്കാനുള്ള അവകാഴമെങ്കിലും സ്ത്രീകള്‍ക്കില്ലേ ? സ്വന്തം അമ്മക്കോ കൂടപ്പിറപ്പിറപ്പുകള്‍ക്കാര്‍ക്കെങ്കിലുമോ അതല്ലെങ്കില്‍ ഉറ്റവര്‍ക്കാര്‍ക്കെങ്കിലുമോ ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുമായിരുന്നോ. കടന്നാക്ക്രമണത്തിനും ആശ്ലീലാംഗ്യവിക്ഷേപത്തിനും എതിരെ പ്രതികരിക്കുന്നത് എങ്ങിനെയാണ് നിയമം കയ്യിലെടുക്കുന്നതാകുക.

അമ്രുതയല്ല മറിച്ച് അച്ഛനും സുഹൃത്തും ചേര്‍ന്നാണ് അവരെ മര്‍ദ്ദിച്ചതെന്നും, പോപ്പുലാരിറ്റിക്കുവേണ്ടി അമൃത അതേറ്റെടുക്കുകയായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ടല്ലോ ?

അപമാനിക്കാന്‍ ശ്രമിച്ചവരില്‍ ഒരാളെ സ്വരക്ഷാര്‍ത്ഥം തല്ലി എന്നതു നേരു തന്നെ.എന്നെ തെറി വിളിക്കുന്നതു കണ്ട് അടുത്തു വന്ന അച്ഛനെ നിലത്തു തള്ളിയിട്ടപ്പോഴാണ് എനിക്കയാളെ തല്ലേണ്ടി വന്നത്.സ്വന്തം ജീവന്‍ അപകടത്തിലാക്കുന്ന പോപ്പുലാരിറ്റിസ്റ്റണ്ട് നടത്തുന്നവര്‍ ഉണ്ടാകാം. എനിക്കതിന്റെ ആവശ്യമില്ല. എന്റെ നേരെയെന്നല്ല ഏതു സ്ത്രീക്കു നേരെ കടന്നാക്ക്രമണമുണ്ടായാലും ഞാന്‍ മുന്നില്‍ നിന്നു പ്രതികരിക്കും. അതെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന കുപ്പ്രചരണങ്ങള്‍ കൊണ്ടെന്നും എന്നെ തളര്‍ത്താനാകില്ല .

വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അടിപിടിയില്‍ കലാശിച്ചതെന്നും പ്രചരണമുണ്ട്.

ആടിനെ പട്ടിയും , പട്ടിയെ പേപ്പട്ടിയുമാക്കുന്ന നിരവധി സംഭവങ്ങളുണ്ട് . ആദ്യം അച്ഛനാണു തല്ലിയതെന്നു പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇപ്പോള്‍പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട കേവല തര്‍ക്കമായി വിഷയത്തെ ലഘൂകരിക്കുന്നു. അപ്പോള്‍ അശ്ലീല ആംഗ്യ പ്രകടനം തുടങ്ങി കയ്യേറ്റം അടക്കമുള്ള വിഷയങ്ങള്‍ തിരസ്ക്കരിക്കപ്പെടുമല്ലോ . ഒരു സ്ത്രീക്കും ആരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകരുത് . സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വൈര്യമായി സമാധാനപരമായി സഞ്ചരിക്കാനാകണം .

പെണ്ണ് ആണിനെ തല്ലി എന്നതാണ് അടിസ്ഥാന പ്രശ്നമെന്നു തോന്നുന്നു. ഫ്യൂഡല്‍ ആണ്‍ ബോധം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു ന്യൂനപക്ഷം ഇത്തരം സംഭവങ്ങളെ വല്ലാതെ ഭയപ്പെടുന്നു . സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഈ വിഷയം പ്രോത്സാഹനമാകുമോ എന്ന ഭീതിയും അവരെ അലട്ടുന്നുണ്ടാകണം . അവരുടെ ഭയം അസ്ഥാനത്തല്ല. തിരക്കുള്ള ബസ്സില്‍ തീവണ്ടിയില്‍ അങ്ങിനെ ആണും പെണ്ണും അടുത്തിടപെടുന്ന ഇടങ്ങളിലെല്ലാം കാമം മുറ്റുന്ന പീള മനസ്സുമായി തുപ്പലൊലിപ്പിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലുമുണ്ട്. അവരുടെ പലതരം കടന്നാക്ക്രമണങ്ങളില്‍ ഭയം കൊണ്ടോ നിസ്സഹായത കൊണ്ടോ സ്ഥബ്ദരായിപ്പോകുന്ന നിരവധി അമ്മമാരുണ്ട് ; പെങ്ങന്മാരും. എന്റെ അനുഭവം / പ്രതികരണം ഒരു പാഠമാകണം; സന്ദേശവും. അനുമതിയില്ലാതെ മറ്റൊരാള്‍ക്ക് സ്വശരീരത്തില്‍ ഇനി സ്പര്‍ശിക്കാനാകരുത്. അതിനു വേണ്ടി ഏതറ്റം വരെയും നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം മുന്‍പോട്ടു കൊണ്ടു പോകും. സ്ത്രീകളെ ബഹുമാനിക്കുന്ന തുല്യതയില്‍ വിശ്വസിക്കുന്നവരെല്ലാം ലിംഗഭേദമെന്യേ എന്നെ പിന്തുണക്കുന്നുണ്ട്.

സ്ത്രീകളെ / പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമെല്ലാം ചൂഷണങ്ങള്‍ക്കു വിധേയമാക്കുന്ന നിരവധിയായ സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ/ മത / വാണിജ്യ രംഗങ്ങളിലെ പ്രമുഖരടക്കം പ്രതികളാകുന്ന ഇത്തരം സംഭവങ്ങളില്‍ വേട്ടക്കാര്‍ പൊതുവേ വിവിധ സ്വാധീനങ്ങളിലൂടെ രക്ഷ നേടുകയാണ്‌ പതിവ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യതസ്തമായി നീതിക്കുവേണ്ടിയുള്ള പോരാട്ടം സുധീരം തുടരുന്ന സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് അമൃതക്ക് എന്താണ് പറയാനുള്ളത്.

സൂര്യനെല്ലിയിലെ സഹോദരി ഓരോ സ്ത്രീയുടേയും അടയാളമാണ്. കഴിഞ്ഞ പതിനേഴു വര്‍ഷമായി പലനിലകളില്‍ വ്യവസ്ഥിതി നീതികേടു കാട്ടുന്നു. അപമാനം / അവഹേളനം / കടന്നാക്ക്രമണം/ ദുര്‍നടപ്പുകാരിയായി മുദ്രകുത്തല്‍ ഇതൊന്നും അത്ര സുഖകരമായ സ്ഥിതികളല്ല. അവയുടെ വേദന അറിയണമെങ്കില്‍ സ്ത്രീയാകണം. നിയമ നടപടികള്‍ ശക്തമാക്കിക്കൊണ്ടു മാത്രമേ കുറ്റവാളികള്‍ക്കു തുറുങ്കു നല്‍കാനാകൂ. പ്രതികളുടെ സ്വാധീനവും മേല്‍ക്കോയ്മയുമൊന്നും ഉചിതമായ ശിക്ഷ നല്‍കുന്നതിന് വിഘാതമാകരുത്. കേരള സമൂഹം ഒറ്റക്കെട്ടായി ആ സഹോദരിക്കൊപ്പമുണ്ട്.

പ്രതിസന്ധികളെ തൃണവല്‍ക്കരിച്ച് അമൃത തന്റെ പ്രതിഷേധ വഴിയില്‍ മുന്നോട്ടു പോകുകയാണ്. വ്യവഹാരങ്ങളുടെ നീരാളിപ്പിടുത്തമോ നുണകള്‍ കോര്‍ത്ത കഥാകഥനങ്ങളോ ഈ മിടുക്കിപ്പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെ/ പ്രതിരോധ മികവിനെ അശേഷം ചഞ്ചലപ്പെടുത്തുന്നില്ല. നിഷകളങ്കമായ പുഞ്ചിരിയോടെ അമൃത പറഞ്ഞു വെക്കുന്നു, കടന്നാക്ക്രമണങ്ങള്‍ക്കു മുന്നില്‍ നിസ്സംഗരാകാന്‍ ഇനി സ്ത്രീകളെ കിട്ടില്ല.

വാക്കുകളിലൂടെ പ്രവര്‍ത്തിയിലൂടെ അമൃത അടയാളം ചെയ്യുന്ന സ്ത്രീയുടെ വിഭിന്നമായൊരു മുഖമുണ്ട്. പെണ്ണെന്നാല്‍ പെണ്ണായിരിക്കണമെന്നോ, പെണ്ണിനെപ്പോലെ ഇരിക്കണമെന്നോ അതല്ലെങ്കില്‍ പെണ്ണല്ലേ ; പെണ്ണിന്റെ സ്വഭാവമെങ്കിലും വേണ്ടേ എന്നീ നിലകളിലെല്ലാമുള്ള വ്യവസ്ഥിതിയുടെ രൂഡമൂല പരികല്‍പ്പനകളെയെല്ലാം അത് അതിശക്തമായി റദ്ദു ചെയ്യുകയും അവഹേളനങ്ങള്‍ക്കെതിരായി പരുക്കന്‍ സമരങ്ങള്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. അമൃതയുടെ തല്ല് ആരെയെല്ലാമാണ് അസ്വസ്ഥരാക്കുന്നത്? അതെന്തുകൊണ്ടെല്ലാമാകാം. ഉത്തരങ്ങളുടെ സൂചികകള്‍ മുനകൂര്‍പ്പിക്കുന്നത് ഒരു ന്യൂനപക്ഷത്തിന്റെ ആപല്‍ഭയങ്ങളിലേക്കുതന്നെ. നിര്‍ദ്ദോഷമെന്നു സ്വയം കല്‍പ്പിക്കുന്ന 'കമന്റുകള്‍ക്കു ' മേലെപ്പോലും ചൂടന്‍ കൈപ്പത്തികള്‍ ശബ്ദമുണ്ടാക്കിയേക്കാമെന്ന് അവര്‍ ഭയക്കുന്നു.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുപ്പ്രസിദ്ധമായ ദുരഭിമാന ഹത്യകള്‍ വിരല്‍ ചൂണ്ടുന്നത് ജാതിയുടേയും മതത്തിന്റേയും ഇതര സ്വത്വ വാദങ്ങളുടേയും ആഴമുള്ള സ്വാധീനത്തെക്കുറിച്ചാണ്. ബലാല്‍സംഗങ്ങളടക്കം ശിക്ഷാ വിധികളാകുന്ന പ്രസ്തുത ഇടങ്ങളിലെ സ്ത്രീയുടെ ജീവിതാവസ്ഥളെ കേരളീയ സാമൂഹ്യ പാശ്ചാത്തലവുമായി താരതമ്യം ചെയ്യുക നീതിരഹിതമായിരിക്കുമെങ്കിലും അടിമുടി പുരോഗമനമുദ്ഘോഷിക്കുന്ന മലയാളിയുടെ തൊലിപ്പുറം മാറ്റി നോക്കിയാല്‍ പല്ലിളിക്കുന്ന ഫ്യൂഡല്‍ ആണധികാര ബോധത്തിന്റെ ചെറുമിടിപ്പുകള്‍ കാണാം, അവിടങ്ങളിലെല്ലാം ജാതി മത ഭിന്നതകള്‍ മറക്കപ്പെടുകയും അശ്ലീലമായ ഒത്തുതീര്‍പ്പുകള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നു. സുനന്ദ പുഷ്ക്കറിനെതിരെ വിമാനത്താവളത്തില്‍ നടന്ന കടന്നുകയറ്റം, പി ജെ ജോസഫ് വിമാനയാത്രക്കിടെ അവഹേളിച്ചതുമായി ബന്ധപ്പെട്ട സംഭവം , പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക പി ഇ ഉഷക്കെതിരായ നിന്ദ്യമായ കടന്നാക്ക്രമണം അനുബന്ധമായ നുണപ്രചാര വേല , വിവിധ ലൈംഗീക പീഡനക്കേസുകളിലെ ഇരകള്‍ക്കെതിരായി കെട്ടിച്ചമക്കപ്പെടുന്ന കിംവതന്തികള്‍, കെട്ടുകഥകള്‍ , ജസ്റ്റിസ് ബസന്തുമാര്‍ രാജതകുമാരന്‍മ്മാര്‍ , കുര്യന്മാരും ഓശാന വിദഗ്ധരും ഇവരെല്ലാം ഒത്തു ചേരുന്ന പൊതുമണ്ഡലത്തേയും നമ്മള്‍ കേരളമെന്നാണ് വിളിക്കുക ; ഖാപ്പു പഞ്ചായത്തുള്‍ അതിദൂരമല്ലാത്തത്; അമ്രുതമാരെയും ആര്യമാരെയും നിര്‍ബന്ധം ആവശ്യപ്പെടുന്നത് .

Images: Ratheesh Sundaram photography 2013