Prof K N Gangadharan

പുനരധിവാസം സൌജന്യമല്ല

ഗള്‍ഫ് മലയാളികളുടെ ത്യാഗത്തെ പ്രകീര്‍ത്തിക്കാത്തവരും കഷ്ടപ്പാടുകളില്‍ പരിതപിക്കാത്തവരുമായി ആരെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നില്ല. വാസ്തവത്തില്‍ ശരാശരി മലയാളിയുടെ കപട മുഖമാണിവിടെ തെളിയുന്നത് . ഗള്‍ഫ് മലയാളികളുടെ ത്യാഗത്തിലും കഷ്ടപ്പാടുകളിലും കേരളത്തിലെ മലയാളികള്‍ പരോക്ഷമായി ആനന്ദം കൊള്ളുന്നവരാണ്. ഗള്‍ഫ് മലയാളികളുടെ മടിശ്ശീലയാണ് അവര്‍ക്ക് നോട്ടം. തങ്ങളുടെ പണപ്പെട്ടി നിറച്ച്, ജീവിതം ആഡംബര സമ്പന്നമാക്കിയ ഗള്‍ഫ് സഹോദരന്മാര്‍ തിരിച്ചുവരുമ്പോള്‍ അവരെ എങ്ങിനെ പുനരധിവസിപ്പിക്കുമെന്ന ചിന്ത സമൂഹമനസ്സിനെ തെല്ലും അലട്ടുന്നില്ല.

പതിനൊന്നര ലക്ഷം മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. അവര്‍ എങ്ങിനെ ജീവിക്കുന്നുവെന്ന് ചിന്തിക്കാന്‍ ആരും മെനക്കെടാറില്ല. ഇരുപത്തി രണ്ടേകാല്‍ ലക്ഷം മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നു എന്നാണ് കണക്ക്. ഇന്നല്ലെങ്കില്‍ നാളെ അവരും തിരിച്ചെത്തും. ആ രാജ്യങ്ങളില്‍ സ്വദേശിവത്കരണം ശക്തിയേറുകയാണ്. ലഭ്യമായ തൊഴില്‍ ഗള്‍ഫുകാര്‍ക്കുതന്നെ നീക്കിവെക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്കും നടപടികള്‍ക്കും പല രാജ്യങ്ങളും രൂപം നല്‍കി കഴിഞ്ഞു. പലതും രൂപം നല്‍കിവരുന്നു. ഒമാന്‍ ആ പ്രക്രിയ ഏതാണ്ട പൂര്‍ത്തിയാക്കി. ഖത്തറും ഏതാണ്ട് അതേ വഴിക്കാണ്. ഏറ്റവും അധികം മലയാളികള്‍ തൊഴിലെടുക്കുന്ന സൌദിയിലും യു.എ.ഇ. യും തൊഴില്‍ സ്വദേശിവത്ക്കരണത്തിന്റെ പാതയിലാണ് . പല രാജ്യങ്ങളും വിദേശ തൊഴിലാളികളുടെ അനുപാതം നിശ്ചയിക്കുന്ന തിരക്കിലാണ്. കുറച്ചു മാത്രം തൊഴിലാളികളെ വേണ്ട സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും ആഭ്യന്തര തൊഴിലാളികളെ നിയമിക്കണമെന്ന നിബന്ധനയും രൂപം കൊള്ളുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല മലയാളികള്‍ പണിയെടുക്കുന്നത്. പാശ്ചാത്യരാജ്യങ്ങളായ അമേരിക്ക, കാനഡ, ഇംഗ്ളണ്ട്, ആസ്ത്രേലിയ, യുറോയപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും തൊഴില്‍ തേടി ഏറെപേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് മലയാളികളും, ഉദാഹരണമായി, അമേരിക്കന്‍ മലയാളികളും തമ്മില്‍ വ്യത്യാസമുണ്ട്. അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ വിദേശികള്‍ക്ക് പൌരത്വാവകാശം അനുവദിക്കുന്നു. അമേരിക്കയില്‍ ചേക്കേറിയ മലയാളി കുടുംബങ്ങള്‍ കുറേ കഴിയുമ്പോള്‍ അമേരിക്കന്‍ പൌരത്വം സ്വീകരിച്ച് തനി അമേരിക്കക്കാരനായി മാറുന്നു. അത്യപൂര്‍വ്വമായി മാത്രമെ അവര്‍ നാട്ടിലെത്തുന്നുള്ളു. നാട്ടിലെത്തിയാലോ തിരിച്ചു പോകാനുള്ള വ്യഗ്രതയിലാണ്. കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും മങ്ങിക്കത്തുന്ന വിളക്കുകളും ചോര്‍ന്നൊലിക്കുന്ന യാത്രാ വാഹനങ്ങളും അവര്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ്. അത്യപൂര്‍വ്വമായെങ്കിലും കേരളത്തിലെ മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്നവള്‍ ഇല്ലെന്നല്ല.

ഒരിക്കല്‍ തലസ്ഥാനത്ത് സമ്പന്നരായ ആളുകള്‍ കൂടുതല്‍ താമസിക്കുന്ന ഒരു സ്ഥലത്ത് പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഒരു യോഗത്തില്‍ സംസാരിച്ച അനുഭവം ഓര്‍ക്കുന്നു . സംഘാടകരുടെ പ്രേരണക്ക് വഴങ്ങിക്കൂടിയാകണം കുറേ ആളുകള്‍ പ്രസംഗം കേള്‍ക്കാന്‍എത്തിയിരുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ പങ്കെടുക്കാനെത്തിയവരില്‍ ബഹുഭൂരിപക്ഷവും ശരാശരിക്കും മുകളിലുള്ളവരെന്നു വ്യക്തമായിരുന്നു .അക്കാലത്താണ് ഹ്യൂഗോഷാവേസിന്റെ മുന്‍കയ്യില്‍ ഐ.എം.എഫിന് ബദലായി ബാങ്ക് ഓഫ് ദി സൌത്ത് എന്ന പേരില്‍ഒരു അന്താരാഷ്ട്ര സ്ഥാപനം ആരംഭിക്കാനുള്ള ചര്‍ച്ച നടന്നുവന്നത്. അതിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി വര്‍ത്തിക്കുന്ന ഐ.എം.എഫിന് ഒരു ജനകീയ പദല്‍ ഉണ്ടായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. നിമിഷത്തിനകം മുന്‍ സീറ്റിലിരുന്ന ശുഭവസ്ത്രധാരികളായ നന്നേ പ്രായമുള്ള രണ്ടു മൂന്നുപേര്‍ ആക്രോശിച്ചുകൊണ്ട് എഴുന്നേറ്റു. അമേരിക്കയെ വിമര്‍ശിച്ചതായിരുന്നു പ്രകോപനത്തിന് കാരണം. പിന്നീട് സംഘാടകര്‍ എന്നെ അറിയിച്ചു. ആ വിമര്‍ശകരുടെ മക്കളും മരുമക്കളുമെല്ലാം അമരിക്കയില്‍ നല്ല നിലയില്‍ കഴിയുകയും വീട്ടിലേക്ക് പണമയയ്ക്കുകയും ചെയ്യുന്നവരാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ തൊഴില്‍ തേടിയെത്തിയവരില്‍ ഭൂരിപക്ഷവും ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത. പലപ്പോഴും പ്രൊഫഷണല്‍ ബിരുദം തന്നെ കരസ്ഥമാക്കിയവരായിരുന്നു. അതനുസരിച്ചുള്ള ശമ്പളവും അവര്‍ക്ക് ലഭിച്ചിരുന്നു.

വളരെ വ്യത്യസ്തമാണ് ഗള്‍ഫ് കുടിയേറ്റക്കാരുടെ സ്ഥിതി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഭൂരിപക്ഷവും. കര്‍ഷകത്തൊഴിലാളികളും, പരമ്പരാഗതവ്യവസായ തൊഴിലാളികളും, ഡ്രൈവര്‍മാരും, പെന്റര്‍മാരും,മേസ്തിരിമാരുടെ കയ്യാളുകളും, ഒരു തൊഴിലും ഇല്ലാതിരുന്നവരും ആ കൂട്ടത്തിലുണ്ട്. കരാര്‍ തൊഴിലാളികളായാണ് പലരും ഗള്‍ഫിലെത്തിയത്. കരാര്‍ കാലാവധിവരെ മാത്രമേ അവര്‍ക്കവിടെ തങ്ങാന്‍ കഴിയൂ. 20 മുതല്‍ 40 വയസ്സുള്ളവരാണ് ഭൂരിപക്ഷം ഗള്‍ഫ് കുടിയേറ്റക്കാരും. നാല്പതോ അമ്പതോ വയസ്സുകഴിയുമ്പോഴാണ് അവര്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, ഗള്‍ഫില്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലല്ലാതെ മറ്റൊന്നും വശമില്ലാത്ത അവസ്ഥ, സര്‍വ്വോപരി പ്രായം ഇതെല്ലാം ഗള്‍ഫ് മലയാളികളുടെ സ്ഥിതി അതീവ സങ്കീര്‍ണ്ണമാക്കുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ ഭാഗമായി അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍രാജ്യങ്ങളും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുകയാണ്. വിദേശ തൊഴിലന്വേഷകരുടെ പട്ടികയില്‍ആ രാജ്യങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അതായത് മലയാളികള്‍ അവരുമായി തൊഴിലിന് മത്സരിക്കണം.

ഗള്‍ഫ് മലയാളികളുടെ പുനരധിവാസമെന്ന സങ്കീര്‍ണ്ണ പ്രശ്നം നേരിടാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോ കേരള സര്‍ക്കാരിനോ മൂര്‍ത്തമായ ഒരു പദ്ധതിയും ഇല്ലെന്നതാണ് പരമാര്‍ത്ഥം.കേരളീയ സമൂഹം ഇനിയും ഇക്കാര്യത്തില്‍ ഉണര്‍ന്നു ചിന്തിക്കാന്‍ തുടങ്ങിയിട്ടുമില്ല. അതുകൊണ്ടാണ് ഗള്‍ഫ് മലയാളികളുടെ ത്യാഗത്തെ (ചോരനീരാക്കി എന്ന പ്രയോഗം) പ്രകീര്‍ത്തിക്കുമ്പോഴും കഷ്ടപ്പാടുകളില്‍ പരിതപ്പിക്കുമ്പോഴും മലയാളിയുടെ കാപട്യം തെളിഞ്ഞുവരുന്നു എന്ന് പ്രസ്താവിച്ചത്. ഈ പ്രസ്താവനയെ കൂടുതല്‍ സാധൂകരിക്കുന്നതായി അടുത്തകാലത്ത് നടത്തപ്പെട്ട എമര്‍ജിംഗ് കേരള ഗള്‍ഫ് മലയാളികളുടെ പുനരധിവാസം അവിടെ ചര്‍ച്ചാവിഷയമായില്ല. ഭൂമിയായിരുന്നു അവിടുത്തെ ചര്‍ച്ചാവിഷയം. ജനങ്ങളായിരുന്നില്ല.

കണ്ണുണ്ടായിരുന്നയാള്‍ കണ്ണുപൊട്ടനാകുമ്പോഴാണല്ലോ കാഴ്ചയുടെ ഗുണം അറിയുക. ഗള്‍ഫ് മലയാളികള്‍ കൂട്ടത്തോടെ തിരിച്ചുവന്നാലാണ് ഗള്‍ഫ് മലയാളികള്‍ കേരളീയ ജീവിതത്തില്‍ നല്‍കുന്ന സംഭാവനകള്‍ തിരിച്ചറിയുക.

കേരളപ്പിറവിയെ തുടര്‍ന്ന് 1957 ഏപ്രില്‍ 5 നാണ് ഇ.എം.എസ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. 1957-58 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി സി. അച്യുതമേനോന്‍ ഇങ്ങനെ പ്രസ്താവിച്ചു. "ജനസാന്ദ്രതയും കൃഷിഭൂമിയുടെ ദൌര്‍ല്ലഭ്യവും, വ്യവസായങ്ങളുടെ അപര്യാപ്തതയും ചേര്‍ന്ന്,തൊഴിലില്ലായ്മ ക്ഷാമമത്രയും ചേര്‍ന്ന്, തൊഴിലില്ലായ്മ രൂക്ഷത വിശദമാക്കാന്‍ ചില കണക്കുകളും ഉദ്ധരിക്കുന്നുണ്ട്. ഒരുകോടി മുപ്പത്തഞ്ച് ലക്ഷമായിരുന്നു സംസ്ഥാനത്ത് ജനസംഖ്യ. 15 വയസ്സിനുമേല്‍ പ്രായമുള്ള (അതായത് തൊഴിലെടുക്കാന്‍ പ്രാപ്തരായി 80 ലക്ഷം പേരില്‍, 14,20,000 പേര്‍ക്ക് യാതൊരു തൊഴിലും ഇല്ലായിരുന്നു. 31.59 ലക്ഷം പേര്‍ കര്‍ഷക തൊഴിലാളികളായിരുന്നു. നെല്‍കൃഷിയായിരുന്നു മുഖ്യം.

നെല്‍കൃഷിക്ക് ദീര്‍ഘകാല വിളകളായ വാണിജ്യവിളകളെ അപേക്ഷിച്ച് പല പ്രത്യേകതകളുണ്ട്. അതിന് കൂടുതല്‍ അദ്ധ്വാനം വേണം. അതായത് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കും. നെല്‍കൃഷിക്കും കന്നുകാലി വളര്‍ത്തലിനും പ്രോത്സാഹനമാകും. പുല്ലും വയ്ക്കോലും മൃഗങ്ങള്‍ക്കും പാലും ഇറച്ചിയും മനുഷ്യര്‍ക്കും ഭക്ഷണമാകും. കൃഷിയും മൃഗപരിപാലനവും മീന്‍ വളര്‍ത്തലും ഉള്‍പ്പെട്ട കൃത്യമായ ജൈവചക്രമായിരുന്നു കേരളീയ ജീവിതവും സംസ്ക്കാരവും നിര്‍ണ്ണയിച്ചിരുന്നത്.

എന്നാല്‍ 195758 ല്‍ 7.91 ലക്ഷം ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നത് 2010-2011 ല്‍ 2.13 ലക്ഷം ഹെക്ടറായി ചുരുങ്ങി. റബ്ബര്‍ കൃഷി ഇക്കാലയളവില്‍ 1.12 ലക്ഷം ഹെക്ടറില്‍ നിന്ന് 5.25 ലക്ഷം ഹെക്ടറായും തെങ്ങുകൃഷി 4.73 ലക്ഷം ഹെക്ടറില്‍ നിന്ന് 7.78 ലക്ഷം ഹെക്ടറായും ഉയര്‍ന്നു. മറ്റൊന്നുകൂടി സംഭവിച്ചു. 1980 ല്‍ കയര്‍ വ്യവസായത്തില്‍ തൊഴിലെടുത്തിരുന്നവര്‍ 5 ലക്ഷം പേരായിരുന്നു. ഇപ്പോഴത് 3.5 ലക്ഷമായി ചുരുങ്ങി. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ എണ്ണം 2 ലക്ഷത്തില്‍ നിന്നും മുപ്പതിനായിരവും. കശുവണ്ടി വ്യവസായത്തിലെ 1.2 ലക്ഷം തൊഴിലാളികളില്‍ നിന്ന് പതിനെണ്ണായിരമായും കുറഞ്ഞു.

ചില പ്രവണതകള്‍ ചൂണ്ടിക്കാണിക്കുകമാത്രമാണ് ചെയ്യുന്നത്. മൊത്തത്തില്‍ പറഞ്ഞാല്‍ തൊഴിലവസരങ്ങള്‍ ചുരുങ്ങി. കേരളത്തിന്റെ ഈ പശ്ചാത്തലത്തിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആശ്വാസവാതില്‍ തുറക്കപ്പെടുന്നത്.

1958ലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണയുടെ അക്ഷയഖനി തുറക്കുന്നത്. 1962 ആയപ്പോഴേക്കും എണ്ണ കയറ്റുമതി ആരംഭിച്ചു. ഗള്‍ഫ് മേഖല സമ്പന്നമായി. വരുമാനത്തില്‍ ഒരുഭാഗം അമേരിക്കന്‍ ബാങ്കുകളില്‍ ഡോളഖായിത്തന്നെ നിക്ഷേപിക്കപ്പെട്ടു. അതാണ് പെട്രോ ഡോളര്‍. മറുഭാഗം, കെട്ടിടങ്ങള്‍, ഓഫീസ് സമുച്ചയങ്ങള്‍, ടൂറിസ്റ് കേന്ദ്രങ്ങള്‍, വിപണനകേന്ദ്രങ്ങള്‍, റോഡുകള്‍ തുടങ്ങിയവരുടെ നിര്‍മ്മിതിക്കായി വിനിയോഗിക്കാന്‍ തുടങ്ങി. അതോടെ ലക്ഷക്കണക്കിനുള്ള അതിവിദഗ്ദ്ധ തൊഴിലാളികളും വിദഗ്ദ്ധ തൊഴിലാളികളും ആവശ്യമായി വന്നു. ധാരാളം പേര്‍ തൊഴില്‍ തേടി ഗള്‍ഫിലേക്കു കുതിച്ചു. ആദ്യം പത്തേമാരികളില്‍, പിന്നെ കപ്പല്‍ മാര്‍ഗ്ഗം, തുടര്‍ന്ന് വിമാനങ്ങളില്‍ - അങ്ങിനെ കുടിയേറ്റം തുടര്‍ന്നു. കുടിയേറ്റക്കാരുടെ എണ്ണം കൂടിയപ്പോള്‍ വിസ കച്ചവടവും തകൃതിയായി. 1970 കളില്‍ ആരംഭിച്ച കുടിയേറ്റം 1980 കളില്‍ ശക്തമായി. 1970കളുടെ ഒടുവില്‍ ഏതാണ്ട് രണ്ടര ലക്ഷം തൊഴിലാളികളാണ് ഗള്‍ഫ് രാജ്യങ്ങളിലെത്തിയത്. 1992-93 ല്‍ ബ്യൂറ ഓഫ് ഇക്കണോമിക്സ് ആന്റ് സ്റാറ്റിസ്റിക്സ് നടത്തിയ സാമ്പിള്‍ പഠനപ്രകാരം 6.41 ലക്ഷം പേരാണ് ഗള്‍ഫില്‍ കുടിയേറിയത്. കുടിയേറ്റക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല. അനധികൃത കുടിയേറ്റം ധാരാളം നടന്നിട്ടുണ്ട്. ഊഹവും (ഗസ്സ്) കണക്കെടുപ്പും (എസ്റിമേറ്റ്) ചേര്‍ന്ന എസ്റിമേറ്റിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസ് 63 താലൂക്കുകില്‍ 15,000 കുടുംബങ്ങളില്‍ നടത്തിയ സാമ്പിള്‍ പഠനപ്രകാരം, 22.8 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട്.

കഴിഞ്ഞ ഒരുവര്‍ഷം ഗള്‍ഫ് മലയാളികള്‍ നാട്ടിലെത്തിച്ചത് 49,965 കോടി രൂപയാണ്. അക്കൊല്ലം കേന്ദ്രം നികുതി വിഹിതവും, ഗ്രാന്റുമായി സംസ്ഥാനത്തിന് നല്‍കിയത് 7339 കോടി രൂപയാണ്. അതായത് ഗള്‍ഫ് വരുമാനത്തിന്റെ 14.68 ശതമാനം സംസ്ഥാന വരുമാനത്തിന്റെ 31.2 ശതമാനം ഗള്‍ഫ് മലയാളികളുടെ സംഭാവനയാണ്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ ആറിരട്ടി വരും ഗള്‍ഫ് വരുമാനം. കേരളീയന്റെ ഉയര്‍ന്ന ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനവും ഗള്‍ഫ് പണം തന്നെ. 2009-2010 ലെ കണക്കുപ്രകാരം ഒരു കേരളീയന്റെ ആളോഹരി വരുമാനം 68,375 രൂപയായിരുന്നു. എന്നാല്‍ ഗള്‍ഫ് വരുമാനം വറ്റിയാല്‍ അത് 52,084 രൂപയായി കുറയും.

ഗള്‍ഫ് വരുമാനം കേരളീയര്‍ പണപ്പെട്ടിയില്‍ അടച്ചുപൂട്ടി സൂക്ഷിക്കുന്നില്ല. ചെലവാക്കപ്പെടുകയാണ്. കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍, കാറുകള്‍ വാങ്ങാന്‍, വസ്ത്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങാന്‍. അങ്ങനെ മറ്റു പലതിനുമായി ചെലവാക്കപ്പെടുകയാണ്. അതാകട്ടെ അതത് മേഖലകളെ ചലനാത്മകമാക്കുന്നു. ഉദാഹരണമായി കെട്ടിട നിര്‍മ്മാണം വര്‍ദ്ധിക്കുമ്പോള്‍ മരപ്പണിക്കാര്‍ക്കും, കല്‍പ്പണിക്കാര്‍ക്കും, പെയിന്റര്‍മാര്‍ക്കും തൊഴിലുണ്ടാകും. സിമന്റിനും കമ്പിക്കും ആവശ്യമുയരുന്നതോടെ ആ മേഖലകളിലെ ഉല്‍പാദനവും ഉയരും. കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. ചുരുക്കത്തില്‍ ഗള്‍ഫ് മലയാളികള്‍ പണിയെടുക്കുക മാത്രമല്ല ചെയ്യുന്നത്. നാട്ടിലെ സഹോദരങ്ങള്‍ക്ക് തൊഴില്‍ നല്‍കുക കൂടിയാണ്.

ലേഖനം അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരു കാര്യംകൂടി. കേരളം പരിഹാരം കാണേണ്ടത് ഗള്‍ഫ് മലയാളികളുടെ തൊഴില്‍ വരുമാന പ്രശ്നങ്ങള്‍ മാത്രമല്ല ഒറ്റ തിരിഞ്ഞ് അതുമാത്രമായി പരിഹരിക്കുകയും പ്രയാസമാണ്. ലക്ഷക്കണക്കിന് യുവതി-യുവാക്കള്‍ തൊഴില്‍ രഹിതരായുണ്ട്. അവര്‍ക്കും ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്നവര്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കണമെങ്കില്‍ കേരളത്തിന്റെ സമഗ്രമായ വികസനം സാദ്ധ്യമാകണം. അതാകട്ടെ ഭൂമി കച്ചവടത്തിലൂന്നിയ 'എമര്‍ജിംഗ് കേരള' കൊണ്ട് ആവുകയുമില്ല.