K G Suraj

ഗാന്ധിജിയും ചെ ഗുവേരയും കാട്ടാക്കടയില്‍ കണ്ടപ്പോള്‍

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമുന്നേറ്റങ്ങളില്‍ കാട്ടാക്കടക്ക് നിസ്തുലമായ പങ്കാണുള്ളത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ വടക്കു കിഴക്കായി പശ്ചിമഘട്ടത്തിന്റെ ജൈവസമ്പത്തുക്കളാല്‍ അനുഗ്രഹീതമായ പ്രദേശം കാര്‍ഷിക സമൃദ്ധിയുടേയും അധ്വാനിക്കുന്നവരുടേയും കഠിന പ്രയത്നങ്ങളാല്‍ സമ്പന്നമാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ജനകീയ സമരങ്ങളടക്കം ത്യാഗസുരഭിലമായ നിരവധിയായ മുന്നേറ്റങ്ങള്‍ക്കാണ് പുരോഗമന പക്ഷത്തടിയുറച്ചു നില്‍ക്കുന്ന പ്രദേശത്തെ ജനത നേതൃത്വം നല്‍കിയത്. ജന്മിത്തത്തിനെതിരായ ഉശിരന്‍ പോരാട്ടങ്ങളുടെ ചരിത്രം അടയാളം ചെയ്യുന്ന എഴുപതുകളിലെ ചന്തക്കരം വിരുദ്ധ സമരം, ജാതിയുടെ അടിസ്ഥാനത്തിലെ വിവേചനങ്ങളുടെ ഭാഗമായി ചായക്കടകളില്‍ നിലനിന്നിരുന്ന (ചിരട്ട / ചില്ലുഗ്ലാസ്) വേര്‍തിരുവുകള്‍ക്കെതിരായ സമരങ്ങള്‍, ഹോട്ടല്‍ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള മുന്നേറ്റങ്ങള്‍, മുള്ളിയോട് മിച്ചഭൂമി സമരം, ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ പണിമുടക്ക് , തോട്ടം മേഖലയിലെ ടാപ്പിങ്ങ് തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍ തുടങ്ങി പുരോഗമന ജനാധിപത്യ പ്രസ്ഥാനം നേതൃത്വം നല്‍കിയ നിരവധിയായ സഹന സമരങ്ങളിലൂടെയാണ് കാട്ടാക്കടയുടെ സാമൂഹ്യചരിത്രം അടയാളം ചെയ്യപ്പെടുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശ സമരങ്ങള്‍ക്കും അഭിപ്പ്രായ സ്വാതന്ത്രത്തിനും ജനാധിപത്യ - മനുഷ്യാവകാശങ്ങള്‍ക്കും മേല്‍ സാമ്രാജ്യത്വം വിപുലമായ സന്നാഹങ്ങളൊരുക്കുമ്പോള്‍ കാട്ടാക്കടയെന്ന കൊച്ചു പട്ടണം കൃസ്ത്യന്‍ കോളേജിലെ ആയിരത്തിലധികം വിദ്യാര്‍ഥികളിലൂടെ ലോകത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തിയും ശബ്ദവും പകര്‍ന്ന് മാതൃകയാകുകയാണ്.

കോളേജിനരികിലെ താല്‍ക്കാലികസമരപ്പന്തല്‍ :

" പറിച്ചു മാറ്റിടാനാകുമോ ഗുവേരയെ ഇടനെഞ്ചില്‍ നിന്നായ് "

പകല്‍ കൊടുംചൂടിനിടയിലുയരും പൊടിക്കാറ്റും,

എല്ലുറയും രാത്രിത്തണുപ്പും അവഗണിച്ച് പെണ്‍ - ആണ്‍ ഭേദമെന്യേ അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു .

അണിമുറിയാക്കവിതകള്‍ ...

ദൃഡനിശ്ചിത ഭാഷണങ്ങള്‍ ...

നാടന്‍ പാട്ടിന്‍ ശീലുകള്‍ ..

എവിടെയും ഏതിലും അവരുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഇതിഹാസം ചെഗുവേര നിറഞ്ഞു നിന്നു.

" കാട്ടാക്കട .. കൂട്ടപ്പൂവേ .. " .....

ചെമ്പൂരിലേക്കു ചൂളം കുത്തിപ്പായുമൊരു നിറഞ്ഞ ട്രക്കറിന്റെ ചരിഞ്ഞ ' പിന്‍കഴുത്തില്‍ ' , തൂങ്ങിയാടിയ 'കിളി' തന്റെ ടീ ഷര്‍ട്ടിലെ ചിര പരിചിത മുഖത്തെ കോളേജു മുറ്റത്തെ സമരപ്പന്തലില്‍ക്കണ്ടു കൈ വീശിയഭിവാദ്യം ചെയ്തു

ലോകത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്കും സഹന സമരങ്ങള്‍ക്ക് ഒരു പൊതുമുഖമുണ്ട് . " എണസ്റ്റോ ചെ ഗുവേര .. " യാങ്കികളുടെ യന്ത്രത്തോക്കുകളാല്‍ ഛിന്നഭിന്നമാകുമ്പോഴും ഒത്തുതീര്‍പ്പുകള്‍ക്കു വിധേയനാകാത്ത ലാറ്റിനമേരിക്കന്‍ ദരിദ്ര ജനതയുടെ വിമോചന സമരനായകന്‍.

ചെ ഗുവേര എങ്ങിനെയാണ് കാട്ടാക്കടയുടെ സമര കേന്ദ്രമാകുക.

വായിച്ചും ചിത്രങ്ങളില്‍ക്കണ്ടും മാത്രം പരിചിതനായ അവരുടെ ചെ ഗുവേരക്കു വേണ്ടി എന്തിനാകും ഇരുപതു തികയാത്ത കിച്ചു എം എസ് എന്ന സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ഥി (എസ് എഫ് ഐ , കാട്ടാക്കട ഏരിയാ സെക്രട്ടറി) എട്ടു ദിവസത്തിലധികം നിരാഹാരമനുഷ്ടിച്ചിരിക്കുക. നൂറു കണക്കിനു വരുന്ന സഹപാടികള്‍ ഇതര സക്കൂള്‍ക്കോളേജുകളിലെ കുട്ടികള്‍ അധ്യാപകര്‍ അനധ്യാപകര്‍ അമ്മമാര്‍ തൊഴിലാളികള്‍ യുവജനങ്ങള്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ പുരോഗമന ജനാധിപത്യ പ്രസ്ഥാനം തുടങ്ങി ഒരുനാടാകെ അവരെ എന്തുകൊണ്ടെല്ലാമാകും നെഞ്ചു ചേര്‍ത്തിരിക്കുക.

നിരാഹാരത്തിന്റെ എട്ടു ദിനങ്ങള്‍ .. ക്ഷീണിതമെങ്കിലും കൌമാരം വിട്ടുമാറാത്ത കിച്ചുവിന്റെ കണ്ണുകളില്‍ സമരത്തിന്റെ തീ കത്തി നിന്നു. അവന് അധികം സംസാരിക്കാനാകുമായിരുന്നില്ല... എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ശിവപ്രസാദും (മൂന്നാം വര്‍ഷ ഗണിതം), യൂണിറ്റ് സെക്രട്ടറി അഭിലാഷ് വി എസ്സും ( സാമ്പത്തിക ശാസ്ത്രം - മൂന്നാം വര്‍ഷം) വിവരങ്ങള്‍ വിശദീകരിച്ചു.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ യ്യാണ് വിജയം നേടിയത്. കോളേജ് മാഗസിന്‍ മനോഹരവും വ്യത്യസ്വുമാക്കാന്‍ യൂണിയന്‍ തീരുമാനിച്ചു. സാര്‍വ്വദേശീയ രംഗത്തെ സ്ഥിതിഗതികള്‍ അക്കാദമിക നിലവാരത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിപുലമായ പഠനവും തയ്യാറെടുപ്പുകളുമാണ് സംഘടിപ്പിച്ചത്. മറ്റേത് മേഖലയിലുമെന്നപോലെ വിദ്യാഭാസ രംഗത്തെ വാണിജ്യ / വരേണ്യവല്‍ക്കരണത്തെക്കുറിച്ചും സംവാദങ്ങള്‍ ഉയരത്തക്ക വിധം അതു സജ്ജമാക്കി. ഇവിടെ 90 % വിദ്യാര്‍ഥികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും അധ്യയനം ലക്ഷ്യമാക്കുന്നവരാണ്. അതുകൊണ്ടു തന്നെ സാമ്രാജ്യത്വമാണ് പാവപ്പെട്ട വിദ്യാര്‍ഥിക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സാമൂഹികതിന്മയുടെ ഉപജ്ഞാതാവെന്ന തിരിച്ചരിവ് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ കോളേജ് മാസികയില്‍ പാവപ്പെട്ടവന്റെ പടയാളി ചെ ഗുവേരയുടെ ചിത്രം ഉണ്ടാകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥിയും യൂണിവേഴ്സിറ്റി യൂണിയന്‍ പ്രവര്‍ത്തകനുമായ ഒരു കലാകാരന്‍ ക്യാമ്പസ്സിലെത്തുകയും മികച്ച നിലയില്‍ അതു നിര്‍വ്വഹിക്കുകയും ചെയ്തു. ഞങ്ങള്‍ എല്ലാം ഒത്തു ചേരുന്ന കോളേജ് ഗ്രൌണ്ടിലും കുട്ടികളുടെ നിര്‍ബന്ധപ്രകാരം ചെ ഗുവേരയുടെ ചിത്രം ആലേഖനം ചെയ്തു. ജൂലൈ 25 ന് മുന്നറിപ്പുകളില്ലാതെ തികച്ചും ഏകപക്ഷീയമായി യൂണിയന്‍ കൌണ്‍സിലറും സര്‍വ്വകലാശാല അക്കൌണ്ട്സ് കമ്മിറ്റി അംഗവുമായ അഭിലാഷിനെ മാനേജ്മെന്റ് സസ്പ്പെന്റു ചെയ്യുകയായിരുന്നു. ചെ ഗുവേരയുടെ ചിത്രം വരച്ചു എന്ന ബാലിശ വാദമുയര്‍ത്തപ്പെട്ടത് .

സ്വാഭാവികമായും വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തി. പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്‍കി എന്ന പേരില്‍ 12 വിദ്യാര്‍ഥികളെക്കൂടി സസ്പ്പെന്റു ചെയ്തു. അഭിലാഷ് , 70 ഉം മറ്റുള്ളവര്‍ 60 ദിവസത്തിലധികവുമാണ് സസ്പെന്റു ചെയ്യപ്പെട്ടത്. സസ്പെന്‍ഷന്‍ ശിക്ഷയല്ലെന്നും അത് അന്വേഷണകാലയളവുമാത്രമാണെന്നുമുള്ള യൂണിവേഴ്സിറ്റി പോളിസി പോലും പരസ്യമായി ലംഘിക്കപ്പെട്ടു. സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ടു.

അനുബന്ധമായി നടന്ന തെളിവെടുപ്പ് തികഞ്ഞ പ്രഹസനമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ഹാജരായ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി . വിശദാംശങ്ങള്‍ അന്വേഷിച്ചറിയുന്നതിനേക്കാള്‍ അപമാനിക്കുന്നതിനായിരുന്നു തിടുക്കം. അവ്യക്തമായ ചോദ്യങ്ങളോടെ ഒരു ഫോറം പൂരിപ്പിച്ചു വാങ്ങി. തെളിവെടുപ്പിനു മാനേജ്മെന്റ് നിശ്ചയിച്ച പ്രതിനിധികളുടെ പക്ഷപാതിത്വവും മുന്‍വിധിയും അക്കാദമികവും സര്‍ഗ്ഗാത്മകവുമായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഭിലാഷ് വി എസ് , കിച്ചു എം എസ് , ഷൈന്‍ ദാസ് , ശിവപ്രസാദ് , അരുണ്‍ എസ് , രജിത്ത് ആര്‍എസ് , അജിത്ത് ആര്‍എസ് , തൗഫീഖ്  തുടങ്ങിയ 8 വിദ്യാര്‍ഥികളെ നിഷ്ക്കരുണം പുറത്താക്കുന്ന തപാല്‍ കുറിമാനത്തിലൂടെ വ്യക്തമാക്കപ്പെട്ടു. നിയമവിരുദ്ധവും വൈരനിര്യാതന ബുദ്ധിയിലതിഷ്ടിതവും മുന്‍വിധിയോടു കൂടിയതുമായ വിധിന്യായം തങ്ങളുടെ ഇഷ്ടങ്ങള്‍ക്കു വിധേയമല്ലാത്തവരെ പുറത്താക്കുമെന്ന മുന്നറിയിപ്പു കൂടിയാണ്.

സമരം പിന്നീട് എങ്ങിനെയാണ് പുരോഗമിച്ചത്.

സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് കോളേജ് മാനേജര്‍ അപമര്യാദയായി പെരുമാറി മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. അതിലൊന്നും ഞങ്ങള്‍ പ്രകോപിതരായില്ല. അവരുടെ ലക്‌ഷ്യം അങ്ങിനെയും കൂടുതല്‍ പേരെ പുറത്താക്കുക എന്നതായിരുന്നു. പുറത്താക്കല്‍ നടപടി പ്രസിദ്ധപ്പെടുത്തിയ സെപ്റ്റംമ്പര്‍ 27 നും 30 നും വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം കുട്ടികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ഒക്ടോബര്‍ 1 ആം തിയതി നൂറുകണക്കിനു വിദ്യാര്‍ഥികള്‍ തങ്ങളുടെ ജീവരക്തം ആലേഖനം ചെയ്ത് നടപടിക്കു വിധേയരായ സഹപാഠികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കോളേജ് മാനേജര്‍, മാനേജ്മെന്റ് പ്രതിനിധി ബര്‍സാര്‍, താത്ക്കാലിക പ്രിന്‍സിപ്പാള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ വിദ്യാര്‍ഥിവിരുദ്ധ ഗൂഡാലോചനകള്‍ക്കു പിന്നില്‍ .

വിദ്യാര്‍ഥികള്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നു എന്ന നിലയില്‍ മാനേജ്മെന്റ് ആരോപണമുന്നയിക്കുന്നുണ്ടല്ലോ.

വിദ്യാര്‍ഥികള്‍ ക്രിമിനല്‍ അക്ക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകുന്നു എന്ന നിലയിലെ നുണപ്രചാരവേലക്ക് പ്രിന്‍സിപ്പല്‍ നേതൃത്വം നല്‍കിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗീബല്‍സിന്റെ പിന്‍മുറക്കാര്‍ സ്വന്തം അറ്റെന്റസ് രജിസ്റ്റര്‍ പരിശോധിക്കട്ടെ. 2012 -13 അക്കാദമിക കാലയളവില്‍ വിദ്യാര്‍ഥി സമരങ്ങളുടേയോ സംഘര്‍ഷങ്ങളുടേയോ ഭാഗമായി ഒരു ദിവസത്തെ പഠനം പോലും നഷ്ടമായിട്ടില്ല. ഒരു കേസു പോലും വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഒരു പരാതിപോലും ആരും നല്‍കിയിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കെ അസത്യം പ്രചരിപ്പിക്കുന്നത് നീതിക്കു നിരക്കുന്നതല്ല.

മാനേജ്മെന്റ് എന്തിനാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നുണപ്രചരണം സംഘടിപ്പിക്കുന്നത്.

പ്രതിവര്‍ഷം ഫര്‍ണിച്ചര്‍ , കംബ്യൂട്ടര്‍ സാമഗ്രികള്‍ വാങ്ങിയതിന്റെ കണക്കുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടത് മാനേജ്മെന്റിനെ പ്രകോപിപ്പിച്ചു. ഏകപക്ഷീയമായി പി റ്റി എ ഫണ്ട് വര്‍ദ്ധിപ്പിച്ചിരുന്നു. വിദ്യാര്‍ഥി സമരത്തിന്റെ ഭാഗമായി ആധികൃതര്‍ക്ക് അത് നിരുപാധികം പിന്‍വലിക്കേണ്ടി വന്നു. നെയിം പ്ലേറ്റു പോലുമില്ലാത്ത സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കുത്തിനിറച്ച് ക്യാമ്പസ്സിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാംപാക്കുന്നതിനുള്ള ശ്രമങ്ങലെ കൂട്ടായി ചെറുത്തതും മാനേജ്മെന്റിനെ അസ്വസ്ഥരാക്കി. ഗ്രേഡിങ്ങിന്റെ ഭാഗമായി NAAC സംഘം കോളേജ് സന്ദര്‍ശിച്ച അടുത്ത ദിവസം തന്നെ ലാബുകളിലെ കമ്പ്യൂട്ടറുകള്‍ അപ്രത്യക്ഷമായി. കായികക്ഷേമ സുസജ്ജമായിരിക്കേണ്ട ഗ്രൌണ്ടിനായി അനുവദിക്കപ്പെട്ട യു ജി സി ധനസഹായം ഇതുവരെയും ചിലവഴിക്കപ്പെട്ടിട്ടില്ലെന്ന പരാതി സജീവമായി നിലനിര്‍ത്തുന്നത് ഒരു വിഭാഗം അധ്യാപകരല്ലാതെ മറ്റാരുമല്ല. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ സ്വകാര്യത ഹനിക്കുവാനുള്ള നീക്കങ്ങള്‍ക്കെതിരെ ആദ്യം പ്രതികരിച്ചത് വിദ്യാര്‍ഥിനികളാണ്.

കോളേജ് യൂണിയന് നിയമപരമായി അനുവദിക്കപ്പെട്ട മാഗസിന്‍ ഫണ്ട് തടഞ്ഞു വെക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലക്കു പരാതി നല്‍കിയത് മാനേജ്മെന്റിനെ പ്രകോപിപ്പിച്ചു. സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശാനുസരണമാണ് ഫണ്ട് അനുവടിക്കപ്പെട്ടത്. മാഗസിന്‍ പ്രകാശനം കോളേജിനുള്ളില്‍ നടത്തുവാന്‍ പോലും അനുവദിച്ചില്ല. തുടര്‍ന്ന് പ്രമുഖ കവി മുരുകന്‍ കാട്ടാക്കട കോളേജിനു പുറത്തു വെച്ചാണ് മാസിക പ്രകാശനം ചെയ്തത്. നമ്മുടെ കോളേജിന് നിലവില്‍ ഒരു പ്രിന്‍സിപ്പലില്ല. ഒരു പൂര്‍ണ്ണ സമയ പ്രിന്‍സിപ്പളിനെ നിയമിക്കാന്‍ പോലുമാകാത്ത മാനേജ്മെന്റ് അധികാരത്തര്‍ക്കങ്ങളുടേയും പടലപ്പിണക്കങ്ങളുടേയും ഒട്ടമത്സരങ്ങളിലാണ്.

നമ്മുടെ കോളേജിന് നിലവില്‍ ഒരു പ്രിന്‍സിപ്പലില്ല. ഒരു പൂര്‍ണ്ണ സമയ പ്രിന്‍സിപ്പളിനെ നിയമിക്കാന്‍ പോലുമാകാത്ത മാനേജ്മെന്റ് അധികാരത്തര്‍ക്കങ്ങളുടേയും പടലപ്പിണക്കങ്ങളുടേയും ഒട്ടമത്സരങ്ങളിലാണ്. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തെ ഗുണപരമല്ലാത്ത നിലയില്‍ സ്വാധീനിക്കുന്ന മാനേജ്മെന്റിന്റെ ദുഷ്പ്രഭുത്വത്തിനെതിരെ വിദ്യാര്‍ഥി താത്പ്പര്യം മുന്‍നിര്‍ത്തി പ്രതികരിച്ചതിന്റെഭാഗമായാണ് എട്ടു പേര്‍ക്കെതിരായ ഈ നടപടി.

പൊതു സമൂഹം സമരത്തെ എങ്ങിനെയാണ് അഭിവാദനം ചെയ്യേണ്ടത് .

കാട്ടാക്കട കൃസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥി സമൂഹത്തിനു വേണ്ടി ഉറച്ച നിലപാടെടുത്ത 8 വിദ്യാര്‍ഥി നേതാക്കളെയാണ് തീവ്ര വലതുപക്ഷ നിലപാടുകളില്‍ അഭിരമിക്കുന്ന മാനേജ്മെന്റ് പഠനം നിഷേധിച്ചിരിക്കുന്നത്. അന്‍പതു വര്‍ഷത്തിന്റെ അക്കാദമിക മികവുകളുള്ള മഹത്തായ ഈ കലാലയത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് വ്യക്തിതാത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു നേതൃത്വം നല്‍കുന്ന നാട്ടുകാരില്‍ നിന്നുമൊറ്റപ്പെട്ട മാനേജ്മെന്റിലെ ന്യൂനപക്ഷമാണ്.

ഇടവകയുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ശ്രമങ്ങളെപ്പോലും ഇവര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സര്‍വ്വകലാശാലയെ അടക്കം ബോധ്യപ്പെടുത്തി നിയമത്തിന്റെ എല്ലാ സാധ്യതകളും അന്വേഷിച്ചു കൊണ്ടുള്ള സമാധാനപരമായ പ്രക്ഷോഭമാണ് ഇവിടെ നടക്കുന്നത്. ഈ സമരത്തിന് അദ്ധ്യാപകരുടേയും പൂര്‍വ്വകാല അധ്യാപകരുടേയും മുന്‍ വിദ്യാര്‍ഥി നേതാക്കളുടെയും ഉറച്ച പിന്തുണയുണ്ട്. നാട്ടിലെ സി പി ഐ എം ഈ സമരത്തിനു നല്‍കുന്ന നിര്‍ലോഭ പിന്‍തുണ ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. സി പി ഐ എം കാട്ടാക്കട ഏരിയാ സെക്രട്ടറിയും മുന്‍ എസ് എഫ് ഐ നേതാവുമായ അഡ്വ. ഐ ബി സതീഷ് രാപ്പകല്‍ വ്യത്യാമില്ലാതെ ഞങ്ങളെ പിന്‍തുണക്കുന്നു. ഈ നാട്ടിലെ അമ്മമാര്‍ , കുഞ്ഞുങ്ങള്‍ , തൊഴിലാളികള്‍ , കവികള്‍ , സാംസ്ക്കാരിക പ്രവര്‍ത്തകര്‍ , യുവജനങ്ങള്‍ തുടങ്ങി എല്ലാവരും ഒപ്പമുള്ളത് പോരാട്ടത്തിന്റെ നേരു കൊണ്ടാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

ആഗോളവല്‍കൃതകാലത്തെ ആവിഷ്ക്കാരപ്രഖ്യാപനങ്ങള്‍

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം നാള്‍ക്കു നാള്‍ ഏറുകയാണ്. അരക്ഷിതവും അസ്വസ്തവുമായ പ്രസ്തുത സാമൂഹ്യ പശ്ചാത്തലത്തിലെ അതിസാധാരണക്കാരന്റെ മോചനത്തിനും സമത്വത്തിനും തുല്യനീതിക്കുമായുള്ള സമരങ്ങളില്‍ കലക്കും സാഹിത്യത്തിനും സിനിമക്കുമെല്ലാം വലിയ പങ്കു വഹിക്കാനുണ്ട്. ഓരോ മോചന പ്രഖ്യാപനവും വലതുപക്ഷത്തിന്റെ നടുനെഞ്ചിലേക്ക് പാഞ്ഞു കയറുന്ന ചാട്ടുളികളാണെന്നതില്‍ അത്ഭുതമില്ല. കാട്ടാക്കടയിലെ കൃസ്ത്യന്‍കോളേജില്‍ മാത്രമല്ല ലോകമാസകലം പുരോഗമന പക്ഷത്തിന്റെ കലയേയും സംസ്ക്കാരത്തെയും കാട്ടുനീതികള്‍ ഉപയോഗപ്പെടുത്തി അടിച്ചമര്‍ത്തുന്ന സ്ഥിതിയുണ്ട്. ചെ ഗുവേരച്ചിത്രം വരച്ചു ചേര്‍ക്കുമ്പോള്‍ ഇടിഞ്ഞു വീഴുന്ന മത – യാഥാസ്ഥിക ബോധങ്ങളും അനുബന്ധ അനുരണനങ്ങളും സാംസ്ക്കാരിക കേരളത്തെ പിന്നാക്കം നടത്തിക്കാനുള്ള ഗൂഡനീക്കങ്ങളുടെ കാളവണ്ടിയൊച്ചയാണ്.

കാട്ടാക്കട കൃസ്ത്യന്‍കോളേജ് ഒരു പ്രതീകമാണ്. കേരത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം നിരോധിക്കുന്നതിനുള്ള മാനേജ്മെന്റ് ലോബികളുടെ സമ്മിശ്ര ശ്രമങ്ങളുടെ പരീക്ഷണശാല. ചെ ഗുവേരയെ വരച്ചിട്ടതിന് എട്ടു വിദ്യാര്‍ഥികളെ പുറത്താക്കുമെങ്കില്‍ ആവിഷ്ക്കാര സ്വാതന്ത്രത്തിനു വേണ്ടി ജീവന്‍നല്‍കാന്‍മടികാട്ടാത്ത സ്വാതന്ത്ര സമര കാലഘട്ടത്തിലെ മുതല്‍ ധീരദേശാഭിമാനികളുടെ ചരിത്രങ്ങളിലൂടെ മാനേജ്മെന്റ് കടന്നു പോകേണ്ടതുണ്ട്. കാട്ടാക്കട കൃസ്ത്യന്‍ കോളേജ് ,  മാനേജ്മെന്റിന്റെ സ്വകാര്യ സ്വത്തല്ല. അത് നാടിന്റെ ഹൃദയ സ്പന്ദനമാണ്. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പടണമെന്നും ആവിഷ്ക്കാര സ്വാതന്ത്രം വിനിയോഗിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെടുകയും വിദ്യഭ്യാസാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്ത മിടുമിടുക്കന്മാരായ എട്ടു കുട്ടികളേയും തിരിച്ചെടുക്കണമെന്നും ദേശഭേദമെന്യേ പൊതുസമൂഹം ആഗ്രഹിക്കുന്നു. കാരണം , കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്.. അവരുടെ സഹനത്തെ ... ഗാന്ധിയന്‍ സമര മാര്‍ഗ്ഗത്തെ അധികനാള്‍ ആര്‍ക്കുമവഗണിക്കാനാകില്ല തന്നെ.

ആരോഗ്യ പ്രശ്നങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് നിരാഹാരമനുഷ്ടിച്ചിരുന്ന കിച്ചുവിനെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുന്നു. യൂണിറ്റ് പ്രസിഡന്റ് ഷൈന്‍ ദാസ് നിരാഹാരം ആരംഭിച്ചിരിക്കുന്നു... കുട്ടികള്‍ സമരം തുടരുക തന്നെ ചെയ്യും.. കാരണം ചെ ഗുവേരയുടെ പിന്‍മുറക്കാര്‍കാട്ടാക്കടയില്‍ഉറങ്ങാതിരിക്കുന്നു ...