Dr Sofiya Kanneth

മീസില്‍സ് റൂബെല്ല കുത്തിവെയ്പ്പ് കാംപെയ്ന്‍: പങ്കാളികളാകാം; ആരോഗ്യമുള്ളൊരു തലമുറയ്ക്കായ്

ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ നീണ്ടു നില്‍ക്കുന്ന മീസെല്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് യജ്‌ഞം കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്.ആദ്യ മൂന്നാഴ്ച സ്‌കൂള്‍ തലത്തില്‍ കുത്തിവെപ്പ് കാന്പയിനുകള്‍ നടന്നു . ശേഷമുള്ള രണ്ടാഴ്ച അങ്കണവാടികള്‍, ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. 9 മാസം മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് എം ആര്‍ കുത്തിവയ്പ്പ് നല്‍കുന്നത്. മലയാളത്തില്‍ അഞ്ചാംപനി എന്നപേരില്‍ അറിയപ്പെടുന്ന അസുഖമാണ് മീസല്‍സ്.


ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ന്യൂമോണിയ,വയറിളക്കം, മസ്തിഷ്ക്ക അണുബാധ എന്നിവ ബാധിക്കാം.മരണം വരെ സംഭവിച്ചേക്കാം. ഇത് ഗര്‍ഭാവസ്ഥയില്‍ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. 2020 ഓടെ മീസെല്‍സ് നിര്‍മാര്‍ജനം ചെയ്യുന്നതിനും റൂബെല്ല / സി ആര്‍ എസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.എഴുപത്തി ആറു ലക്ഷത്തോളം കുട്ടികള്‍ക്കാണ് ഇതിനുള്ള അവസരം കേരളത്തില്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ നാല്പത്തൊന്നുകോടി കുട്ടികള്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി കുത്തി വയ്‌പ്‌ നല്‍കുന്നത്.


എന്താണ് മീസെല്‍സ് റൂബെല്ല വാക്‌സിനുകള്‍


എന്തിനു എങ്ങനെ എപ്പോള്‍ നല്‍കണം എന്നതിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍.




Measles and Rubella are highly contagious viral diseases that are spread by contact with an infected person through coughing and sneezing. • Infection with Measles is followed by high fever, rash that spreads over the body, cough, running nose and red watery eyes. • Measles weakens the immune system of the body. Hence infection with Measles often leads to serious complications that include blindness, encephalitis, severe diarrhoea and severe respiratory infections such as pneumonia. • Most measles-related deaths are caused by complications associated with the disease. • One-third of all measles-related deaths worldwide occur in India. • Rubella is a mild viral infection that occurs most often in children and young adults. • Infection with Rubella is followed by rash and low fever. It may be associated with swelling of lymph node and joint pain. • Rubella infection during pregnancy can cause abortion, stillbirth and may lead to multiple birth defects in the new born; like blindness, deafness, heart defects; known as Congenital Rubella Syndrome (CRS). • India accounts for around one third of all children born worldwide with congenital rubella syndrome (CRS).



ആശങ്കകളും പ്രതിഷേധങ്ങളും


സോഷ്യല്‍ മീഡിയയില്‍ പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരെ വ്യാപകമായ പ്രചരണം തന്നെ നടക്കുന്നുണ്ട്. പൊടിപ്പും തൊങ്ങലും വച്ച പല കഥകള്‍. ഇതിനിടയില്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാതെ സാധാരണക്കാരും. ഒരു നാണയത്തിന്റെ രണ്ടു വശവുമെന്ന പോലെ പ്രധാനപ്പെട്ട എതിപ്പുകളേയും മറുവാദങ്ങളെയും ഇഴ കീറി പരിശോധിക്കേണ്ടതുണ്ട്.


വാക്‌സിനേഷനുകളെ കുറിച്ചുള്ള ആശങ്കകളും പ്രതിഷേധങ്ങളും ഇവ കണ്ടു പിടിച്ച കാലം തൊട്ടു തുടങ്ങിയതാണ്.അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പോലും നിരോധിച്ച വാക്‌സിനുകള്‍ ആണ് നമ്മുടെ സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് എന്നും അതിന്റെ പിന്നിലെ ഉദ്ദേശം മരുന്ന് കമ്പനികളെ സഹായിക്കാനാണ് എന്നുമാണ് ഇത്തരക്കാരുടെ മറ്റൊരു വാദം. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന വാക്‌സിനുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ നിര്‍മിതമാണ്. അമേരിക്കയിലെ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ സെന്റര് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ന്റെ 2017 ഇല്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കേണ്ട വാക്‌സിനേഷനുകളെപറ്റി വ്യക്തമായി പറയുന്നുണ്ട്.  ഇതില്‍ എവിടെയും പോളിയോയോ എം ആര്‍ വാക്‌സിനുകളോ നിരോധിച്ചതായി കാണാന്‍ ആവില്ല.


ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയാത്ത ഓട്ടോ ഡിസേബിള്‍ഡ് സിറിഞ്ചുപയോഗിച് മീസെല്‍സ് റൂബെല്ല കുത്തി വെപ്പുകള്‍ നടത്തുന്നതിനാല്‍ ഇത് വീണ്ടും ഉപയോഗിക്കാനും ആവില്ല. ശീതീകരണ സംവിധാനം ഉപയോഗിച്ചാണ് മരുന്നുകള്‍ സൂക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ മരുന്നുകളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകളില്‍ കഴമ്പില്ലാതെ പോവുന്നു.


കുഞ്ഞുങ്ങള്‍ക് കുത്തിവയ്പുകള്‍ കൃത്യമായി നല്‍കുന്നവര്‍ ഉണ്ടെങ്കിലും അതിന്റെ പേരുകളും ഡോസേജ് ഉം അടങ്ങിയ രേഖകളും ആരും കൃത്യമായി സൂക്ഷിക്കാറില്ല. ഇനി ആദ്യത്തെ ഡോസുകളില്‍ തന്നെ കുഞ്ഞിന് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ടെങ്കില്‍ ഒന്നില്‍ കൂടുതല്‍ നല്‍കുന്ന വാക്‌സിനുകളെ അതിന്റെ ആന്റിബോഡി നശിപ്പിച്ചു കൊള്ളും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ(UIP) ഭാഗമായി സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത് കൃത്യമായ പഠനങ്ങളോട് കൂടി തന്നെയാണ്.


ഡോക്ടര്‍ ഖദീജ മുംതാസിനെ പോലുള്ളവര്‍ വാക്‌സിനേഷനെ എതിര്‍ത്ത് മാതൃഭൂമിയില്‍ ലേഖനം എഴുതുകയും ചെയ്തതോടെ ആന്റി വാക്‌സിനേഷന്‍ കാമ്പയിനുകള്‍ സജീവം ആവുകയായിരുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ വാക്‌സിനുകള്‍ നശിപ്പിക്കുമെന്നും ഇത്തരം വാക്‌സിനുകള്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ഒരാളുടെ ശരീരത്തില്‍ നിലനില്‍ക്കുകയില്ല എന്നുമായിരുന്നു അവരുടെ വാദം.എന്നാല്‍ മീസെല്‍സ് റൂബെല്ല വാക്സിന്‍ ആജീവാനന്ത പ്രതിരോധ ശേഷി നല്‍കുന്നുണ്ട് എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്.


അവഗണനയുടെ പരിണിതഫലങ്ങള്‍


പരിണിത ഫലങ്ങള്‍ തേടി ഒത്തിരി ദൂരെ അലയുകയൊന്നും വേണ്ട, 2016 ലാണ് മലപ്പുറം ജില്ലയില്‍ ഇരുപതോളം ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 2 പേര്‍ മരിക്കുകയും ചെയ്തത്. ആരോഗ്യവകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം നടപ്പാക്കിയ ‘മിഷന്‍ ഇന്ദ്രധനുസ്സ് ‘ പോലുള്ള പദ്ധതി കളോട് ജില്ല മുഖം തിരിച്ചു നിന്നതിന്റെ പരിണിത ഫലം എന്ന് ഇതിനെ വ്യാഖ്യാനിക്കാം.കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളില്‍ 90 ശതമാനം മലപ്പുറം ജില്ലയില്‍നിന്നാണ്. തിരുവനന്തപുരം അച്യുതമേനോന്‍ സെന്റര്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലയില്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത കുട്ടികള്‍ 36.5 ശതമാനവും ട്രിപ്പിള്‍ വാക്‌സിന്‍ എടുത്ത കുട്ടികള്‍ 47.6 ശതമാനവുമാണ്. സംസ്ഥാനതലത്തില്‍ ഇത് യഥാക്രമം 72 ശതമാനവും 87ശതമാനവുമാണ്. (മലപ്പുറം 50 ശതമാനത്തില്‍ താഴെയുള്ള ഏക ജില്ല).
മീസല്‍സ് റൂബെല്ല വാക്‌സിന്‍ യജ്ഞം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ കേരളത്തില്‍ നവംബര്‍ ഒന്ന് വരെ വാക്‌സിനെടുത്തതു 65 % കുട്ടികള്‍ മാത്രമാണ്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം അന്‍പത്തി ഏഴു ലക്ഷത്തോളം കുട്ടികള്‍ക്ക് കേരളത്തില്‍ വാക്‌സിന്‍ നല്‍കി കഴിഞ്ഞു.പത്തനംതിട്ട 97 % ആലപ്പുഴ 87 %, കോട്ടയം 84 % എന്നിങ്ങനെയാണ് കണക്ക്. മലപ്പുറം(38%),കോഴിക്കോട്(57 %),കണ്ണൂര്‍(55 %) എന്നീ ജില്ലകളാണ് ഏറ്റവും പിറകില്‍. വാക്‌സിനെതിരായ പ്രചാരണങ്ങള്‍ തന്നെയാണ് ഈ ജില്ലകളിലെ പിന്നോട്ടു പോക്കിനെ സൂചിപ്പിക്കുന്നത്.


വാക്‌സിനുകളെ കുറിച് ഇത്രമേല്‍ തെറ്റിദ്ധാരണ പരത്തി വരും തലമുറയുടെ ഭാവി തന്നെ നശിപ്പിയ്ക്കുന്നവര്‍ അനുഭവങ്ങളില്‍ നിന്നെ പാഠം പഠിക്കൂ എന്ന് ശഠിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയെ അവര്‍ അതിനുള്ള മാധ്യമമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മുഖങ്ങള്‍ ഇല്ലാത്ത ശബ്ദങ്ങള്‍ ആയും വിലാസങ്ങള്‍ ഇല്ലാത്ത സന്ദേശങ്ങള്‍ ആയും അത് ഓരോ സാധാരണക്കാരന്റെ കയ്യിലൂടെയും കടന്നു പോവുന്നു. ഒരു നുണ പലതവണ ആവര്‍ത്തിക്കപ്പെടുമ്പോള്‍ സത്യത്തിന്റെ ആവരണം നേടുന്നു. ഇതിനെ ശക്തിയായി ചെറുക്കേണ്ടതുണ്ട്. എം ആര്‍ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തില്‍ അതിവേഗം അണിചേരാം.