Dr Krishna Maya

വിനയചന്ദ്രന്‍ സാര്‍ : ഓര്‍മ്മകളിലെ ഉറ്റ ബന്ധു

ജീവിതത്തില്‍ എന്തിനാണ് ചിലരെ ചിലപ്പോള്‍ ഒരിക്കല്‍ കാണുന്നത് എന്നറിയില്ല.

കാണുമ്പോഴേ എന്തിനാണ് അവരെ വെറുതെ ഇഷ്ടപ്പെടുന്നതെന്നും.

ഡി വിനയചന്ദ്രന്‍ സാര്‍ എന്ന കവിയെ എന്നിലും മുതിര്‍ന്ന ഒരു വലിയ മനുഷ്യനെ ഞാനും അങ്ങനെയാണ് കണ്ടത്. 2011 ഏപ്രിലില്‍ .

സുഹൃത്തായ കെ ജി സൂരജാണ് അദ്ദേഹത്തിന്റെ മടയിലേക്ക് ഒരു ദിവസം രാവിലെ പന്ത്രണ്ട് മണിയ്ക്ക് എന്നെയും കൊണ്ട് പോയത്.എന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശനത്തിന് വേണ്ടി ഞങ്ങള്‍ ഒരുങ്ങുന്ന നാളുകള്‍ ആയിരുന്നു അത്. ഒരു ഒറ്റമുറി .അതിനകത്ത് നിറഞ്ഞുകിടന്നിരുന്ന പുസ്തകങ്ങള്‍ കാരണം കാലു അകത്തേക്ക് വെക്കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല .അദ്ദേഹം ഒരു കസേര തപ്പിയെടുത് പുറത്തേക്കിട്ടു തന്നു.

നിങ്ങള്‍ ഇവടെ ഇരുന്നോളൂ എന്ന് പറഞ്ഞു. ഞങ്ങള്‍ ചെറിയ ചുവന്ന ചവിട്ടു പടികളിലും കസേരയിലും ഒക്കെ ആയി ഇരുന്നു. പുസ്തക പ്രകാശനത്തിനെ പറ്റിയൊക്കെ അദേഹത്തോട് പറഞ്ഞു.ഹരിയാനയെപ്പറ്റി അദ്ദേഹവും എന്നോടെന്തൊക്കെയോ ചോദിച്ചു. അധികം കണ്ടു പരിചയമില്ലാത്ത തരത്തില്‍ പെട്ട ഒരു മനുഷ്യ രൂപത്തെ ആകാംഷയോടെ കാണുകയായിരുന്നു ഞാന്‍ എന്ന ചെറിയ സാധാരണ ജീവി.

എന്റെ ആവശ്യപ്രകാരം ചിത്രങ്ങള്‍ എടുക്കാന്‍ ആ മുറിയുടെ പുറത്തെ മതിലോരം ചേര്‍ന്ന്ചെടികള്‍ക്കിടയില്‍ അദ്ദേഹം ഞങ്ങളോടൊപ്പം നിന്നു.

മാറ്റിയും തിരിച്ചും മറിച്ചുമൊക്കെ നിറുത്തി എന്നിലെ കൊച്ചു കുട്ടി ആ പിതാവിന്റെ ചിത്രങ്ങള്‍ എടുത്തു.

നമുക്ക് പോയി വല്ലതും കഴിക്കാം സൂരജ് പറഞ്ഞു. അദ്ദേഹം സമ്മതിച്ചു.

മുറി പൂട്ടി ഞങ്ങളോടൊപ്പം ഇറങ്ങും മുന്‍പ് കുറെ മാസികകളുംഊരു ചുറ്റുന്ന പ്രണയം എന്ന സ്വന്തം

പുസ്തകത്തിന്റെ ഒരു കോപ്പിയും അദ്ദേഹം എനിക്ക് സ്നേഹത്തോടെ തന്നു. അവിടെയിരുന്നു ഞങ്ങള്‍ ഊണ് കഴിച്ചു . ഇടയിലെപ്പോഴോക്കെയോ എന്റെ പുസ്തകത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ഹരിയാനയെക്കുറിച്ചുമെല്ലാം വീണ്ടും ചോദിച്ചു .ഊണ് കഴിഞ്ഞു ഇറങ്ങിയപ്പോള്‍ വീണ്ടും എന്നിലെ കാമറ വുമണ്‍ ആക്ടിവ് ആയി. തല്‍ഫലമായി വീണ്ടും കുറെ സ്നാപ്പുകള്‍ എന്റെ ചരിത്രത്തിലേക്ക് പിറന്നു വീണു.ഹോട്ടലില്‍ നിന്നുമിറങ്ങി പിരിയുമ്പോള്‍ വഴിയോരത്ത് നിന്ന് യാത്ര പറഞ്ഞു ഞാന്‍ ഓട്ടോയിലേക്ക് കയറും മുന്‍പ് അദ്ദേഹം എന്റെ ശിരസ്സില്‍ കൈ വെച്ച് പറഞ്ഞു.

"നന്നായി വരട്ടെ"

എന്തിനോ എന്റെ മനസ്സും കണ്ണും നിറഞ്ഞു.

ജീവിതം മുഴുവനും ആരൊക്കെയോ എന്തിനൊക്കെയോ എവിടെ വച്ചോക്കെയോ പകര്‍ന്നു തന്ന ഒരു പാട് അനുഗ്രഹങ്ങളുടെ ആകെത്തുകയാണല്ലോ എന്റെ ജീവിതം എന്നോര്ത്താവാം .ബന്ധുക്കളെ വഴിയോരങ്ങളില്‍ ആണ് മനുഷ്യര്‍ കണ്ടെത്താരുള്ളത് എന്ന് ഓട്ടോയില്‍ ഇരിക്കുമ്പോള്‍ അന്നും ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പിച്ചു. ഈ ഭൂമിയിലെ വാസം മതിയാക്കി മടങ്ങിപ്പോയ എന്റെ ആ ബന്ധുവിനെ ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ സ്നേഹത്തോടെ, നിറമിഴികളോടെ ഓര്‍മ്മിക്കട്ടെ.