Arun Punalur

ഗസലാല്‍ നോവു മറക്കുവതെങ്ങനെ

അശ്വതിയുടെ ചിത്രങ്ങളെടുക്കനാണ് ഞാനും റാമും മ്യൂസിയം ലൊക്കെഷനാക്കിയത് . ചിത്രങ്ങളെടുക്കുന്നതിനിടയില്‍ എവിടെ നിന്നോ ഒഴുകിയെത്തുന്ന ഗസലിന്റെ ഉറവിടം തേടിയ ഞാനെത്തിയത് അല്പ്പം പ്രായം ചെന്ന ഒരു മനുഷ്യനരുകിലേക്കാണ് ..തന്റെ ചെറിയ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് ഒറ്റയ്ക്ക്കിരിയ്ക്കുന്ന സദാശിവന്‍ എന്ന കിളിമാനൂര്‍ സ്വദേശി. ഇപ്പോള്‍ കൊച്ചിയിലാണ് താമസം. പെന്‍ഷന്‍ പറ്റി ജോലിയില്‍ നിന്നും പിരിഞ്ഞിട്ടു 17 വര്‍ഷങ്ങള്‍. പ്രമേഹം അദ്ദേഹത്തെ നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട്.

അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന ഭാര്യക്കൊരു ഭാരമാകാതിരിയ്ക്കാന്‍ അതിരാവിലെ യാത്ര തുടങ്ങും. ഭാര്യയെ സഹായിക്കാന്‍ സഹോദരങ്ങള്‍ അടുത്ത് താമസിയ്ക്കുന്നുണ്ട് എന്നതാണ് ആശ്വാസം. ഒറ്റ മകന്‍ സംഗീതത്തെ ഉപാസിയ്ക്കുന്നു. തിരുവനന്തപുരത്തെത്തിയാല്‍ മ്യൂസിയമാണ് അഭയകേന്ദ്രം. ജീവിതത്തിന്റെ സങ്കടങ്ങള്‍ക്കും വേദനകള്‍ക്കുമിടയില്‍ എവിടെ വെച്ചോ ഗസലുകള്‍ സഹയാത്രികരായി. ജഗജിത് സിങ്ങും അനൂപ്‌ ജലോട്ടയും അലക്കയഗ്നിക്കുമൊക്കെ സദാശിവേട്ടന്റെ സങ്കടങ്ങളുടെ മുറിവുകളില്‍ സംഗീതത്തിന്റെ തേന്‍ പുരട്ടി ആശ്വാസം പകര്‍ന്നു. "കോയി സായാ ജിന്‍ മിലയാ രാത് കെ പിച്ചിലെ പഹല്‍ "....ഓര്‍മ്മകള്‍ ഒരു നനുത്ത മഴച്ചാറ്റല്‍ പോലെ എന്നിലേയ്ക്ക് കടന്നു വന്നു ..നാട് വിട്ടു ഉത്തരേന്ത്യയില്‍ ജോലി തേടിപോയ പഴയകാലം ...പട്ടിണിയും ഏകാന്തതയും സഹയാത്രികരായിരുന്ന ആ കാലത്താണ് ഗസലുകല്‍ എന്റെ കൂട്ടുകാരകുന്നത് .

നഗര ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ വാടകമുറിയില്‍ പഴയ താമസക്കാരന്‍ ഉപേക്ഷിച്ചു പോയ കാസെറ്റില്‍ നിന്നും ജഗജിത് സിംഗിന്റെ വിരഹം നിറഞ്ഞ സാന്ത്വനം മുസ്കുരാക്കാന്‍ മിലാ കരോ ഹംസേ .....ഗൃഹാതുരത്തത്തിന്റെ ഓര്‍മ്മകളും നഷ്ടപ്രണയം സമ്മാനിച്ച മുറിവുകളും ഉറക്കം നഷ്ട്ടപ്പെടുത്തിയിരുന്ന രാത്രികളില്‍ ജഗജിത് സിംഗ് പതിഞ്ഞ താളത്തില്‍ എനിയ്ക്കു വേണ്ടി പാടിക്കൊണ്ടേയിരുന്നു ... ഖര്‍സെ നികലെ തെ ഹോസുല കര്‍കെ ലോട്ട് വായെ ഹുഥാ... ഹുഥാ കര്‍കെ... പിന്നീടൊക്കെയും തേടിപ്പിടിച്ചു.

പങ്കജ് ഉദാസും ഹരിഹരനും, ചിത്ര സിങ്ങുമൊക്കെ എന്റെ സംഗീതാസ്വാദനത്തിനു പുതിയ വഴികള്‍ തെളിച്ചു തന്നു. നഗരം ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടേയിരുന്നു .കഷ്ട്ടപ്പാടുകളുടെ തീമഴ പെയ്തിരുന്ന കാലങ്ങളില്‍ എരിയുന്ന വയറിനെയും തീപിടിയ്ക്കുന്ന ചിന്തകളെയും മറക്കാന്‍ ഹരിഹാരന്‍ പാടി ജോ ഭി ധുഖ് യാദ് നാ ധാ യാദ് ആയ ...ആജ് ക്യാ ജാനിയെ ക്യാ യാധ് ആയാ . മഴപെയ്തിറങ്ങിയ ഇടവഴികളുടെ നനഞ്ഞ മണ്ണിലേയ്ക്ക് . അകന്നുപോയ കൊലുസ്സുകളുടെ മര്‍മ്മരങ്ങളിലേയ്ക്ക് ... മഴത്തുള്ളികള്‍ മഷി പടര്‍ത്തിയ പ്രണയലേഖനങ്ങളുടെ ചുരുള്‍ തുമ്പുകളില്‍ വായിച്ചെടുക്കനാകാതെ പോയ സ്വപ്നങ്ങളിലേയ്ക്ക് . നഷ്ട്ടപ്പെടലുകളിലേയ്ക്ക് . മിയാ. നീയെനിയ്ക്കേതു രാഗമായിരുന്നു ..? അറിയില്ല

ഇടയിലെപ്പോഴോ മഴ പെയ്തു തുടങ്ങിയിരിയ്ക്കുന്നു . കഥപറഞ്ഞു തീരുമ്പോള്‍ സദാശിവേട്ടന്‍ തന്റെ നീരുവന്ന കാലുകളില്‍ തടവി അകലേയ്ക്ക് മിഴിയൂന്നിയിരുന്നു . യാത്ര പറഞ്ഞു നടന്നകലുമ്പോള്‍ പിന്നില്‍ ചാറ്റല്‍ മഴയ്ക്കൊപ്പം ഗസല്‍ ഒരു നോവായി പെയ്തിറങ്ങുന്നു . ഫൂല്‍ ഹേ ചാന്ദ്‌ ഹേ ക്യാ ലഗ് തേ ഹേ ..ഭീഡ് മി സബ്സേ ജുധ ലഗ്ത ഹേ ..."