Anoop Kumar N

വൈക്കം മുഹമ്മദ്‌ ബഷീറിനും ബെന്യാമിനുമിടയിലെ എന്നെക്കുറിച്ച്

എഴുത്തിന്‍റെ സുവര്‍ണ്ണകാലഘട്ടം എന്ന് വിളിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു. കാലം എല്ലാത്തിനെയും മായ്ച്ച് കളയും എന്നാല്‍ ആ അലിഖിത പ്രകൃതിനിയമം തെറ്റിച്ചുകൊണ്ട് ഇന്നും വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുന്ന രചനകള്‍ ആ കാലഘട്ടത്തിന്‍റെ സംഭാവനയാണ്. എഴുത്തില്‍ ജാതിയും മതവും ആദര്‍ശങ്ങളും കടന്നുവന്നിരുന്നു ചിലപ്പോള്‍ വിമര്‍ശനാത്മകമായിതന്നെ. എന്നാല്‍ അത് ആ രീതിയില്‍ ആസ്വദിക്കാനുള്ള ആസ്വാദകമനസും അന്നത്തെ പ്രത്യേകതയായി കാണാം. അല്ലാതെ തങ്ങളെ വിമര്‍ശിക്കുന്നതെന്തും അത് പ്രത്യക്ഷമായതോ പരോക്ഷമായതോ ആയ വിമര്‍ശനമായിക്കൊള്ളട്ടെ ആ സൃഷ്ടിയെ തൂക്കിലിടാന്‍ വിധിച്ച് പുസ്തകശാലകള്‍ അഗ്നിക്കിരയാക്കി എഴുത്തുകാരനെ വേട്ടയാടുന്നത്രയും ദുഷിച്ചിരുന്നില്ല. കുറ്റം ആര്‍ക്ക് മേല്‍ ചുമത്തണം എന്ന ചോദ്യം പ്രസക്തമാണ്. ആധുനികത എഴുത്തിലും ചുമത്തിയ സ്വാഭാവിക പരിണാമമാണോ അതോ ചിലരുടെ ഇടുങ്ങിയ ചിന്താഗതിയുടെയോ..ഇത്തരം സംശയങ്ങള്‍ തല്‍ക്കാലം മനസില്‍ തന്നെ വയ്ക്കാം ചുരുട്ടി ചവറ്റുകൊട്ടയിലിടാനല്ല ഇനിവരും നാളുകളില്‍ ചോദ്യശരങ്ങളായ് ആകാശത്തേക്കെറിയാന്‍..

വൈക്കം മുഹമ്മദ് ബഷീറിലൂടെയാണ് എന്‍റെ വായനക്ക് ചിറക് മുളക്കുന്നത്. ഇന്നത് അനേകം ചില്ലകള്‍ പിന്നിട്ട് ബെന്നി ബെന്ന്യാമിന്‍ എന്ന പുത്തന്‍ പൂമരക്കൊമ്പിലിരിക്കുന്നു.അതിരുകളില്ലാത്ത വായനയുടെ ലോകം എനിക്ക് സമ്മാനിച്ച എന്‍റെ കാറ്റാടിമരങ്ങള്‍ ഇവരാണ്.എഴുത്ത് എന്നത് കേവലം രചന മാത്രമല്ലെന്ന് ഇവര്‍ കുറിച്ചിടുന്നു തന്‍റെ സ്വപ്നങ്ങള്‍ ചിറകുകളാക്കി ആ ചിറകില്‍ താന്‍ മാത്രമല്ല മറ്റനേകം സ്വപ്നങ്ങളും മനോഹരമായൊരു തുരുത്തിലേക്ക് പറന്നുയരുന്നുവെന്നതാണ് എഴുത്തുകാരന്‍റെ വിജയം. ഏതൊരു വായനക്കാരനും ഇത്തരമൊരു വായനാനുഭവം ലഭിച്ചിട്ടുണ്ടാവും. താന്‍ മനസില്‍ ഓമനിച്ച ഒരു പ്രണയം അല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊരു മധുരമുള്ള സംഭവങ്ങള്‍ ജീവിതാനുഭവങ്ങള്‍ ഇത്തരം സങ്കല്‍പ്പങ്ങളും അനുഭവങ്ങളും അവിചാരിതമായി കഥകളില്‍ അക്ഷരങ്ങളിലൂടെ നമ്മെ നോക്കി ചിരിക്കുമ്പോള്‍ നാം ഞെട്ടാറുണ്ട്. അതിനര്‍ത്ഥം കഥയും കഥാപാത്രങ്ങളും ശൂന്യതയില്‍ നിന്നല്ല ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തില്‍ നിന്നുതന്നെ ഉണ്ടായവയാണ് വാര്‍ത്തെടുക്കപ്പെടുകയല്ല വര്‍ണ്ണനയുടെ മേമ്പൊടി ചേര്‍ത്ത് പകര്‍ത്തപ്പെടുകയാണ്.

ഇന്നത്തെ സാഹിത്യചര്‍ച്ചകളില്‍ പലപ്പോഴും ഉയര്‍ന്ന് വരാറുള്ള വിലാപമാണ് എഴുത്ത് മരിച്ചുവെന്നത് എന്താണിതിന്‍റെ അടിസ്ഥാനം എന്നറിയില്ല. എഴുത്തില്‍ അതിന്‍റെ രീതി മാറിയിട്ടുണ്ട് അത് സ്വാഭാവികമാണ്. കാരണം നേരത്തെ പറഞ്ഞത് പോലെ കഥകള്‍ ഉണ്ടാവുന്നത് സമൂഹത്തില്‍ നിന്നാണ്.സമൂഹം പഴയകാലത്തില്‍ നിന്നും ഒരുപാട് മാറി. അപ്പോ കഥകളും മാറും മാറണം, പുതിയ സമൂഹത്തില്‍ പഴയ കഥതിരയുന്നത് പുരാവസ്തു ഗവേഷകന്‍റെ മണ്ണ് മാന്തല്‍ പോലെയാണ് കിട്ടിയേക്കാം ഉറപ്പില്ല.

പുതിയ എഴുത്തുകാരില്‍ ശ്രദ്ദേയനായ ബെന്ന്യാമിന്‍റെ ആട് ജീവിതം വല്ലാത്തൊരു വായനാനുഭവമാണ്. ഈന്തപ്പനകളുടെ നാട്ടിലെ പ്രവാസിജീവിതകഥകള്‍ നാം മുന്നേയും വായിച്ചിട്ടുണ്ട്. എന്നാല്‍ അത്തറുപൂശിയ സ്വപ്നങ്ങളുമായി മരണം മണക്കുന്ന മരുഭൂമിയിലെത്തപ്പെട്ട ഒരു മനുഷ്യന്‍റെ ജീവിതം അല്ലെങ്കില്‍ അടിമയുടെ കഥ പുതുമയാണ്. മലയാളത്തിലെന്നല്ല മറ്റേത് ഭാഷയിലെ സാഹിത്യത്തിലും ഈ വിഷയം കൈകാര്യം ചെയ്തവര്‍ വിരളം. ഈ കഥയുടെയും വേര് തേടി പോയാല്‍ ഒരു യഥാര്‍ത്ഥ ജീവിതത്തിലേക്കാണ്..ബെന്ന്യാമിന്‍ കേട്ടറിഞ്ഞ ഒരു മനസ് മരവിപ്പിക്കുന്ന ജീവിതാനുഭവത്തിന്‍റെ കഥാവിഷ്ക്കാരം.

സാഹിത്യമഢലത്തില്‍ തന്‍റേതായ കൈയ്യൊപ്പ് പതിപ്പിച്ച് മുന്നേറുന്ന ബെന്ന്യാമിന്‍ ഒരടയാളമാണ്. പുത്തന്‍ എഴുത്തിന്‍റെ നാഴികക്കല്ല്. ആകാശത്തോളം സ്വപ്നങ്ങളും ഭാവനയുടെ നീരുറവയും വറ്റാത്തിടത്തോളം എഴുത്തിനും മരണമില്ല. പഴയ കാറ്റാടിമരങ്ങള്‍ പുനര്‍ജനിക്കും പുതുനാമ്പുകള്‍ വിടര്‍ത്തി തലയാട്ടി നില്‍ക്കും..ആസ്വാദനത്തിന്‍റെ തേരിലേറി നമുക്കും സഞ്ചരിക്കാം ദിക്കും ദിശയും നിര്‍ണ്ണയിക്കാനാവാത്ത ഭ്രാന്തമായ വായനയിലൂടെ..