Ameer Kallumpuram

ഇ.എം.എസ്സ് അണയാത്ത നക്ഷത്രം

അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി തീഹാര്‍ ജയിലിലേക്ക് യാത്രചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്വത്ത് ത്യജിച്ച് കാലത്തേയും ചരിത്രത്തെയും തനിക്കൊപ്പം നടത്തിയ ജനനേതാവായിരുന്നു ഇ.എം.എസ്. പണത്തിനും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള ആഭാസങ്ങള്‍ ക്കുമപ്പുറത്ത് വായനയുടെയും ചിന്തയുടെയും യുക്തിയുടെയും തലങ്ങലുള്ള വലിയൊരു ധൈഷണിക വ്യവഹാരമാണ് രാഷ്ട്രീയം എന്ന് അദ്ദേഹം നിരന്തരംമലയാളികളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. തൊഴിലാളിവര്‍ഗ്ഗതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ നിഷ്ട്ടവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി..ഇ.എം.എസ് എന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌


ആചാരത്തിന്റെയും വിശ്വാസത്തിന്റെയും അദൃശ്യതടവറക്കുള്ളില്‍ ഭയന്നുവിറച്ചുനില്‍ക്കുകയായിരുന്ന മനുഷ്യമനസ്സുകളെ അതില്‍ നിന്നും മോചിപ്പിക്കാന്‍ തന്റെ ജീവിതം അദ്ദേഹം മാറ്റിവെച്ചു.മേലാളനെ കണ്ടാല്‍ രണ്ടാംമുണ്ട് അരയില്‍ കെട്ടി ഓച്ചനിച്ചുനിന്നവര്‍ നട്ടെല്ലുനിവര്ത്തിനിന്ന് രണ്ടാംമുണ്ടെടുത്ത് തലയില്‍ കെട്ടാന്‍ അദ്ദേഹം അടിസ്ഥാനവര്‍ഗ്ഗത്തെ പ്രാപ്തനാക്കി. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നാനാടകം വി.ടി.ഭട്ടതിരിപ്പാട് എഴുതുകയും ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ അത് അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ അന്തര്ജന സ്ത്രീകളെപറ്റി മാത്രമായിരുന്നില്ല, അത് രാജ്യത്ത് അടുക്കളയില്‍ തളക്കപ്പെട്ട മുഴുവന്‍ സ്ത്രീസമൂഹത്തിനു വേണ്ടി കൂടിയായിരുന്നു. എല്ലാവര്ക്കും മുന്പേചിന്തിച്ച എല്ലാവര്ക്കും മുന്പേ വിപ്ലവവഴിയിലൂടെ നടന്ന ഇ.എം.എസ് ലോകത്തിള്‍ ആദ്യമായി ജനാധിപത്യവ്യവസ്ഥയിലൂടെ ഭരണത്തിലെത്തിയ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി എന്നുംഈ സഖാക്കളുടെ സഖാവിന് സ്വന്തം.



1909 ഇല്‍ മലപ്പുറം ജില്ലയിലെ ഏലംകുളം മനയില്‍ ജനിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് ജന്മിത്വത്തിന്റെയും സമ്പത്തിന്റെയും അധികാരവും സൗകര്യങ്ങളും വിട്ടെറിഞ്ഞ്‌ ബ്രാഹ്മണ മേധാവിത്വത്തിന്റെപൂണൂലറുത്തുമാറ്റി അദ്ദേഹം ജനങ്ങളുടെ ഇടയിലെക്കിറങ്ങി. സ്വന്തം ജീവിതത്തിലും പുരോഗമനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലും വിപ്ലവകരമായ മാറ്റമായിരുന്നു അത്. കൊണ്ഗ്രെസ്സില്‍ പ്രവര്‍ത്തിചപ്പോഴും പിന്നീട്കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായപ്പോഴും കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവും ഒക്കെ ആയപ്പോഴും കേരളത്തിന്റെ കേരളത്തിന്റെ സാമൂഹിക പരിഷ്ക്കരണങ്ങള്‍ക്ക് അദ്ദേഹം നായകത്വം വഹിച്ചു.


കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന്റെ അടിവേരറുക്കുന്ന രീതിയില്‍ ഭൂപരിഷ്ക്കരണബില്‍ അവതരിപ്പിക്കപ്പെട്ടത് ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണ്. വിപ്ലവത്തിന്റെ തീക്ഷ്ണമായ കാറ്റേറ്റ് അന്നത്തെ വലതുപക്ഷജന്മി പുരോഹിത നേതൃത്വം ആടിയുലഞ്ഞു . ഇത്തരം ശക്തികളുടെ നഷ്ട്ടപ്പെട്ട അനര്‍ഹമായ അധികാരങ്ങള്‍ തിരികെ പിടിക്കാനുള്ള വിമോചന സമരത്തിലൂടെ ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടെങ്കിലും കേരളത്തിന്റെ വിപ്ലവമണ്ണ് ഇ.എം.എസ് സര്‍ക്കാരിനെ വീണ്ടും പലതവണ അധികാരത്തിലേറ്റി.


കേരളം കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഭരണാധികാരിയായ അദ്ദേഹം തന്റെ ഭരണ വൈഭവം കൊണ്ട് നവ കേരളം കെട്ടിപ്പടുത്തു. 64 അടി മാറി നിന്നിരുന്ന ബ്രാഹ്മണനും ഹരിജനും ഒന്നിച്ച് ഭക്ഷണം കഴിക്കുകയുംഒന്നിച്ചിരുന്നു പഠിക്കുകയും പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ഒന്നിച്ചു കൈ പിടിച്ചു നടക്കാന്‍ കഴിയും വിധമുള്ള ഒരു പൊതു മണ്ഡലം ഇവിടെ ഉണ്ടായതിന്റെ കാരണം ഇ.എം.എസ് ഗവണ്‍മെന്റാണ്. സാമ്പത്തികമണ്ഡലത്തില്‍ ജന്മിത്വത്തിന്റെ അറുതി കുറിക്കുന്ന ഭൂപരിഷ്കരണ വിദ്യാഭ്യാസ നിയമങ്ങളും സാംസ്കാരിക രംഗം വിപുലമാക്കാനുള്ള ഇടപെടലുകളും ആ ഗവണ്‍മെന്റ് നടത്തി. ഇടതുപക്ഷം എന്നാ വാക്കിന്റെ സത്തഎന്തെന്ന് തെളിയിക്കുകയായിരുന്നു ആ ഗവണ്‍മെന്റ്. മൂലധനവും അധ്വാനവും എപ്പോഴും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന മുതലാളിത്തവ്യവസ്ഥയില്‍ അധ്വാനത്തിന്റെ, പണിയെടുക്കുന്നവരുടെ പക്ഷമാണ്ഇടതുപക്ഷമെന്നിരിക്കെ ആ പക്ഷത്ത് ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചു. ഇ.എം.എസ് തന്നെ ചൂണ്ടിക്കാട്ടിയത് പോലെ ഒരു പൌരന് നൂറുകണക്കിനേക്കര്‍ സ്ഥലം കൈവശം വെക്കാന്‍ ഭരണഘടനാപരമായും നിയമപരമായുംതടസ്സമില്ലാത്ത ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്ത് ബൂര്‍ ഷ്വാവ്യവസ്ഥിതിയുടെ സകല പരിമിതികളും ഉണ്ടായിട്ടും അതിനകത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഭൂപരിഷ്ക്കരണത്തിലൂടെ ലക്ഷക്കണക്കിന്‌ ആളുകള്ക്ക്ഭൂമി വിതരണം ചെയ്തത് അങ്ങിനെയാണ്.



കേരളത്തില്‍ ഓരോതവണ അധികാരത്തിള്‍ വന്നപ്പോഴും ഇടതുപക്ഷക്കാര്‍ കമ്മ്യൂണിസം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു വലതുപക്ഷത്തിന്റെ മുഖ്യ ആരോപണം. കമ്മ്യൂണിസമോ സോഷ്യലിസമോ ഒരുബൂര്ഷ്വാരാജ്യത്ത് ഒരു സംസ്ഥാനത്ത് അധികാരം കിട്ടിയാല്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും, കൊണ്ഗ്രെസ്സും നെഹ്രുവും ഒരു കാലത്ത് പറഞ്ഞിരുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനെപോലും അവര്‍ ഭയക്കുകയാനെന്നും ഇ.എം.എസ് ചൂണ്ടിക്കാട്ടി. ഓരോ തവണ അധികാരത്തില്‍ വന്നപ്പോഴും ഇ.എം.എസ് നടപ്പാക്കിയതും ഉയര്‍ത്തിപ്പിടിച്ചതും നവോഥാനകാലത്ത് സ്ഥാപിച്ചെടുത്ത മൂല്യാധിഷ്ടിത നിലപാടുകളായിരുന്നു


മറ്റെങ്ങും കാണാത്ത വിപുലമായ മധ്യവര്ഗ്ഗമാണ് കേരളത്തിന്റെ സവിശേഷത.പണിയെടുക്കുന്നവര്‍ക്ക് അന്തസായ ജീവിതം ലഭിച്ചു എന്നതാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനുള്ള നേട്ടം. തമിഴ്നാട്ടിലേയോകര്‍ണാടകത്തിലേയോ തൊഴിലാളികളെ പോലെയല്ല കേരളത്തിലെ തൊഴിലാളി. മാന്യമായി വസ്ത്രം ധരിക്കുന്ന,പാര്‍പ്പിടമുള്ള , കുട്ടികളെ പഠിപ്പിക്കുന്ന അന്തസാര്‍ന്ന ജീവിതമാണവന്റേത്. മറ്റു പ്രദേശങ്ങളിലെസാധാരണക്കാരെ അപേക്ഷിച്ച് കേരളീയര്‍ക്ക് ഇങ്ങിനെ ഒരു ജീവിതം ലഭിച്ചത് അവരുടെ കയ്യിലേക്ക് അതിനുവേണ്ട പണം വന്നുചേര്‍ന്നതിനാലാണ്. മറുനാട്ടില്‍ പോയി അയച്ചുതരുന്നതും സര്ക്കാര് ജോലിയിലൂടെ ശമ്പളമായികിട്ടുന്നതും നാണ്യവിളകളുടെ വിലയിലൂടെ ലഭിക്കുന്നതുമാണ് ഈ പണം. പിന്നെ എത്രയോ സമരങ്ങളിലൂടെ നാം നേടിയെടുത്ത ഉയര്‍ന്ന കൂലിനിരക്കും. എന്തുകൊണ്ടാണ് മറ്റു സംസ്ഥാനക്കാര്‍ക്ക് ഇത്തരം വഴികളിലൂടെപണം കിട്ടാത്തത് ? മലയാളികള്‍ മറുനാട്ടില്‍ പോകാനും ഇവിടെ സര്‍ക്കാര്‍ ജോലി സമ്പാദിക്കാനും കഴിയുന്നത്‌ അവര്ക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചതിനാലാണ്. ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസനിയമമാണ് അതിന്റെ അടിസ്ഥാന കാരണം. കര്‍ഷകന് നാണ്യവിളകള്‍ കൃഷിചെയ്യാന്‍ സാധിക്കുന്നത് അവന് സ്വന്തമായി ഭൂമി കിട്ടിയതുകൊണ്ടാണ്. അതാകട്ടെ ഭൂപരിഷ്ക്കരണത്തിന്റെ ഫലമാണ്‌. കേരളീയരുടെ അന്തസായജീവിതത്തിന്റെ വേരിന് തുടക്കമിട്ടത് ഇ.എം.എസ് ഗവണ്‍മെന്റാണ്.



തറവാട് ഭാഗിച്ചപ്പോള്‍ തന്റെ ഓഹരിയായി ലഭിച്ച ഭൂസ്വത്ത് വിറ്റുകിട്ടിയ ധനമത്രയും തന്റെ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത ഇ.എം.എസ് പത്രമാസികകള്‍ക്ക് ലേഖനമെഴുതിയതിന് ലഭിച്ചിരുന്ന റോയല്‍റ്റി കൂടിപ്രസ്ഥാനത്തിന് നല്‍കി. തന്റെ സമ്പത്തും ബുദ്ധിയും കര്‍മ്മശക്തിയുമെല്ലാം പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ സമര്‍പ്പിച്ച ഇ.എം.എസ്സിന് തുല്യനായ ഒരാളെ ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില കണ്ടെത്താന്‍ കഴിയില്ല.


കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം സാഹിത്യത്തിലും ചിന്തയിലും ചരിത്ര രാചനയിലും കമ്മ്യൂണിസ്റ്റ് രീതികള്‍ പിന്തുടരുകയും അതിന് നിര്‍ണ്ണായകമായ ഇടംനേടിക്കൊടുക്കുകയും ചെയ്തു. ചരിത്രമെന്നത് സവര്ന്നന്റെയും രാജാക്കന്മാരുടെയും ജീവചരിത്രം മാത്രമല്ലെന്നും കീഴാളാനും അടിച്ചമര്‍ത്തപ്പെടുന്നവനും ചരിത്ര നിര്‍മ്മിതിയില്‍ സ്ഥാനമുണ്ടെന്നും ഇ.എം.എസ് ഉറക്കെപറഞ്ഞു. സാഹിത്യം സമൂഹ നന്മക്ക് വേണ്ടിയാകണമെന്ന് വിശ്വസിച്ചയാളായിരുന്നു അദ്ധേഹം. അദ്ധേഹത്തിന്റെ 'ആത്മകഥ ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കദമി അവര്‍ഡ് ലഭിച്ചു. മലയാളത്തിലെ മാര്‍ക്സിയന്‍ വിമര്‍ശനത്തിന് കരുത്തുപകര്‍ന്നത് ഇ.എം.എസ്സിന്റെ കൃതികളാണ്.



തന്റെ ദര്‍ശനത്തെ അദ്ദേഹം തന്റെ കര്‍മ്മായുധമാക്കി. ഈ ലോകത്തെ വ്യാഖ്യാനിച്ചാല്‍ പോര ലോകത്തെ മാറ്റിമറിക്കുകയാണ് വേണ്ടത്. വ്യാക്യണം വചനത്തില്‍ മാത്രമല്ല കര്‍മ്മത്തില്‍ കൊണ്ടുവരികയുംനവലോകനിര്‍മ്മിതിക്കുവേണ്ടി തന്റെ ദര്‍ശനത്തെ ഉപയോഗിക്കുകയും ചെയ്ത മഹാനാണ് ഇ.എം.എസ്. അദ്ധേഹത്തിന്റെ ശരീരത്തിലെ രക്തം കട്ടപിടിച്ചു പോയെങ്കിലും ആ സമയത്തും അദ്ദേഹം ഏതൊരു മഷിക്കുപ്പിയില്‍ തന്റെ തൂലിക മുക്കിയിരുന്നുവോ ആ മഷി വറ്റിയിരുന്നില്ല. കട്ടപിടിച്ചിരുന്നില്ല.അത് അദ്ധേഹത്തിന്റെ മരണാനന്തര കര്‍മ്മധാരയെ കാണിച്ചുതരുന്നു. സ്വന്തമായതെല്ലാം ത്യജിച്ച് കടന്നുപോയവരെ ഇന്ത്യ സന്യാസി എന്ന്വിളിച്ചപ്പോള്‍ യൂറോപ്പ് അവരെ കമ്മ്യൂണിസ്റ്റ് എന്നുവിളിച്ചു. മൂന്നു കഷ്ണങ്ങളായി കിടന്നിരുന്ന മലയാളിയുടെ മാതൃഭൂമിയെ യോജിപ്പിച്ച് മലയാളിക്ക് കൈരളി എന്ന ഒരമ്മയെ നല്‍കിയത് ഇ.എം.എസ്സായിരുന്നു.അതുകൊണ്ടാണ് ഐക്യകേരളം പിറവിയെടുത്തപ്പോള്‍ കൈരളി തന്റെ സിംഹാസനത്തില്‍ ഇ.എം.എസ്സിനെ ഇരുത്തിയത്.


ചങ്ങലമാത്രം കൈമുതലായ പട്ടിണിയും നിരക്ഷരരുമായ കോടിക്കണക്കിനു പേരെ അന്വേഷിച്ചുപോയ ആളാണു ഗാന്ധിജി. മുന്‍പില്‍ കാണുന്നതിനെ നിഷേധിച്ചുകൊണ്ട് ഇതല്ല ഇന്ത്യ എന്ന് വിശ്വസിച്ചുകൊണ്ട് അകലെഎവിടെയോ ഉള്ള ദരിദ്രരുടെ ഭാരതം തേടിപ്പോവുകയായിരുന്നു തൊഴിലാളിവര്ഗ്ഗതിന്റെ ദത്തുപുത്രനായ ഇ.എം.എസ്സും ചെയ്തത്.


കാലഘട്ടത്തെ തന്നോടൊപ്പം നടത്തിയ, സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും താത്വികാചാര്യനും നവകേരള ശില്പ്പിയുമായ ഇ.എം.എസ്സ് 1998 മാര്‍ച്ച് 19 ന്ലോകത്തോട്‌ വിടപറഞ്ഞു. മരണത്തിനു ശേഷവും അദ്ധേഹത്തിന്റെ ദര്‍ശനങ്ങള്‍ ഇന്നും മരിക്കാതെ നിലനില്ക്കുന്നു.


തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ എന്നീ മൂന്നു കഷ്ണങ്ങളായി കിടന്നിരുന്ന മലയാളനടിനെ കേരളമെന്ന ഒരമ്മയായി മലയാളിക്ക് നല്‍കിയ ഇ.എം.എസ്സ് കേരളം ഉള്ളിടത്തോളം കാലം മലയാളികളുടെ മനസ്സില്‍ അണയാത്തനക്ഷത്രമായി നിലനില്ക്കും. തന്റെ ജീവിതം പോരാട്ടമാക്കിമാറ്റിയ ആ ധീര വിപ്ലവകാരിയുടെ ജ്വലിക്കുന്ന സ്മരണക്കുമുന്‍പില്‍ ഒരുപിടി രക്തപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്നു.